ശിവാനി ശേഖര്‍
മതേതര ഇന്ത്യയുടെ പൊതുസ്വത്തായി ഓരോ ഭാരതീയനും അഭിമാനിക്കുന്ന നമ്മുടെ പൈതൃകങ്ങളിലൊന്നാണ് “താജ്മഹൽ”! ഇന്ത്യയുടെ പ്രശസ്തി ആഗോളതലങ്ങി ളെത്തിച്ചതിന് ഈ ചരിത്രസ്മാരകത്തിന് വളരെ വലിയ പങ്കുണ്ട്! എന്നാൽ ഇന്ന് ‘ഉത്തർപ്രദേശിലെ സുന്നി വഖ്ഫ് ബോർഡിന്റെയും, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും നിയമപോരാട്ടങ്ങളിൽ വെണ്ണക്കൽ മഹലിന്റെ ഒളി മങ്ങിത്തുടങ്ങിയിരിക്കുന്നു!! മതേതര ഇന്ത്യയുടെ പ്രതീകം എന്നു തന്നെ പറയാവുന്ന മനോഹര ശില്പസൗന്ദര്യം ഒരു പ്രത്യേക സമുദായത്തിന്റെയോ, അല്ലെങ്കിൽ ഒരു വിഭാഗം ജനങ്ങളുടെയോ മാത്രം വികാരമല്ല! അതു കൊണ്ട് തന്നെ പ്രത്യേക ബോർഡിന്റെ സംരക്ഷണം വേണമെന്നു പറയുന്ന യുക്തിയോട് യോജിക്കാനാകുന്നില്ല.
താജ്മഹലിന്റെ അവകാശത്തർക്കങ്ങളിലേയ്ക്ക് പുതിയൊരു വിഭാഗം കൂടി കടക്കാനൊരുങ്ങുന്നു! ശീഇ/ഷിയ മുസ്ലിം വഖ്ഫ് ബോർഡാണ് പുതിയ പ്രഖ്യാപനവുമായി വന്നിരിക്കുന്നത്! മുഗൾ ചക്രവർത്തി ഷാജഹാൻ സുന്നി മുസ്ലിം ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രിയ പത്നി ‘മുംതാസ്’ ഷിയ മുസ്ലീമായിരുന്നുവെന്നും അതിനാൽ താജ്മഹൽ വഖ്ഫ് സ്വത്തായി പ്രഖ്യാപിച്ചാൽ അധികാരം ഷിയ വഖഫ് ബോർഡിനായിരിക്കണമെന്നുമാണ് പുതിയ അവകാശ വാദം! ഇതിനിടെ ഹൈദരാബാദ് സ്വദേശിയായ യാക്കൂബ് ഹബീബുദ്ദിൻ എന്നയാൾ താൻ ഷാജഹാന്റെ വംശത്തിലെ പിൻതുടർച്ചക്കാരനാണെന്നും, രാജകുമാരനാ ണെന്നുമൊക്കെ പറഞ്ഞു കൊണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്! കാത്തിരുന്നു കാണേണ്ട തമാശകൾ തന്നെ!!!
1998ൽ “ഇർഫാൻ ബേദർ””എന്ന ബിസിനസുകാരനാണ് താജ്മഹൽ വഖഫ് സ്വത്താണെന്നും തന്നെ അതിന്റെ നോട്ടക്കാരനായി (Muttawali) നിയമിക്കണമെന്നുമുള്ള ആവശ്യവുമായി ആദ്യമായി ഉത്തർപ്രദേശ് വഖഫ് ബോർഡിനെ സമീപിക്കുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്ന താജ്മഹലിന്റെ അവകാശത്തെ സംബന്ധിച്ചുള്ള തർക്കങ്ങൾ പിന്നീട് സുപ്രീംകോടതിയിലെത്തുകയും ചെയ്തു.
കേസിൽ കഴിഞ്ഞ മാസം സുപ്രീംകോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾ കേട്ട് കോടതി വഖ്ഫ് ബോർഡിനോട് ഷാജഹാൻ ഒപ്പിട്ട ‘വഖ്ഫ് നാമ’ ചോദിച്ചത് വലിയ വാർത്തയായിരുന്നു!! ഷാജഹാൻ തന്റെ പ്രിയപത്നിയ്ക്കായി ഇങ്ങനെയൊരു ശവകുടീരം നിർമ്മിക്കുന്ന സമയത്ത് വഖ്ഫ്നാമയോ, വഖ്ഫ്ബോർഡോ ഉണ്ടായിരുന്നില്ല! ഈസ്റ്റ് ഇന്ത്യാ കമ്പനി അധികാരം പിടിച്ചടുക്കിയതിനു ശേഷം ഏകദേശം 200 വർഷക്കാലം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈവശമായിരുന്നു താജ്മഹൽ! അതിനു ശേഷം കേന്ദ്രഗവൺമെന്റിന്റെ ഉടമസ്ഥതയിലായി! ജനാധിപത്യ ഭരണസംവിധാനമാണ് ഒരു രാജ്യത്തെ ഭരിക്കുന്ന സർക്കാരുകൾ! അതായത് പൊതുസ്വത്തിനും ജീവനും സംരക്ഷണം നല്കുന്നവർ!! അപ്പോൾ അവിടെയുള്ള പൈതൃകസ്വത്തുക്കൾ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയല്ലേ???
