രാജ്യം ശ്രദ്ധിക്കാതെ പോയ ഒരു തിരഞ്ഞെടുപ്പാണ് പശ്ചിമ ബംഗാളിൽ കഴിഞ്ഞയാഴ്ച നടന്നത്; പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഇത്രമാത്രം ആക്ഷേപങ്ങൾക്ക് വിധേയമായ, അതേ സമയം ഇത്രയേറെ കള്ളത്തരങ്ങൾക്കും അക്രമങ്ങൾക്കും സാക്ഷിയായ മറ്റൊരു വോട്ടെടുപ്പ് അടുത്തെങ്ങും ഇന്ത്യ മഹാരാജ്യത്ത് നടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. എന്നിട്ടും അവിടെ ബിജെപി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി മാറി. ബിജെപി വോട്ടുകളിൽ വലിയ വർദ്ധനയാണുണ്ടായത്. സിപിഎമ്മിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോൾ കോൺഗ്രസ് വളരെ പിന്നിൽ നാലാമതായി. ആ കണക്കുകൾ പ്രധാനമാണ്. സിപിഎമ്മിന്റെ ശവപ്പറമ്പായി ബംഗാളും മാറിയെന്നതാണ് അത് നൽകുന്ന സൂചനകൾ. എന്നാൽ അതിലേറെ പ്രധാനപ്പെട്ടത് അവിടെ നടന്ന ജനാതിപത്യ ധ്വംസനമാണ്. എതിർക്കുന്നവരെയും അനുസരിക്കാത്തവരെയും പച്ചക്ക് കൊന്നൊടുക്കുന്ന ഒരു ശൈലിയാണ് അവിടെ തിരഞ്ഞെടുപ്പ് കാലത്ത് കണ്ടത്. അതിന് നേതൃത്വമേകിയതാവട്ടെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും. ഒന്ന് ആലോചിച്ചുനോക്കൂ, ഒരു സംസ്ഥാനത്ത് 48,660 ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 16, 846 എണ്ണം ഏകകണ്ഠമായി ആളുകളെ തിരഞ്ഞെടുക്കുന്നത് വിശ്വസിക്കാൻ കഴിയുമോ; അതും വിജയിച്ചവരെല്ലാം ഭരണകക്ഷിക്കാരാവുമ്പോൾ . സർവ്വ മേഖലകളിലും രാഷ്ട്രീയം കടന്നുചെല്ലുന്ന, രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമായിത്തീർന്നിട്ടുള്ള ബംഗാളിൽ ഇത് സംഭവിക്കുമ്പോൾ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. തീർച്ചയായും ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വലിയൊരു വെല്ലുവിളിയുടെ ചിത്രമാണ് ബംഗാളിൽ കണ്ടത്. മമത ബാനർജി ഒരു കടുത്ത ഏകാധിപതിയാവുന്നതും ഇതോടെ രാജ്യം കണ്ടു. എന്നാൽ ദൗർഭാഗ്യവശാൽ ഇന്ത്യയിലെ ‘ആധുനിക ജനാധിപധ്യവാദികൾ’ അതൊന്നും കണ്ടതായി നടിച്ചതായി തോന്നിയില്ല. ഭരണഘടനാനുസൃതമായി കർണാടകത്തിലെ ഗവർണർ ഒരു നടപടി സ്വീകരിച്ചതിന്‍റെ പേരിൽ പുരപ്പുറത്ത് കയറി ബഹളമുണ്ടാക്കിയവർ ഇക്കാര്യത്തിൽ പാലിച്ച മൗനം കാണാതെ പോകാനാവില്ലല്ലോ.
