Kerala

മാധ്യമസ്വാതന്ത്ര്യം അതിർവരമ്പുകൾ ലംഘിച്ചപ്പോൾ കേരളത്തിന് പണികിട്ടിയതിങ്ങനെ

അന്യസംസ്ഥാന പത്രങ്ങളും ദൃശ്യമാധ്യമങ്ങളും കേരളത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ‘മാരകരോഗം’ പൊടിപ്പും തൊങ്ങലും ചേർത്ത് വെച്ച് ജനങ്ങളിലേക്ക് എത്തിച്ചപ്പോൾ നമ്മുടെ നാടിന്റെ പേര് കേട്ടാലറയ്ക്കുന്ന എന്തോ ഒന്നായി മാറിയിരിക്കുന്നു. കൃത്യമായ രോഗനിർണയവും പ്രതിരോധ നടപടികളും ബോധവത്ക്കരണവും ഉണ്ടായിട്ടും ‘നിപ്പാ വൈറസ്’ മൂലമുണ്ടായ ഈ രോഗബാധ ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഭവമാണെന്ന മട്ടിലാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. തന്മൂലം ടൂറിസ്റ്റുകൾ തങ്ങളുടെ ലിസ്റ്റിൽ നിന്നും കേരളത്തെ ഒഴിവാക്കിത്തുടങ്ങി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അവധിക്കാലം തുടങ്ങുമ്പോൾ തന്നെ നല്ലൊരു വിഭാഗം ജനങ്ങളും തങ്ങളുടെ ഇഷ്ട ലൊക്കേഷനായി തിരഞ്ഞെടുത്തിരുന്നത് കേരളത്തെയാണ്. എന്നാൽ ‘നിപ്പാ വൈറസ് ‘പടർത്തിയ ഭീതി മൂലം ഭൂരിഭാഗവും തങ്ങളുടെ ട്രിപ്പുകൾ ക്യാൻസൽ ചെയ്തതായി പല ടൂർ ഏജൻസികളും സാക്ഷ്യപ്പെടുത്തുന്നു.

1998 ൽ മലേഷ്യയിൽ പടർന്നു പിടിച്ച ‘നിപ്പാ വൈറസ് ‘2007 ലാണ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പശ്ചിമബംഗാളിലെ ഉൾപ്രദേശങ്ങളിൽ നിരവധി പേർക്ക് രോഗബാധയുണ്ടാകുകയും മരണമടയുകയും ചെയ്തു. അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിലാണ് ആദ്യം ഈ വൈറസ് പടർന്നത്. 2001 മുതൽ തുടർച്ചയായി 2011 വരെ എല്ലാ വർഷവും ബംഗ്ലാദേശിൽ ‘നിപ്പാ വൈറസിന്റെ’ ആക്രമണം തുടർന്നു കൊണ്ടിയിരുന്നു. 2007 ലും 2011 ലും ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിൽ നൂറുകണക്കിനാളുകളാണ് ഈ വൈറസിന്റെ പിടിയിലകപ്പെട്ടു മരണമടഞ്ഞത്. അപ്പോഴൊന്നുമില്ലാത്ത ശുഷ്കാന്തിയും മാധ്യമധർമ്മവുമാണ് ഇപ്പോൾ കേരളത്തിലെ നിയന്ത്രണവിധേയമായ അസുഖത്തിന്റെ വാർത്തകൾ ഇല്ലാക്കഥകളും കൂടി മെനഞ്ഞ് പൊതുജനങ്ങൾക്കിടയിലേയ്ക്ക് പടച്ചു വിടുന്നത്.

സത്യാവസ്ഥ അന്വേഷിക്കാതെ , അല്ലെങ്കിൽ അതിന് മെനക്കെടാതെ വായിൽ തോന്നിയതെന്തും റേറ്റിംഗ് കൂട്ടാനുപയോഗിക്കുമ്പോൾ നമ്മുടെ നാടിനെ കളങ്കപ്പെടുത്തുകയാണ് പത്ര-ദൃശ്യ മാധ്യമങ്ങൾ ചെയ്യുന്നത്. അവധിക്കു വരാൻ തയ്യാറെടുത്തിരുന്ന അന്യസംസ്ഥാനങ്ങളിലുള്ള മലയാളികൾ പോലും ഈ വാർത്തകളെ വിശ്വസിച്ച് യാത്ര ക്യാൻസൽ ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