ഇസ്ലാമിക നിയമമനുസരിച്ച് ‘വഖ്ഫ് /ട്രസ്റ്റ്’ ആയി അംഗീകരിക്കുന്നതെന്തും ദൈവത്തിന്റെ സ്വന്തമാണ്. പൊതുജനസേവനത്തിനായോ, മതപരമായ പ്രവർത്തനങ്ങൾക്കു വേണ്ടിയോ, സാമൂഹ്യസേവനങ്ങൾക്കായോ ‘വഖഫ്’ ആയി സ്വത്ത് നല്കുന്നയാൾക്കോ, നോക്കി നടത്തുന്നയാൾക്കോ യാതൊരു വിധ അവകാശങ്ങളുമുണ്ടായിരിക്കില്ല! വഖ്ഫ് രണ്ടു തരത്തിലുണ്ട്; പബ്ലിക് വഖഫ്,വഖ്ഫുൽ ഔലാദ് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു!! കുടുംബാംഗങ്ങൾക്കും അവരുടെ അവകശികൾക്കും വേണ്ടിയുള്ളതാണ് ‘വഖ്ഫുൽ ഔലാദ്’ ! ഇസ്ലാമിക നിയമമനുസരിച്ച് മതപരമായ ചടങ്ങുകൾ നടത്തുന്നതെന്തും (പള്ളികൾ,ദർഗകൾ, ശവകുടീരങ്ങൾ) വഖ്ഫ് ബോർഡിന്റെ അധികാരപരിധിയിൽ വരുന്നതാണ്!”” Waqf by user” എന്ന പ്രത്യേക നിയമമുപയോഗിച്ചാണ് യു.പി സുന്നി ബോർഡ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.. താജ്മഹലിൽ രണ്ടു ചെറിയ പള്ളികളുള്ളതും നിസ്ക്കാര കർമ്മങ്ങൾ നടത്തുന്നതും കൊണ്ടും തന്നെ തങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ് താജ്മഹൽ എന്നാണ് യു.പി വഖഫ് ബോർഡിന്റെ അവകാശവാദം!! (തല്ക്കാലം മതപരമായ കാര്യങ്ങൾ ASI യുടെ കീഴിലാണ് നടത്തിവരുന്നത്!!) പക്ഷേ ഇങ്ങനെയുള്ള അവകാശ വാദങ്ങൾ ലക്ഷോപലക്ഷം വരുന്ന ജനങ്ങളിൽ വർഗ്ഗീയത ഉടലെടുക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്!
സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് താജ്മഹലിലേക്ക് ഒഴുകിയെത്തുന്നത്! ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും ഇവിടെയെത്തുവരെ ബാധിക്കാറേയില്ല! വെണ്ണക്കല്ലിൽ കൊത്തിയ പ്രണയകുടീരത്തിന്റെ ചാരുതയിൽ തങ്ങളുടെ പ്രീയപ്പെട്ടവർക്കൊപ്പം അല്പസമയം ചിലവഴിക്കാനാണ് ആളുകൾ തിരക്ക് കൂട്ടുന്നത്!! ആ മനോഹാരിതയെ നഷ്ടപ്പെടുത്താൻ മാത്രമേ അപ്രസക്തമായ കൊമ്പു കോർക്കലുകൾ സഹായിക്കൂ!! ഇന്ത്യയുടെ പൊതുസ്വത്തിനെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ധർമ്മമാണ്! രാജ്യത്തെ നിയമഭരണസംവിധാനങ്ങളുടെ നീയന്ത്രണത്തിലാണെങ്കിൽ മാത്രമേ വിജയകരമായി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ..
താജ്മഹൽ കേസിൽ അടുത്ത വാദം കേൾക്കൽ ജൂലൈ 27 നാണ്!!ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും,യു.പി വഖ്ഫ് ബോർഡും ബാലിശമായ നിയമ വടംവലിയിൽ ഏർപ്പെടുമ്പോൾ ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ ഭൂരിപക്ഷം താജ്മഹൽ ഭാരതത്തിന്റെ പൊതുസ്വത്തായി തന്നെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്!!! രാജ്യത്തെ ടൂറിസം മേഖലയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് “”താജ്മഹൽ””!! ആർക്കും പ്രയോജനമില്ലാത്ത ഇത്തരം വടംവലികൾ ആഗോളതലത്തിൽ ശ്രദ്ധ നേടിയ സ്ഥിതിക്ക് ഈ വിഷയത്തിൽ പെട്ടെന്നൊരു തീരുമാനം എടുക്കേണ്ടത് അനിവാര്യമാണ്!! എന്തായാലും പരമോന്നത കോടതി ജനവികാരങ്ങൾ മാനിച്ച് വിധി നടപ്പിലാക്കുമെന്ന് പ്രത്യാശിക്കാം!!
Post Your Comments