തോമസ് ചെറിയാന്‍.കെ
നിപ്പയെന്ന മാരക വൈറസ് നമ്മുടെ നാടിനുമേല്‍ ഭയത്തിന്‌റെ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ഇത് നമ്മുടെ നാടിന്‌റെ ആരോഗ്യത്തെ മാത്രമല്ല ദൈവത്തിന്‌റെ സ്വന്തം നാടിനെ ലോകത്തിന് മുന്‍പില്‍ വിളിച്ചോതുന്ന മഹിമയ്ക്കും മങ്ങല്‍ വരുത്തുന്ന ഒന്നാണ്. സംസ്ഥാനത്തിന്‌റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് ടൂറിസം. മണ്‍സൂണ്‍ ടൂറിസം വരവറിയിക്കാന്‍ തുടങ്ങുമ്പോഴാണ് നിപ്പ ഭീതിപരത്തുന്നത്. അതിനൊപ്പം തന്നെ മറ്റൊരു ഭീതികരമായ സംഗതി കൂടിയുണ്ട്. ലോകം ഇപ്പോള്‍ കേരളത്തെ കുറിച്ചു സംസാരിക്കുന്നതെന്ത്? അത് നമ്മുടെ ടൂറിസം മേഖലയേയും അതില്‍ നിന്നുള്ള വരുമാനത്തെയും സാരമായി ബാധിയ്ക്കുമോ ? ഇത്തരം ചോദ്യങ്ങളാണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്.
നിപ്പ നമ്മുടെ നാടിനെ പിടികൂടിയെന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര തലത്തിലുളള മാധ്യമങ്ങളില്‍ വന്നത് കേരളത്തെ ഏറെ തളര്‍ത്തിയിരിക്കുന്നു. യാഥാര്‍ത്ഥ്യമെന്തെന്ന് കൃത്യമായി അന്വേഷിച്ചറിയാതെ വന്ന ഈ വാര്‍ത്തകള്‍ കേരളത്തിന്‌റെ ടൂറിസം മേഖലയ്ക്ക് ശക്തമായ പ്രഹരമാകുമോ എന്ന ചോദ്യം ശക്തമാവുകയാണ്. സംസ്ഥാനത്ത് എബോളയ്ക്ക് സമാനമായ അവസ്ഥയാണ് ഉള്ളതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ടൂറിസം മേഖലകളിലാണ് ഇത്തരം രോഗം പടര്‍ന്നിരിക്കുന്നതെന്ന വാര്‍ത്ത അടിസ്ഥാന രഹിതവും നമ്മുടെ ടൂറിസം മേഖലയെ തകര്‍ക്കാനുളളതാണെന്നും നമുക്ക് അധികം ചിന്തിക്കാതെ തന്നെ മനസിലാക്കാം. നിപ്പ പടരുന്നത് വവ്വാലുകളില്‍ നിന്നാണെന്ന സ്ഥിരീകരണം വന്നതോടെ ബിബിസി അടക്കമുളള മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശികള്‍ ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്ന ടൂറിസം മേഖലയാണ് കേരളം. അന്താരാഷ്ട്ര തലത്തില്‍ തന്നെ മിക്ക ടൂറിസം സ്ഥലങ്ങളോടും കിടപിടിയ്ക്കുന്ന നാടാണ് നമ്മുടേത്. ലോക മാധ്യമങ്ങള്‍ ഇപ്പോഴുള്ള സംഭവത്തെ അടിസ്ഥാന രഹിതമായി റിപ്പോര്‍ട്ട് ചെയ്താല്‍ ഈ വര്‍ഷത്തെ മാത്രമല്ല വരും വര്‍ഷങ്ങളിലെ ടൂറിസത്തെ തന്നെ അത് സാരമായി ബാധിയ്ക്കും.