‘ദൈവത്തിന്റെ സ്വന്തം നാട്. ഇപ്പോൾ ഇന്ത്യയ്ക്കകത്തും പുറത്തും ഭീതിജനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. പൂർണ്ണജ്ഞാനമില്ലാതെയുള്ള അനാവശ്യ സോഷ്യൽമീഡിയ സന്ദേശങ്ങളും, അന്യഭാഷാ മാധ്യമങ്ങളുടെ അപൂർണ്ണവും യുക്തി രഹിതവുമായ റിപ്പോർട്ടുകളും കേരളത്തിലേക്കുള്ള അതിഥികളെ തടയുമെന്നതിൽ ഒരു സംശയവുമില്ല. സർക്കാരും ജനപ്രതിനിധികളും, പൊതുജനങ്ങളും കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ പ്രതികരിക്കാൻ തയ്യാറാകണം. അങ്ങേയറ്റം ദൗർഭാഗ്യകരമായി സംഭവിച്ച ദുരന്തത്തെ കേരളം മുഴുവനും വ്യാപിക്കുന്ന രീതിയിലുള്ള മെസ്സേജുകളും,മാധ്യമറിപ്പോർട്ടുകളും മറുനാടൻ മലയാളികളെപ്പോലും കളിയാക്കുന്ന ഒരവസ്ഥയിലേക്ക് വളർന്നുവെന്നു പറയുന്നതിൽ ദുഃഖമുണ്ട്. മലയാളികൾക്കു മൊത്തം ഈ രോഗം ബാധിച്ചു എന്ന മട്ടിലുള്ള ഇത്തരം തെറ്റായ സന്ദേശങ്ങൾ പടച്ചു വിടാതിരിക്കുക!

പണ്ടും നമ്മുടെ നാട്ടിൽ വവ്വാലുകൾ ഉണ്ടായിരുന്നു.അവ കടിച്ച പഴങ്ങൾ കഴിക്കാത്തവരും കുറവായിരിക്കും. പഠനങ്ങളനുസരിച്ച് അന്നും ‘Flying Fox/Fruit Bat’ എന്നറിയപ്പെടുന്ന വവ്വാലുകളുടെ ശരീരത്തിൽ ഈ വൈറസ് ഉണ്ടായിരുന്നു. എന്നാൽ ആർക്കും ഇത്തരമൊരു രോഗം ബാധിച്ചതായി കേട്ടുകേൾവി പോലുമില്ല. കാരണം ചികഞ്ഞു പോയാൽ ഇതു പോലുള്ള അവസ്ഥകൾക്ക് കാരണം നാം തന്നെയാണെന്ന വലിയൊരു യാഥാർത്ഥ്യത്തിന്റെ നടുക്കത്തിലേക്കായിരിക്കും മലയാളികൾ ചെന്നെത്തുക.
വികസനത്തിന്റെ പേരും പറഞ്ഞ് കാടു മുഴുവൻ നാടായിക്കപ്പോഴും, നാട്ടിൻപുറത്തിന്റെ നന്മകൾ തൂത്തെറിഞ്ഞ് നഗരവത്ക്കരണത്തിന്റ ചുവടു പിടിച്ചപ്പോഴും നാമറിയണമായിരുന്നും സ്വന്തം കുഴി തോണ്ടുകയാണെന്ന്!! ആവാസസ്ഥലങ്ങൾ നഷ്ടപ്പെട്ട പല ജന്തുജാലങ്ങളും മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിത്തുടങ്ങി. മരങ്ങൾ വെട്ടിനശിപ്പിച്ചും, പ്ലാസ്റ്റിക്, കെമിക്കൽ മാലിന്യങ്ങൾ കത്തിച്ചും കാലാവസ്ഥയെ പ്രകോപിപ്പിച്ചപ്പോൾ നമ്മുടെ ശരീരത്തിൽ ചൂടു കൂടുന്നത് പോലെ ജീവജാലങ്ങളിലും വ്യതിയാനങ്ങളുണ്ടാവാൻ തുടങ്ങി. അതിന്റെ പരിണിത ഫലമായി ഇതു പോലെയുള്ള വൈറസുകൾ അപകടകാരികളാകുകയും,മനുഷ്യരുടെയും ജന്തുജാലങ്ങളുടെയും ജീവന് ഭീഷണിയായിത്തീരുകയും ചെയ്യുന്നു!ഇനിയെങ്കിലും ഒരു മരം മുറിച്ചാൽ രണ്ട് തൈ നടാനും ഉള്ള പച്ചപ്പ് സംരക്ഷിക്കാനും ജനങ്ങൾ മുന്നിട്ടിറങ്ങണം. ഇല്ലെങ്കിൽ തകിടം മറിഞ്ഞ ആവാസവ്യവസ്ഥയിൽ നിന്ന് ഇതു പോലുള്ള പല അനിഷ്ടസംഭവങ്ങളും നേരിടേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button