കടുത്ത ചൂടോടെ രാജ്യമാകമാനം ബാങ്ക് ഹോളിഡേ ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ 30 ഡിഗ്രി ചൂടിലാണ് ബാങ്ക് ഹോളിഡേ വീക്കെൻഡ് എത്തിയിരിക്കുന്നത്. മിക്കവരും മദ്യപിച്ച് മദോന്മത്തരായിട്ടാണ് കടുത്ത ചൂടിനെ നേരിടുന്നതിനായി പുറത്തേക്കിറങ്ങിയിരിക്കുന്നത്. മൂന്ന് ദിവസത്തെ ബാങ്ക് ഹോളിഡേ അവരുടെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നുമുണ്ട്. ഇന്നലെ അതിരാവിലെ ബ്ലാക്ക്പൂളിലെ തെരുവിലേക്ക് നൈറ്റ് ക്ലബുകളിൽ നിന്നും പുറത്തേക്ക് മദ്യലഹരിയിൽ വരുന്ന യുവതീയുവാക്കളുടെ ചിത്രങ്ങൾ വെളിച്ചത്ത് വന്നിരുന്നു.
ഇക്കൂട്ടത്തിൽ ഒരു സ്ത്രീ എന്തോ ഒരു വിഷയത്തെ ചൊല്ലിയുണ്ടായ വാദപ്രതിവാദത്തെ തുടർന്ന് തന്റെ വിഗ് ചെറുപ്പക്കാരന് നേരെ വലിച്ചെറിയുന്ന ചിത്രവും പുറത്ത് വന്നിരുന്നു. വരും ദിവസങ്ങളിലും ചൂട് ഉയർന്ന് നിൽക്കുമെന്ന് പ്രവചനങ്ങളുള്ളതിനാൽ ഇത്തരം ദൃശ്യങ്ങൾ വിവിധ തെരുവുകളിൽ ആവർത്തിക്കാൻ സാധ്യതയേറെയാണ്. ഈ അവസരത്തിൽ നോർത്തേൺ അയർലണ്ടിൽ മികച്ച വെയിൽ ലഭ്യമായിരുന്നു. സ്‌കോട്ട്ലൻഡിൽ റെക്കോർഡ് ബാങ്ക് ഹോളിഡേ ഊഷ്മാവായിരിക്കും അനുഭവപ്പെടുന്നത്. തെരുവുകളിലാകെ അർധനഗ്‌നരായ സുന്ദരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ മദ്യപിച്ച് ലക്കുകെട്ട് തെരുവിൽ കിടന്നുരുളുന്ന സുന്ദരിയുടെ ചിത്രം പുറത്ത് വന്നിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ ചൂട് കാലമായാൽ ബ്രിട്ടനിൽ ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്ന് ഈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു . മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ നിരവധി ചെറുപ്പക്കാരെ കൈകാര്യം ചെയ്യാനും ലഹരിയിൽ തെരുവിൽ കാലിടറി വീണവരെ വീട്ടിലെത്തിക്കാനും വിവിധ ഇടങ്ങളിൽ പൊലീസ് രംഗത്തെത്തിയിരുന്നു. നിലവിൽ നോർത്തേൺ അയർലണ്ടിൽ ബാങ്ക് ഹോളിഡേക്കുണ്ടായ ഏറ്റവും കൂടിയ ചൂട് 1978ലുണ്ടായ 25. 2 ഡിഗ്രിയാണ്. സ്ട്രാബാനെയിലായിരുന്നു അത് രേഖപ്പെടുത്തിയിരുന്നത്. ഇപ്രാവശ്യം അത് മറികടക്കുമെന്ന പ്രതീക്ഷ ശക്തമാണ്. യൂറോപ്പിൽ നിന്നുമെത്തിയ കടുത്ത അന്തരീക്ഷ മർദം ചൂടിന് പ്രധാന കാരണങ്ങളിലൊന്നായി വർത്തിക്കുമെന്നാണ് ഫോർകാസ്റ്റർമാർ പ്രവചിച്ചിരുന്നത്.
Post Your Comments