തോമസ് ചെറിയാന്‍. കെ
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം ദിവസം ചെല്ലും തോറും വര്‍ധിച്ചു വരുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. എന്താണ് ഇതിനു കാരണം. പരിഹാരമില്ലാത്ത പ്രശ്‌നമായി ഇത് ഇനിയും തുടരുമോ ? ശക്തമായ നിയമമില്ലാത്തതാണോ ഇതിനു കാരണം തുടങ്ങി നൂറുകൂട്ടം ചോദ്യങ്ങളാണ് ഈ അവസരത്തില്‍ ഉയരുന്നത്. കുഞ്ഞുങ്ങളെ വീടിന് പുറത്തിറക്കുന്ന സമയം മുതല്‍ ആധിയാണ് ഓരോ മാതാപിതാക്കളുടെയും ഉള്ളില്‍. അത് പണ്ടു മുതലേ നാം കേട്ട് മനസിലാക്കിയ കാര്യമാണ്.
എന്നാല്‍ ഇന്ന് വീടിനുള്ളിലും അവര്‍ സുരക്ഷിതരാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ജനഹൃദയങ്ങളെ പിടിച്ചുലച്ച സംഭവങ്ങളാണ് നമ്മുടെ നാട്ടില്‍ അരങ്ങേറിയത്. ലൈംഗികമായി പീഡിപ്പിച്ച് നമ്മുടെ പൈതങ്ങളെ കൊന്നു തള്ളിയ സംഭവങ്ങള്‍ തുടര്‍ച്ചയായി നാം കേട്ടിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഒന്ന് ഓടാനോ അലറിക്കരയാനോ ഇടം നല്‍കാതെ അവരെ മരണത്തിലേക്ക് തള്ളിവിട്ട നരാധന്മാര്‍ക്ക് ഭയമുളവാക്കും വിധം ശക്തമായ നിയമം ഇവിടെ ഇല്ലേ?. ജനിച്ചു വീണ് മാസങ്ങള്‍ മാത്രം തികയുന്ന കുഞ്ഞുങ്ങളടക്കം ലൈംഗിക പീഡനത്തിനിരയാകുന്ന സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നാം ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതല്ലേ?
തിരക്കേറിയ ജീവിതത്തിനിടെ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ് കുട്ടികളെ ഇത്തരം പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്ന ഒരു ഘടകം. വീട്ടില്‍ നിന്നും ആരംഭിക്കുന്ന മുന്‍കരുതലുകളില്‍ തുടങ്ങാം ഇവരുടെ സുരക്ഷ. കുട്ടികള്‍ മറ്റുള്ളവരുമായി ഇടപഴകാന്‍ തുടങ്ങുന്ന സമയം മുതല്‍ തന്നെ അവരുടെ ശരീരത്തില്‍ അമിതമായി സ്പര്‍ശിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് അവരെ ഓര്‍മ്മിപ്പിക്കുക. സ്പര്‍ശനങ്ങള്‍ പലരീതിയിലുണ്ടെന്നും സ്വകാര്യ ഭാഗങ്ങള്‍ എന്തെന്നും അതില്‍ സ്പര്‍ശിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അവരെ പറഞ്ഞ് പഠിപ്പിക്കുക. എന്തും തുറന്ന് പറയാനുള്ള ധൈര്യം അവരിലേക്ക് കൊടുക്കുക. മാതാപിതാക്കള്‍ മക്കളോടൊത്ത് തുറന്ന് സംസാരിക്കുന്ന ശീലത്തിലേക്ക് അവരെ എത്തിക്കുക.