എന്താണ് സത്യത്തില്‍ സംഭവിക്കുന്നതെന്ന് നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ തന്നെ ജനങ്ങളെ സംശയം ദൂരികരിക്കുന്ന വിധം മനസിലാക്കിക്കൊടുക്കുവാന്‍ ശ്രമിക്കേണ്ടതല്ലേ. മരണ സംഖ്യ ഉയരുന്നുവെന്ന് നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ തന്നെ ഭീതിയുളവാക്കും വിധം റിപ്പോര്‍ട്ട് ചെയ്തത് എത്രത്തോളം ശരിയാണെന്നും നാം ചിന്തിക്കണം. ഓസ്‌ട്രേലയ, അമേരിക്ക, കാനഡ തുടങ്ങി യൂറോപ്പിലെ മിക്ക സഞ്ചാരികളുടെയും പ്രിയ സ്ഥലമായ കേരളത്തെ ഇത്തരത്തില്‍ കൊല്ലാക്കൊല ചെയ്യുകയായിരുന്നില്ലേ ഇത്തരം റിപ്പോര്‍ട്ടുകള്‍.
നിമിഷങ്ങള്‍ക്കകം വാര്‍ത്തകളെ കാട്ടുതീപോലെ ലോകമെമ്പാടും പടര്‍ത്താന്‍ കഴിവുള്ള സാമൂഹ്യമാധ്യമങ്ങളിലും വ്യാജ വാര്‍ത്തകള്‍ യഥേഷ്ടം പ്രചരിച്ചിരുന്നു. വാക്കുകള്‍ക്ക് കത്തിയേക്കാള്‍ മൂര്‍ച്ഛയുണ്ടെന്ന വസ്തുത നാം മറക്കരുത്. ഇതിനിടയില്‍ മുന്‍പ് കേരളത്തെ ബാധിച്ച ചിക്കുന്‍ ഗുനിയ, ഡെങ്കപ്പനി, എന്നിവയുടെ കണക്കുകള്‍ കൂടി വെളിപ്പെടുത്തി ഭീതിയുടെ വ്യാപ്തി കൂട്ടുന്ന വാര്‍ത്തകളാണ് ഇവിടെ സൃഷ്ടിച്ചത്. രോഗ വ്യാപനം ചെറുക്കാന്‍ കഴിയുന്ന ഒന്നാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും അധികൃതര്‍ കൃത്യമായി നമ്മെ അറിയിക്കുമ്പോള്‍ വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ ആളുകള്‍ പോകുന്നതിന്‌റെ യുക്തി എന്തെന്ന് ഇപ്പോഴും പിടികിട്ടുന്നില്ല.
ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ കൊടുത്തുകൊണ്ട് ആയുര്‍വേദ ചികിത്സയ്ക്കായി തന്നെ ആയിരക്കണക്കിന് വിദേശികള്‍ കേരളത്തിലേക്ക് ഒഴുകിയെത്തുന്ന സമയത്താണ് ഇത്തരം വ്യാജ വാര്‍ത്തകളുടെ പ്രചരണം. സംസ്ഥാന ഖജനാവിന് പൊന്നില്‍ തിളക്കം കൂട്ടുന്ന ടൂറിസം എന്ന അനുഗ്രഹത്തെ തകര്‍ക്കാന്‍ നാം അനുവദിച്ചുകൂടാ. മലബാര്‍ മേഖലയില്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം ചുറ്റളവില്‍ വ്യാപിച്ച വിപത്തിനെ മാധ്യമങ്ങള്‍ വളച്ചൊടിയ്ക്കുകയാണ് ചെയ്തത്. ഇത് ഇനി അനുവദിച്ചു കൂടാ. അതിന് ആദ്യം മുന്‍കൈ എടുക്കേണ്ടത് നമ്മള്‍ തന്നെയാണ്. സാമൂഹ്യമാധ്യമങ്ങളിലും മറ്റ് മാര്‍ഗത്തില്‍ കൂടിയും ഇത്തരം പ്രചരണങ്ങള്‍ ഇനി അനുവദിച്ചു കൂടാ. അത് നമ്മുടെ നാടിനെ തകര്‍ക്കുമെന്ന് മാത്രമല്ല ശത്രുക്കള്‍ക്ക് നമ്മുടെ മേല്‍ വിജയം നേടാനും കാരണമാകും. വരും ദിവസങ്ങളിലെങ്കിലും നമ്മുടെ നാടിനെ കുറിച്ചുള്ള കുപ്രചരണം കുറയട്ടെ. അതിനായി നമുക്ക് പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.
Post Your Comments