വിവിധ കക്ഷികൾ വിജയിച്ച സീറ്റുകളുടെ കണക്ക് ഇങ്ങനെയാണ്. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , പഞ്ചായത്ത് സമിതി, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ: ടിഎംസി : 20441 – 3598 -159 ; ബിജെപി : 5465 -460 -5 ; സ്വതന്ത്രർ : 1741 – 77 -2 ; ഇടതുമുന്നണി : 1615 -63 – 1 ; കോൺഗ്രസ് : 993 – 14 – 0 . ഇവിടെ സിപിഎം, അല്ല ഇടത് മുന്നണി, മൂന്നാം സ്ഥാനത്തേക്ക് എത്തിപ്പെട്ടിരിക്കുന്നു……. സ്വതന്ത്രന്മാരേക്കാൾ പിന്നിലേക്ക്. ആകെ ജില്ലാപഞ്ചായത്തിൽ അവർക്ക് കിട്ടിയത് വെറും ഒരേയൊരു സീറ്റ്. എന്തൊരു ഗതികേടാണിത് എന്ന് ചിന്തിച്ചുനോക്കൂ. ഇനി ഇതുകൂടി നോക്കുക; അവിടെ കോൺഗ്രസിന് അവർക്കുണ്ടായിരുന്ന 90 ശതമാനം സീറ്റുകളും നഷ്ടമായി. സിപിഎമ്മിന് കൈമോശം വന്നത് 70 ശതമാനം സീറ്റുകൾ . അപ്പോൾ ബിജെപിക്കുണ്ടായത് ഏതാണ്ട് പത്തിരട്ടി വർദ്ധന. ഇത് മാത്രമല്ല, പഴയകാലത്ത് മാവോവാദികളുടെ താവളമായി കാണാക്കപ്പെട്ടിരുന്ന മേഖലകളിൽ ബിജെപി കരസ്ഥമാക്കിയ തിളക്കമാർന്ന വിജയം രാഷ്ട്രീയമായി വളരെ പ്രധാനപ്പെട്ടതാണ്. ബംഗാൾ എങ്ങോട്ടാണ് പോകുന്നത് എന്നതിന് വേറെ സാക്ഷ്യപത്രമെന്തിന്.
ബംഗാളിന് വലിയ രാഷ്ട്രീയ പാരമ്പര്യമുണ്ട്. സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ ‘വന്ദേമാതര’വും മറ്റും ജന്മമെടുത്ത നാടാണ്. സാമൂഹ്യ പരിഷ്കർത്താക്കളുടെ നാടുമാണത്…… ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും മഹർഷി അരവിന്ദനും രവീന്ദ്രനാഥ ടാഗോറും ബങ്കിം ചന്ദ്ര ചാറ്റർജിയും സുഭാഷ് ചന്ദ്രബോസും ഡോ. ശ്യാമപ്രസാദ് മുഖർജിയും മുതൽ എത്രയോ പ്രഗത്ഭര്ക്ക്, മഹാന്മാർക്ക് ജന്മം നൽകിയ നാട്. സാമൂഹ്യ സാംസ്കാരിക മേഖലയിൽ ആ സംസ്ഥാനമുണ്ടാക്കിയ സ്ഥാനം അത്രവലുതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നല്ല നിലക്ക് വേരോട്ടമുണ്ടായതും അവിടെത്തന്നെയാണ്; എത്രയോ കാലം സിപിഎമ്മായി രുന്നുവല്ലോ കൊൽക്കത്തയുടെ ഭരണത്തലവന്മാർ. അവിടെയാണ് ഇന്നിപ്പോൾ വലിയ രാഷ്ട്രീയമാറ്റം ദൃശ്യമാവുന്നത്. 2011 ൽ മമത ബാനർജി മുഖ്യമന്ത്രിയാവുന്നത് മുതൽ സിപിഎമ്മിന്റെ താഴേക്കുള്ള യാത്ര തുടങ്ങിയിരുന്നു. പിന്നീടിങ്ങോട്ട് ഓരോ തിരഞ്ഞെടുപ്പിലും അവരുടെ പ്രകടനം ദയനീയമായിക്കൊണ്ടേയിരുന്നു. ഇന്നിപ്പോൾ ബിജെപിയുടെ പിന്നിലേക്ക് അവർ മാറിയിരിക്കുന്നു അല്ലെങ്കിൽ അവർ എത്തിപ്പെട്ടിരിക്കുന്നു. അതിലേറെ കാണേണ്ടത് ബിജെപി ബംഗാൾ രാഷ്ട്രീയത്തിലെ മുഖ്യ പ്രതിപക്ഷമായി തീരുന്നു എന്നതാണ്. അതാണ് കഴിഞ്ഞ വര്ഷം ആഗസ്റ്റിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കണ്ടത്. ആ ജനപിന്തുണ ആവർത്തിച്ചു പ്രകടിപ്പിക്കാൻ ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപിക്കായിരിക്കുന്നു. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ പോരാട്ടം തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലായിരിക്കുമെന്നും അവർക്കിടയിൽ മറ്റൊരു കക്ഷിക്ക് വലിയ പ്രാധാന്യമുണ്ടാവില്ല എന്നുമാണ് ഇപ്പോഴത്തെ ജനവിധി കാണിച്ചുതരുന്നത് എന്ന് പറയാമെന്ന് തോന്നുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത ടിഎംസി അല്ലാത്തവർക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ അവസരം ലഭിക്കായ്കയാണ്. പത്രിക സമർപ്പിക്കാനായി ബന്ധപ്പെട്ട റിട്ടേർണിംഗ് ഓഫിസർക്ക് മുന്നിലെത്തിയ സ്ത്രീകളെയും പ്രായമായ വരെയുമൊക്കെ പരസ്യമായി തല്ലിച്ചതക്കുന്ന അവസ്ഥയായി. കോൺഗ്രസും സിപിഎമ്മുമൊക്കെ ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാൻ പോലുമാവാത്ത അവസ്ഥയിലേക്ക് എത്തിപ്പെട്ടുകഴിഞ്ഞിരുന്നു. സംഘടനാപരമായി തന്നെ അവർ തളർന്നിരിക്കുന്നു എന്നതാണ് ഇത് കാണിക്കുന്നത്. എന്നാൽ പലയിടത്തും വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായത് ബിജെപിക്കാരാണ് . അതുകൊണ്ടുതന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം പരിക്കേൽക്കേണ്ടിവന്നത് അവർക്കാണ്. പലയിടത്തും ബിജെപിക്കാരുടെ സഹായം തേടിയെത്താൻ സിപിഎമ്മുകാർ തയ്യാറായതും ഇതിനിടയിൽ കണ്ടു…….’ നമുക്ക് ഒന്നിച്ച് നീങ്ങാം; ഒന്നിച്ചു നാമനിർദ്ദേശപത്രിക സമർപ്പിക്കാം; യോജിച്ചു പ്രചാരണം നടത്താം …..’. ഇത്തരത്തിലേക്ക് സിപിഎമ്മുകാർ എത്തുന്നതാണ് ബംഗാളിൽ കണ്ടത്. ബിജെപിയുമായി കൈകോർക്കാൻ പോയിട്ട് മുഖാമുഖം കാണുന്നത് തന്നെ വലിയ അപകടമാണ് എന്ന് പറയുന്ന സീതാറാം യെച്ചൂരിയുടെ വിശ്വസ്തരാണ് ബംഗാളിലെ സഖാക്കൾ എന്നതോർക്കുക. ഈ സഹകരണം നിവൃത്തികേടുകൊണ്ടാണ് എന്നാണ് സിപിഎം പറയുന്നത്. അതായത് അങ്ങിനെയൊരു സഖ്യമോ നീക്കുപോക്കോ ഇല്ല എന്ന് പറയാൻ ബംഗാളിലെ സിപിഎം നേതാക്കൾക്ക് കഴിയുന്നില്ല. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ സുജൻ ചക്രവർത്തി പറഞ്ഞത്, ” ചില പോക്കറ്റുകളിൽ അത് ആവശ്യമായി വന്നിട്ടുണ്ട്” എന്നാണ്. അത് നിഷേധിക്കാൻ മുതിർന്ന നേതാക്കൾക്ക് പോലും കഴിയുന്നില്ല എന്നതല്ലേ വസ്തുത.
