International

ഗില്‍ഗിത്ത് -ബാള്‍ട്ടിസ്ഥാന്‍ ഉത്തരവ് : പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം

പെഷവാര്‍ : പാക് അധീന കശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ഗില്‍ഗിത്-ബല്‍തിസ്താന്‍ മേഖലയില്‍ സംഘര്‍ഷം. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.ഗില്‍ഗിത്-ബല്‍തിസ്താന്‍ മേഖലയെ പ്രവിശ്യയായി പ്രഖ്യാപിച്ച ഉത്തരവിനെതിരെയാണ് പ്രക്ഷോഭകര്‍ രംഗത്തുവന്നത്. 2018 മേയ് 21ന് കൊണ്ടുവന്ന ഉത്തരവിലൂടെ മേഖലയുടെ കൂടുതല്‍ അധികാരം പ്രാദേശിക കൗണ്‍സിലില്‍നിന്ന് പാക് പ്രധാനമന്ത്രി ശാഹിദ് അബ്ബാസി പിടിച്ചെടുത്തിരുന്നു.

ഉത്തരവുപ്രകാരം ഗില്‍ഗിത്-ബല്‍തിസ്താന്‍ മേഖലയെ അഞ്ചാമത് പ്രവിശ്യയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. പാകിസ്ഥാനിലെ പൗരസംഘടനകളും ഉത്തരവിനെ വിമര്‍ശിച്ചിരുന്നു.
ഷെല്ലാക്രമണത്തിലൂടെയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയതെന്ന് പാക് പത്രമായ എക്‌സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയുടെ ഭരണഘടനാപരമായ അവകാശത്തിനുവേണ്ടിയാണ് പ്രക്ഷോഭം.

പ്രാദേശിക രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തിനിറങ്ങി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറുമുള്ള മേഖലയാണ് 85,793 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗില്‍ഗിത്-ബല്‍തിസ്താന്‍. പ്രവിശ്യയാകുന്നതോടെ അവരുടെ സ്വയംഭരണാവകാശം റദ്ദാകും. നിലവില്‍ ബലൂചിസ്താന്‍, ഖൈബര്‍ പക്തൂന്‍ഖ്വ, പഞ്ചാബ്, സിന്ധ് മേഖലകള്‍ക്കാണ് പാകിസ്ഥാനില്‍ പ്രവിശ്യ പദവിയുള്ളത്.

അതേസമയം ഗില്‍ഗിത്-ബല്‍തിസ്താന്‍ ഉത്തരവുമായി ബന്ധപ്പെട്ട് ഇന്ത്യ, പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈകമീഷണര്‍ സയ്ദ് ഹൈദര്‍ ഷായെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പാകിസ്ഥാന്‍ ബലംപ്രയോഗിച്ച് കൈയടക്കി വെച്ചിരിക്കുന്ന ഏതെങ്കിലും പ്രദേശത്തിന്റെ നിലവിലെ സ്ഥിതി മാറ്റാനുള്ള ശ്രമത്തിന് നിയമപരമായ ഒരു അടിത്തറയും ഉണ്ടാകില്ലെന്ന് ഇന്ത്യ അദ്ദേഹത്തെ അറിയിച്ചു. ഗില്‍ഗിത്^ബല്‍തിസ്താന്‍ പ്രദേശം അടങ്ങിയ ജമ്മു-കശ്മീര്‍ സംസ്ഥാനം മുഴുവന്‍ 1947 മുതല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പാക് ഡെപ്യൂട്ടി ഹൈകമീഷണറെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

പാകിസ്ഥാന്റെ ഇത്തരം ഒരു നടപടിയും അംഗീകരിക്കില്ലെന്നും നിയമവിരുദ്ധമായി കൈയടക്കിവെച്ച പ്രദേശങ്ങളില്‍നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക് അധിനിവിഷ്ട പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വാതന്ത്ര്യ നിഷേധവും മനുഷ്യാവകാശ ലംഘനങ്ങളും ഇത്തരം നടപടികളിലൂടെ മറച്ചുവെക്കാനില്ലെന്നും ഡെപ്യൂട്ടി ഹൈകമീഷണറെ ഇന്ത്യ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button