തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദം ഉണ്ടാക്കിയ സംഭവമായിരുന്നു സുഹൃത്തായ പെണ്‍കുട്ടിയെ ആലിംഗനം ചെയ്തതും തുടര്‍ന്ന് ആണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയതും. ആലിംഗനം ചെയ്തതിന്റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയ ആണ്‍കുട്ടിയ്ക്ക് സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം. സുഹൃത്തായ പെണ്‍കുട്ടിയെ ആലിംഗനം ചെയ്തതിന് സ്കൂളില്‍ നിന്ന് പുറത്താക്കിയ 17കാരനാണ് പ്ലസ് ടു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. തിരുവനന്തപുരം സ്വദേശിയും, സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുമായിരുന്ന ആണ്‍കുട്ടിയാണ് 91.2% മാര്‍ക്കോടെ പ്ലസ് ടു പരീക്ഷയില്‍ വിജയം നേടിയിരിക്കുന്നത്.
ഇംഗ്ലീഷില്‍ 87, ഇക്കണോമിക്സ് 99, ബിസിനസ് സ്റ്റഡീസ് 90, അക്കൗണ്ടന്‍സി 88, സൈക്കോളജി 92 എന്നിങ്ങനെയാണ് 17കാരന് പ്ലസ്ടു പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്. മതിയായ ക്ലാസുകള്‍ ലഭിക്കാതെയാണ് മകന് പരീക്ഷ എഴുതി വിജയം നേടിയതെന്നും, മകനും പെണ്‍കുട്ടിക്കുമെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും വിദ്യാര്‍ത്ഥിയുടെ പിതാവ് എന്‍ഡിടിവിയോട് പറഞ്ഞു. പെണ്‍സുഹൃത്തിനെ ആലിംഗനം ചെയ്തതിന്റെ പേരിലാണ് 17കാരനെയും പെണ്‍കുട്ടിയെയും അധികൃതര്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയത്.
കലോത്സവത്തില്‍ വിജയിച്ച പെണ്‍സുഹൃത്തിനെ 17കാരന് ആലിംഗനം ചെയ്തതോടെയാണ് സെന്റ് തോമസ് സ്കൂളിലെ വിവാദം ആരംഭിക്കുന്നത്. മോശമായ രീതിയില്‍ പരസ്യമായി ആലിംഗനം ചെയ്തെന്ന് കാണിച്ച് ഇരുവരെയും സ്കൂളില്‍ നിന്ന് പുറത്താക്കി. ഇതോടെ ആണ്‍കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനെ സമീപിക്കുകയും അനുകൂലമായ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. പക്ഷേ, ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്നായിരുന്നു സ്കൂള്‍ അധികൃതരുടെ നിലപാട്.
Post Your Comments