Kerala

വിട്ടുവീഴ്ച ചെയ്യാത്ത പോരാളി; നിർഭയമായി നീതി നടപ്പാക്കിയ ന്യായാധിപനാണ് കെമാൽ പാഷയെന്ന് അഡ്വ. എ ജയശങ്കർ

തിരുവനന്തപുരം: വിട്ടുവീഴ്ച ചെയ്യാത്ത പോരാളിയാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് ബി കെമാൽ പാഷയെന്ന് അഡ്വ. എ ജയശങ്കർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. സല്പേരു മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യമെന്നും കെമാൽ പാഷയുടെ ഭാര്യയും മക്കളും കൂടുതലൊന്നും ആഗ്രഹിക്കുന്നില്ലെന്നും ജയശങ്കർ വ്യക്തമാക്കി. കുറ്റവാളികളോട് ഒരു കരുണയും കാണിക്കാതെ നിർഭയമായും നിർദ്ദയമായും നീതി നടപ്പാക്കിയ ന്യായാധിപൻ. വിടവാങ്ങൽ പ്രസംഗത്തിലും ജസ്റ്റിസ് കെമാൽപാഷ വിട്ടുവീഴ്ച ചെയ്തില്ല. ഹൈക്കോടതിയിലെ കുടുംബാധിപത്യത്തെയും മക്കൾ രാഷ്ട്രീയത്തെയും വിമർശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പരിപാടിയിലുള്ള പിടിവാശിയാണ് പരിവർത്തനവാദിയുടെ പടവാൾ; പരിപാടിയിൽ വിട്ടുവീഴ്ച ചെയ്താൽ, വിട്ടുവീഴ്ച പരിപാടിയാകും.

വിട്ടുവീഴ്ച ചെയ്യാത്ത പോരാളിയാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് ബി കെമാൽ പാഷ. കുറ്റവാളികളോട് ഒരു കരുണയും കാണിക്കാതെ നിർഭയമായും നിർദ്ദയമായും നീതി നടപ്പാക്കിയ ന്യായാധിപൻ.
1995ൽ എറണാകുളത്ത് അഡീഷണൽ ജില്ലാ ജഡ്ജിയായി നിയമിതനായ പാഷ, ആദ്യമായി വിചാരണ ചെയ്ത കൊലക്കേസിൽ പ്രതിയെ തൂക്കികൊല്ലാൻ വിധിച്ചു എന്നാണ് ചരിത്രം. അത് ഒരു തുടക്കമായിരുന്നു. പിന്നീടും ഒരുപാടു പേർക്ക് അദ്ദേഹം തൂക്കുകയർ വിധിച്ചു. മേൽക്കോടതികളുടെ സൗജന്യബുദ്ധി നിമിത്തം അവയൊന്നും നടപ്പായില്ല എന്നുമാത്രം.

ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ട ശേഷവും പാഷയുടെ വിധികൾക്കു മൂർച്ച കുറഞ്ഞില്ല. സീസറിൻ്റെ ഭാര്യ സംശയാതീതയായിരിക്കണം എന്ന പരാമർശത്തോടെ കെഎം മാണിയുടെ ഹർജി തള്ളിയതും മാർ ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഉത്തരവിട്ടതും ഷുഹൈബ് കേസിൽ അന്വേഷണം സിബിഐക്കു വിട്ടതും ഉദാഹരണം.

വിടവാങ്ങൽ പ്രസംഗത്തിലും ജസ്റ്റിസ് കെമാൽപാഷ വിട്ടുവീഴ്ച ചെയ്തില്ല. ഹൈക്കോടതിയിലെ കുടുംബാധിപത്യത്തെയും മക്കൾ രാഷ്ട്രീയത്തെയും വിമർശിച്ചു, ജാതിയും ഉപജാതിയും നോക്കി ജഡ്ജിമാരെ നിയമിക്കുന്നതിനെ അപലപിച്ചു, ഇപ്പോൾ ശുപാർശ ചെയ്യപ്പെട്ട പല പുംഗവന്മാരെയും മുഖപരിചയമില്ല എന്ന് തുറന്നടിച്ചു.

അവിടം കൊണ്ടും പാഷ നിർത്തിയില്ല. റിട്ടയർ ചെയ്ത ജഡ്ജിമാർ ഉടനടി സർക്കാർ ലാവണം കൈപ്പറ്റുന്നത് ഉചിതമല്ല എന്ന് കൂട്ടിച്ചേർത്തു. താൻ യാതൊരു പദവിയും സ്വീകരിക്കില്ല എന്ന് പ്രഖ്യാപിച്ചു.

കെമാൽപാഷയ്ക്ക് അങ്ങനെ പലതും പറയാം. സല്പേരു മാത്രമാണ് സമ്പാദ്യം. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൂടുതലൊന്നും ആഗ്രഹിക്കുന്നില്ലതാനും.

മറ്റു ജഡ്ജിമാരിൽ ചിലരെങ്കിലും പ്രാരാബ്ധക്കാരാണ്. സർക്കാരിൽ നിന്ന് പത്തു ചക്രം കിട്ടണമെന്നു മോഹിക്കുന്നവരും മകനോ മരുമകനോ ജഡ്ജിയായി കാണണം എന്നാഗ്രഹിക്കുന്നവരും ഉണ്ട്.

അതുകൊണ്ട് പാഷയ്ക്കു പാഷയുടെ വഴി; നമുക്ക് നമ്മുടെ വഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button