പ്രമുഖ ബംഗാളി – ഇംഗ്ലീഷ് പത്രങ്ങൾ ഈ സിപിഎം- ബിജെപി ധാരണയെക്കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. കരിം നഗറിലെ മൊല്ലഹാദ് ഗ്രാമത്തിൽ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഎമ്മിലെ സുമിത്ര മണ്ഡലിന്റെ പ്രചാരണ നോട്ടീസിൽ പഞ്ചായത്ത് സമിതിയിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ബിജെപിക്ക് വോട്ട് ചെയ്യണം എന്നുള്ള അഭ്യര്ഥനയുമുണ്ടായിരുന്നു . ഒരേ നോട്ടീസിൽ മൂന്ന് സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർത്ഥിക്കുന്നു; അതിൽ സിപിഎമ്മും ബിജെപിയുമുണ്ട് എന്നതാണ് വസ്തുത. ബർദ്വാനിൽ നടന്ന ചില പ്രതിഷേധ റാലികളിൽ സിപിഎം- ബിജെപി പ്രവർത്തകർ ഒന്നിച്ചാണ് അണിനിരന്നത്. റാണാഘട്ടിലെ മഞ്ചേർ ഗ്രാമത്തിലെ പ്രതിഷേധത്തിനിടെ അവിടത്തെ സിപിഎമ്മിന്റെ എംഎൽഎ രാമ ബിശ്വാസും ബിജെപിക്കാരും ഒന്നിച്ചുനീങ്ങുന്ന ചിത്രങ്ങൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണ്. യഥാർഥത്തിൽ ബിജെപിക്കാർ സഹായിച്ചതുകൊണ്ടാണ് പലയിടത്തും സിപിഎമ്മുകാർക്ക് ടിഎംസിക്കാരിൽ നിന്ന് ജീവൻ രക്ഷിക്കാനായത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇത്തവണ പ്രാദേശിക സിപിഎം നേതാക്കൾ മടിച്ചിരുന്നു. ഒരു കാരണം പാർട്ടി ഇല്ലാതായി എന്നതാണ്. രണ്ടാമത്തെ കാരണം പത്രിക കൊടുത്താലും പ്രചാരണത്തിന് പണമില്ല എന്നത്; പാർട്ടിയിൽ നിന്ന് എന്തെങ്കിലുമൊക്കെ കിട്ടും എന്ന് കരുതാനാവില്ല……… പലയിടത്തും സിപിഎമ്മിന് താഴെത്തട്ടിൽ ഘടകങ്ങൾ തന്നെയില്ലാതായി. സിപിഎം ഓഫീസുകൾ ബിജെപിക്കാർക്ക് പോലും വാടകക്ക് കൊടുത്ത ചരിത്രം ബംഗാളിൽ ഉണ്ട് എന്നതുമോർക്കുക.
ബംഗാളിന്റെ പ്രാധാന്യം ലോകസഭാ തെരഞ്ഞെടുപ്പിലാണ് കാണാൻ പോകുന്നത്. 42 മണ്ഡലങ്ങളാണ് അവിടെയുള്ളത്. അതായിരുന്നു ഒരുകാലത്ത് സിപിഎമ്മിന്റെ പ്രതീക്ഷകൾ; ഈ നിലക്ക് അവർക്ക് 2019 ൽ ഒരൊറ്റ സീറ്റ് പോലും നേടാനാവും എന്ന് തോന്നുന്നില്ല. സിപിഎം പൂർണ്ണമായി തകർന്നിട്ടില്ല എന്നത് ശരിയാണ്; പക്ഷെ എഴുനേറ്റ് നില്ക്കാൻ പരസഹായം വേണ്ടുന്ന അവസ്ഥയിലാണ് അവർ. അതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാണിച്ചുതന്നത്. കോൺഗ്രസാവട്ടെ ഏതാണ്ടൊക്കെ നാമാവശേഷമായിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് സിപിഎം മത്സരിച്ചത്. അതുകൊണ്ട് കോൺഗ്രസുകാർ കുറെ സീറ്റുകൾ ജയിച്ചു; തിരിച്ച് സിപിഎമ്മിന് ഒരു നേട്ടവുമുണ്ടായില്ല. ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് സിപിഎം അന്ന് എത്തിപ്പെട്ടു. എന്നാൽ ഇപ്പോഴും ബംഗാളിലെ സിപിഎം വാദിക്കുന്നത് ആ നാട്ടിൽനിന്ന് ഏതാണ്ടൊക്കെ നാമാവശേഷമായ കോൺഗ്രസുമായി സഖ്യം വേണമെന്നാണ്. ഇക്കഴിഞ്ഞ ഹൈദരാബാദ് പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയപ്രമേയം സംബന്ധിച്ച ചർച്ചകൾ നാം ഓർക്കുന്നുണ്ടാവുമല്ലോ. അങ്ങിനെയാണ് അവർ ബിജെപിയെ തോൽപ്പിക്കാൻ നീക്കുപോക്കാവാം എന്നൊക്കെ തീരുമാനിച്ചത്. പക്ഷെ ഇന്നിപ്പോൾ കോൺഗ്രസുമായി കൈകോർത്താലും ബംഗാളിൽ പച്ചതൊടാനാവില്ല എന്നതായിരിക്കുന്നു അവസ്ഥ. ഇനി എന്താണവർ ചെയ്യുക എന്നത് നോക്കിയിരുന്നു കാണേണ്ടിയിരിക്കുന്നു. രണ്ട് പോംവഴികളാണ് മുന്നിലുള്ളത്. ഒന്ന്: ബിജെപിയുമായി സഹകരിക്കുക; അതിന് ബിജെപി തയ്യാറാവണം എന്നത് വേറെ കാര്യം. അങ്ങിനെ ബിജെപി സമ്മതിച്ചാൽ ബംഗാൾ സിപിഎമ്മിലെ യെച്ചൂരിയുടെ വിശ്വസ്തർ നാളെ പിടിച്ചുനിൽക്കാനായി ബിജെപിയുമായി സഹകരിക്കണം എന്നും അതിന് അനുമതി വേണമെന്നും പറയാൻ തുടങ്ങാം. എന്തൊക്കെയായാലും ജീവൻ നിലനിർത്തുക, ജീവൻ സംരക്ഷിക്കുക എന്നതാണല്ലോ പ്രധാനം; അതിന് ബിജെപിയുടെ സഹായം നല്ലതാണ് എന്ന് പ്രാദേശികമായി സഖാക്കൾ തിരിച്ചറിഞ്ഞുതുടങ്ങി……. അത് മേൽത്തട്ടിൽ ഇനി പറഞ്ഞുതുടങ്ങുമെന്ന് തന്നെവേണം കരുതാൻ.അതല്ലെങ്കിൽ സിപിഎമ്മിന് ബംഗാളിൽ ചെയ്യാവുന്നത് കേന്ദ്രത്തിൽ ബിജെപി വിരുദ്ധ പക്ഷത്തിന് വോട്ട് ചെയ്യുമെന്ന് പറയുന്ന മമത ബാനർജിക്ക് ജയ് വിളിക്കലാണ്. അതായത് തങ്ങളെ അവിടെ കുഴിച്ചുമൂടിയ, നശിപ്പിച്ച ആ രാഷ്ട്രീയനേതാവിന് മുന്നിൽ കീഴടങ്ങുക എന്നത്. ഒരർഥത്തിൽ അതൊരു ആത്മഹത്യയാണ്. കഴിഞ്ഞദിവസം ബാംഗ്ലൂരിൽ കുമാരസ്വാമി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മമതയും യെച്ചൂരിയും ഹസ്തദാനം നടത്തുന്നത് ലോകം കണ്ടു. അത് ചെറിയകാര്യമല്ല; ബിജെപി വിരോധത്തിന്റെ പേരിൽ ഇനി ജനാധിപത്യത്തെ കശാപ്പ് ചെയ്തു എന്ന് ഇന്നലെവരെ ബംഗാൾ സഖാക്കൾ ആക്ഷേപിച്ച മമതയെ സിപിഎം തലയിലേറ്റുമോ?. ബിജെപിയെ തോൽപ്പിക്കലാണോ അതോആത്മഹത്യയാണോ നല്ലതെന്നാവും ബംഗാളിലെ സഖാക്കൾക്ക് തീരുമാനിക്കേണ്ടിവരിക.കാത്തിരിക്കുക, അത്തരമൊരു വെളിപാടിന് വേണ്ടി ….. ഒരു പുതിയ ‘അടവ് നയ’തിനായിട്ട് . അവിടെ സിപിഎമ്മും കോൺഗ്രസും മമ്തയുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നത്, സംശയമില്ല, ബിജെപിക്ക് ഗുണകരമാവും. അതാണ് ബിജെപി യഥാർഥത്തിൽ ആഗ്രഹിക്കുന്നതും. ഇപ്പോൾ തന്നെ രണ്ടാമത്തെ കക്ഷിയായി ബിജെപി മാറിയത് ഓർമ്മിക്കുക.
കാലിയായ ഖജനാവുമായി കോണ്‍ഗ്രസ് വിഷമവൃത്തത്തില്‍: തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ പാര്‍ട്ടിയെ കോര്‍പ്പറേറ്റുകളില്‍ നിന്നകറ്റി- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ് എഴുതുന്നു
Post Your Comments