കൊല്ലം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്റെ മൃതദേഹത്തിന് മുന്നില്‍ വെച്ചും പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസും സിപിഎമ്മും. കെവിന്റെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍ഡിഒയുടെയോ കളക്ടറുടെയോ സാന്നിധ്യത്തില്‍ നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ തന്നെ ഇന്‍ക്വസ്റ്റ് നടത്തണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. ഇരു പാര്‍ട്ടികളും അവരുടെ ആവശ്യം ഉന്നയിച്ച് വാക്കേറ്റം ആരംഭിക്കുകയും പിന്നീട് അത് സംഘര്‍ഷത്തിലേക്ക് നയിക്കുകയുമായിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുക. പുനലൂരിന് പത്ത് കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച കെവിന്റെ മൃതദേഹം രാവിലെ മുതല്‍ തോട്ടുവക്കില്‍ കിടത്തിയിരിക്കുകയാണ്. കനത്ത മഴയും പ്രദേശത്തുണ്ട്. എന്നിട്ടും മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല.
ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. സാമ്പത്തികമായുള്ള പിന്നോക്കാവസ്ഥയും പിന്നോക്ക ജാതി ആയതിനാലുള്ള ദുരഭിമാനവുമാണ് നീനുവിന്റെ കുടുംബക്കാരെ കെവിന്റെ കൊലയിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു.
Post Your Comments