സ്‌കൂളില്‍ പോകുമ്പോള്‍ അധ്യാപകരോടും നന്നായി സംസാരിക്കാനും ഇടപഴകാനും കഴിയുന്ന സാഹചര്യം സ്‌കൂളുകളിലുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം. മാസങ്ങളോളം ലൈംഗിക ചൂഷണത്തിന് ഇരയായിട്ടും പലപ്പോഴും അത് കുഞ്ഞുങ്ങള്‍ക്ക് തുറന്ന് പറയാന്‍ സാധിക്കാതിരുന്നത് ഇക്കാര്യങ്ങള്‍ ഞാന്‍ എങ്ങനെ തുറന്ന് പറയുമെന്നുള്ള ഭയമാണ് എന്നതില്‍ സംശയമില്ല. ചെറു പ്രായത്തില്‍ തന്നെ സ്വകാര്യ ഭാഗങ്ങള്‍ സംരക്ഷിക്കുന്നതിന്‌റെ പ്രാധാനം കുഞ്ഞുങ്ങളെ പറഞ്ഞ് പഠിപ്പിക്കുക. പ്രായത്തിനൊത്ത് പല കാര്യങ്ങളും അവര്‍ക്ക് പറഞ്ഞു കൊടുക്കുക. ലൈംഗികതയെ കുറിച്ച് അറിയേണ്ട പ്രായത്തില്‍ അത് പറഞ്ഞു കൊടുക്കുകയുമാകാം. ഇതിനെല്ലാം ആദ്യം വേണ്ടത് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുമായി തുറന്ന് സംസാരിക്കുക എന്നതാണ്.
ഇനി ശ്രദ്ധിക്കേണ്ട മറ്റൊന്ന് , നിയമപരമായ വസ്തുതകളാണ്. കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമങ്ങളെപറ്റിയും ആ നിയമം അനുശാസിക്കുന്ന രീതിയില്‍ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും മുന്‍ കരുതലുകള്‍ എടുക്കണമെന്നും നാം മനസിലാക്കണം. അത് കൃത്യമായി മനസിലാക്കിയാല്‍ തന്നെ നമുക്ക് വേണ്ട മുന്‍കരുതലുകള്‍ കൃത്യമായി കൈകൊള്ളാന്‍ സാധിയ്ക്കും. കുഞ്ഞുങ്ങള്‍ അവര്‍ ചെലവഴിക്കുന്ന സ്ഥലങ്ങളില്‍ സ്വയം സുരക്ഷിതരാകും വിധം അവരെ പ്രാപ്തരാക്കുവാനും മേല്‍ പറഞ്ഞ സംഗതികള്‍ ഏറെ സഹായകരമാകും. കുഞ്ഞുങ്ങള്‍ക്ക് നേരെ ഇനി ഒരാക്രമണവും ഉണ്ടാകാത്ത വിധം ശക്തമായ പ്രതിരോധം നാം തീര്‍ക്കണം.
നിയമ വ്യവസ്ഥകള്‍ ശക്തമാകുന്നതും മറ്റൊരു പ്രധാന സംഗതിയാണ്. അറേബ്യന്‍ നാടുകളില്‍ ഇത്തരം ചൂഷണങ്ങളുടെ കഥകള്‍ കുറവാണ്. കാരണം അവിടെയുള്ള നിയമവും അത് നടപ്പിലാക്കുന്ന രീതിയും ഏവര്‍ക്കും ഒരു പാഠമായി തന്നെ നില്‍ക്കുന്ന ഒന്നാണ്. ഇന്ത്യയില്‍ എന്താണ് ഇത്തരത്തില്‍ ഒരു ശക്തമായ നിയമ വ്യവസ്ഥയില്ലാത്തത് എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ അതിനുള്ള മികച്ച മറുപടിയായിരുന്നു പോക്‌സോ നിയമത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കരണം. ലൈംഗിക ചൂഷണങ്ങള്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്തുന്നത് മുതല്‍ തന്നെ നിയമത്തോടുള്ള ഭയം ഇത്തരം നരാധമന്മാര്‍ക്ക് ഉള്ളില്‍ ഉദിയ്ക്കുമെന്നതില്‍ സംശയമില്ല. വരും ദിനങ്ങളിലെങ്കിലും നമ്മുടെ രാജ്യത്ത് കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ കുറയട്ടെ. ശക്തമായ നിയമത്തിന്‌റെ ബലമുള്ള അടിത്തറ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തട്ടെ. മുന്‍കരുതലാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന് മനസലാക്കി നമ്മുടെ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ നമുക്ക് സാധിക്കട്ടെ.
Post Your Comments