Latest NewsKerala

വി.ഐ.പികള്‍ക്കു വേണ്ടി ദേശീയപാതാ അലൈന്‍മെന്റ്‌ മാറ്റിയെന്നാരോപണം : കീഴാറ്റൂരിനുശേഷം വെല്ലുവിളിയായി തുരുത്തി

കണ്ണൂര്‍ : ഇ.പി ജയരാജന്‍ എം.എല്‍.എയുടെ വീടും പി.കെ. ശ്രീമതി എം.പിയുടെ ഫാമും ഉള്‍പ്പെടെയുള്ള ഭൂമിയിലൂടെ നിശ്‌ചയിക്കപ്പെട്ട അലൈന്‍മെന്റ്‌ റദ്ദാക്കി, ദളിത്‌ കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തുരുത്തി വഴി ബൈ പാസ്‌ നിർമ്മിക്കാൻ നീക്കമെന്ന് ആരോപിച്ച് പാപ്പിനിശേരി തുരുത്തി നിവാസികൾ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. ദളിത്‌ സംഘടനകള്‍ക്കു പിന്നാലെ പരിസ്‌ഥിതി സംഘടനകളും സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തുവന്നു. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ കീഴാറ്റൂരിനു പിന്നാലെ ദേശീയപാത വികസനത്തിനെതിരായുള്ള മറ്റൊരു സമരമായി തുരുത്തി സമരം മാറുകയാണ്‌.

കുടിയൊഴിപ്പിക്കപ്പെടുന്ന കോളനി നിവാസികള്‍ 27 ദിവസമായി കുടില്‍കെട്ടി സമരം നടത്തി വരികയാണ്‌. കഴിഞ്ഞ ദിവസം കലക്‌ടറേറ്റിനു മുന്നിലേക്ക്‌ ഇവര്‍ നടത്തിയ മാര്‍ച്ചില്‍ നൂറോളംപേര്‍ പങ്കെടുത്തു. ദേശീയപാത ബൈപാസുമായി ബന്ധപ്പെട്ട്‌ തുരുത്തി ഭാഗത്തുകൂടി മൂന്ന്‌ അലൈന്‍മെന്റുകളാണ്‌ ദേശീയപാത അതോറിറ്റി തയാറാക്കിയത്‌. ഇതില്‍ ആദ്യത്തെ രണ്ടും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി മാറ്റിയെന്നാണ്‌ ആരോപണം.ഇതിനായി ചില പ്രമുഖരുടെ കത്തുകള്‍ ലഭിച്ചിരുന്നെന്നു ദേശീയപാത അതോറിറ്റി തന്നെ സമ്മതിക്കുന്ന വിവരാവകാശ രേഖയും സമരക്കാര്‍ മുന്നോട്ടുവെക്കുന്നു. ആദ്യ രണ്ടെണ്ണവും തള്ളി ഒടുവില്‍ അംഗീകരിച്ചത്‌ നാലു വളവുകളോടെയുള്ള അലൈന്റ്‌മെന്റാണ്‌.

വേളാപുരം മുതല്‍ തുരുത്തി വരെയുള്ള 500 മീറ്റര്‍ ഭാഗത്തെ വളവുകള്‍ കാരണം 29 ദളിത്‌ കുടുംബങ്ങളുടെയും മൂന്ന്‌ ഒ.ബി.സി വിഭാഗക്കാരുടെയും സ്‌ഥലവും പുലയ സമുദായക്കാരുടെ കുടുംബക്ഷേത്രവും നഷ്‌ടമാകും. ഇത്‌ 10 മീറ്റര്‍ പടിഞ്ഞാറോട്ടു നീക്കിയാല്‍ പാത നേര്‍ രേഖയിലാവുകയും കോളനിയെ ബാധിക്കാതിരിക്കുകയും ചെയ്യുമെന്നും സമരക്കാര്‍ പറയുന്നു. സ്‌ഥലമെടുപ്പിനുള്ള സര്‍വേ പൂര്‍ത്തിയായതോടെ വീടുകളുടെ മുറ്റത്തും ചുമരിനോടു ചേര്‍ന്നുമാണു സര്‍വേ കല്ലുകള്‍ സ്‌ഥാപിച്ചിരിക്കുന്നത്‌. കീഴാറ്റൂര്‍ വഴി കുറ്റിക്കോല്‍ വരെയുള്ള തളിപ്പറമ്ബ്‌ ബൈപ്പാസിന്റെ തുടര്‍ച്ചയായാണ്‌ കല്യാശേരിയില്‍നിന്ന്‌ തുരുത്തി-കോട്ടക്കുന്ന്‌ വഴി കണ്ണൂര്‍ ബൈപ്പാസ്‌ കടന്നുപോകുന്നത്‌.

