ന്യൂഡല്‍ഹി: സിസേറിയന്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റില്‍ ഇതുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കിയിരുന്നു. ആയുഷ്മാന്‍ ഭാരത്- ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം(എന്‍എച്ച്പിഎം) സ്വകാര്യ ആശുപത്രിയില്‍ വച്ച് സിസേറിയന്‍ നടത്തണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള അനുമതി വേണം. പദ്ധതി നടപ്പിലാകുന്നതോടെ സാധാരണ രീതിയിലുള്ള പ്രസവം രാജ്യത്ത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ദേശീയ ആരോഗ്യ പദ്ധതിയുടെ കീഴിലായി 50 കോടി ജനങ്ങളാണുള്ളത്. ഇത് പ്രകാരം ചികിത്സാ ആനുകൂല്യം ലഭിക്കണമെങ്കില്‍ പ്രസവം കഴിയുന്നതും സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ നടത്തണം. വേണ്ട സൗകര്യം ലഭിക്കാതെ വരുന്ന അവസരങ്ങളില്‍ സ്വകാര്യ ആശുപത്രികളിലേക്ക് മാറാം. 9000 രൂപയാണ് ചികിത്സയുമായി ബന്ധപ്പെട്ടുള്ള ആനുകൂല്യത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള ആനുകൂല്യം സാധാരണ രീതിയിലുളള പ്രസവത്തിന് ലഭിക്കില്ല. സ്വകാര്യ ആശുപത്രികള്‍ സിസേറിയന്‍ നടത്തുന്നത് പതിവായിയിരിക്കുകയാണെന്നും ഇത് വര്‍ധിച്ച് വരുന്നതായി ശ്രദ്ധയില്‍പെട്ടെന്നും എന്‍എച്ച്പിഎം വ്യക്തമാക്കി.
Post Your Comments