നിലവില്‍ അലൈന്‍മെന്റ്‌ പ്രകാരം 1.5 കിലോമീറ്ററാണ്‌ കല്യാശേരി മുതല്‍ വളപട്ടണം പുഴ വരെയുള്ള ദൂരം. ആറു വര്‍ഷത്തിനിടെ രണ്ടാമത്തെ ജനകീയ സമരമാണ്‌ തുരുത്തിയില്‍ നടക്കുന്നത്‌. നേരത്തെ സ്വകാര്യ കമ്പനിയുടെ പ്രവര്‍ത്തനത്തിനെതിരേ പ്രദേശവാസികള്‍സമരത്തിനിറങ്ങിയിരുന്നു. ഫാക്‌ടറി പ്രവര്‍ത്തിക്കുമ്പോളുണ്ടാകുന്ന അസഹ്യമായ പൊടിയും ശബ്‌ദവും പ്രദേശത്തെ വാസയോഗ്യമല്ലാതാക്കിയെന്ന്‌ കോളനി നിവാസികള്‍ പറയുന്നു. ഇതേ കമ്പനിയാണു ഭരണകക്ഷിയുടെ ജില്ലാ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തി ബൈപ്പാസ്‌ റോഡ്‌ നിര്‍മാണത്തിന്റെ അലൈന്‍മെന്റില്‍ വെള്ളം ചേര്‍ത്തതെന്ന്‌ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബാബു തുരുത്തി പറഞ്ഞു.

ആദ്യം പ്രഖ്യാപിച്ച അലൈന്‍മെന്റില്‍ റോഡ്‌ നിര്‍മിച്ചാല്‍ രണ്ടു കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുെമന്നും ഇത്‌ ഒഴിവാക്കാനാണു ജനവാസ കേന്ദ്രത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനമെന്നുംഅദ്ദേഹം ആരോപിച്ചു. അലൈന്‍മെന്റ്‌ സംബന്ധിച്ച്‌ കോളനിക്കാരെ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചിട്ടില്ല. ആക്ഷേപങ്ങള്‍ എഴുതി നല്‍കിയപ്പോള്‍ പരിഗണിച്ചതുമില്ല. അധികൃതര്‍ സര്‍വേയ്‌ക്ക്‌ വന്നപ്പോള്‍ കോളനിയില്‍ ആണുങ്ങളുണ്ടായിരുന്നില്ല. പ്രതിഷേധിച്ച സ്‌ത്രീകളെയും കുട്ടികളെയും അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കിയാണ്‌ സര്‍വേ നടത്തിയത്‌. തുരുത്തിയിലെ ഈ പ്രദേശം തണ്ണീര്‍ത്തട ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതും ചതുപ്പുമായതിനാല്‍ തുച്‌ഛമായ നഷ്‌ടപരിഹാരമാണ്‌ കുടിയിറക്കുന്നവര്‍ക്കു ലഭിക്കുക.

ഇതിനാല്‍ നഷ്‌ടപരിഹാരം എത്രയെന്ന്‌ ഇതുവരെ അതോറിറ്റി പ്രഖ്യാപിച്ചിട്ടില്ല.തുരുത്തി കോളനിയെ ഇല്ലാതാക്കിക്കൊണ്ടുള്ള അലൈന്‍മെന്റ്‌ വരുന്ന കാര്യം താന്‍ അറിഞ്ഞിരുന്നിെല്ലന്നാണ്‌ സ്‌ഥലം എം.എല്‍.എ. ആയ കെ.എം ഷാജി പറയുന്നത്‌. എന്നാൽ മുൻപുണ്ടായിരുന്ന രണ്ട്‌ അലൈന്‍മെന്റുകളേക്കാള്‍ പ്രായോഗികമായതിനാലാണ്‌ തുരുത്തി വഴിയുള്ള അലൈന്‍മെന്റ്‌ അംഗീകരിച്ചതെന്നു ദേശീയപാതാ അഥോറിറ്റി അധികൃതര്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button