Latest NewsKerala

മാലാഖമാരോളം ലിനിയെ താഴ്ത്തിക്കളയരുത്; വൈറലായൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: കേരളക്കരയെ ആശങ്കയിലാഴ്ത്തി പടര്‍ന്നു പിടിക്കുന്ന നിപ്പാ വൈറസ് ബാധിച്ചു മരിച്ച നേഴ്‌സായ ലിനിയെ ആരും മറന്നിട്ടില്ല. ഒരുമലയാളിക്കും  അത്ര പെട്ടെന്ന് ലിനിയെ മറക്കാനും കഴിയില്ല. എന്നും ഒരു നനുത്ത ഓര്‍മയായി ലിനി ഉണ്ടാകും. എന്നാല്‍ ലിനിയെ കുറിച്ച് ശ്രീചിത്രന്‍ എന്ന യുവാവ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ലിനി മാലാഖയായിരുന്നില്ല. ആരോഗ്യപ്രവര്‍ത്തകയായിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയായിരുന്നു. ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥതയുണ്ടായിരുന്ന മനുഷ്യസ്ത്രീയായിരുന്നു. വാസ്തവങ്ങളുടെ തിളക്കം വിശേഷണങ്ങള്‍ക്കില്ല. മാലാഖയും വിശുദ്ധ യുമായി മരണാനന്തരം ജീവിക്കാനുള്ള വിശേഷണമൂല്യമല്ല, മനുഷ്യ ദുരന്തത്തിനു മുന്നില്‍ തൊഴിലാളിയായി നിന്ന് പൊരുതി വീണ ആരോഗ്യ പ്രവര്‍ത്തകയുടെ അഭിമാനകരമായ മൂല്യമാണ് ലിനിക്ക് നല്‍കാനുള്ള ഏറ്റവും തിളക്കമുള്ള പദവി. ദയവായി മാലാഖമാരോളം ലിനിയെ താഴ്ത്തിക്കളയരുത്.

ലിനിയുടെ ചിത്രം കാണുമ്പോള്‍ സങ്കടത്തോടൊപ്പം ഒരു കയ്പ്പ് വന്നു നിറയുന്നു. നമുക്കിന്നും ആരാണ് നഴ്‌സ് ? എണ്ണമറ്റ അശ്ലീലക്കഥകളില്‍, ‘ഓ, നഴ്‌സാണല്ലേ ‘ എന്ന മുഖം കോട്ടിച്ചിരികളില്‍, ഹോസ്പിറ്റലിനകത്തു പോലും അര്‍ത്ഥം വെച്ചുള്ള നോട്ടങ്ങളില്‍, കല്യാണക്കമ്പോളത്തിലെ പരിഹാസങ്ങളില്‍, ‘വിദേശത്ത് നല്ല മാര്‍ക്കറ്റുള്ള ജോലിയാ’ എന്ന കുലുങ്ങിച്ചിരിയില്‍, എത്രയോ പുളിച്ച ചലച്ചിത്രഡയലോഗുകളില്‍… നഴ്‌സ് നമുക്കിടയില്‍ ജീവിക്കുന്നതിന്നും ഇങ്ങനെയാണ്. ഒരു ജോലി സുരക്ഷയുമില്ലാതെ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്ന ആയിരങ്ങളുടെ നേരെ മലയാളി നോക്കുന്ന പുഴുത്ത നോട്ടത്തിനു മുന്നിലാണ് അവര്‍ ജീവിക്കാനായി സമരം ചെയ്തത്.

നീതിയുടെ വിതരണത്തില്‍ നാം എത്ര വലിയ പരാജയമെന്ന് അന്ന് ബോദ്ധ്യപ്പെട്ടതാണ്. നോക്കൂ, നമുക്കിന്നു വരെ ലിനിയുടെ ജോലി ചെയ്യുന്നവരെ വിളിക്കാന്‍ നമ്മുടെ ഭാഷയില്‍ ഒരു നല്ല വിളിപ്പേരു പോലുമില്ല. നമ്മളും ഇംഗ്ലീഷുകാരെ അനുകരിച്ച് സിസ്റ്റര്‍ എന്നു വിളിക്കുന്നു. ഇംഗ്ലീഷുകാര്‍ ഇംഗ്ലീഷില്‍ സിസ്റ്റര്‍ എന്നു വിളിക്കുമ്പോള്‍ ‘ പെങ്ങളേ ‘ എന്ന ഭാവാര്‍ത്ഥമാണ് അനുഭവിക്കുന്നത്. ഭാഷ അനുഭവലോകമാണ് എന്നു തിരിച്ചറിവുള്ളവര്‍ക്ക് പ്രശ്‌നം മനസ്സിലാവും. ശരീരത്തില്‍ തൊട്ട് പരിചരിക്കാന്‍ വരുന്നൊരു സ്ത്രീയെ പെങ്ങളേ എന്നു വിളിക്കുന്നതോടെ വാതില്‍ തുറക്കുന്ന സാഹോദര്യത്തിന്റെ ഒരു പ്രപഞ്ചമുണ്ട്. അതിന്നും മലയാളിക്കന്യമാണ്.

അതുകൊണ്ടു തന്നെ തിരിഞ്ഞു കിടന്ന് സൂചി വെക്കാന്‍ ഡ്രസ് താഴ്ത്തുമ്പോഴേക്കും തരളിതരാവുന്ന പൂവാലജീവിതം നമ്മുടെ സിനിമയിലും ആശുപത്രിയിലും തുടരുന്നു.അങ്ങനെ, നഴ്‌സിങ്ങ് ജീവിതത്തില്‍ ഭാഷ പോലുമില്ലാത്തവളുടെ തൊഴില്‍ഭാഷയാണ് ശുശ്രൂഷ. ഏതു ദയനീയ തൊഴില്‍ സാഹചര്യത്തിലും അവരത് എത്ര മേലാഴത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ ഒരുവന് ആജന്‍മം നേഴ്‌സുകളെ പരിഹസിക്കാനും ദ്വയാര്‍ത്ഥപ്പെടാനും നാവു പൊന്തില്ല.

മുംബെയില്‍ ആരും നോക്കാനില്ലാത്തൊരു അഡ്മിറ്റ് കാലത്ത് അടിവസ്ത്രമടക്കം വാങ്ങിക്കൊണ്ടുവന്നു തന്ന , ഇന്നും പേരറിയാത്തൊരു നഴ്‌സിന്റെ മുഖം മുന്നില്‍ നിറയുന്നു. അവര്‍ മാലാഖയായിരുന്നില്ല. എപ്പൊഴോ അവരെന്റെ കണ്ണീര്‍ തുടച്ചിട്ടുണ്ട്. ലിനിയും മാലാഖയല്ല. ചുറ്റും എന്നും വീശിയടിക്കുന്ന കടവാവലുകള്‍ക്കിടയില്‍ നിന്ന് സ്വന്തം തൊഴില്‍ അഭിമാനകരമായി ചെയ്തു തീര്‍ത്തു കടന്നു പോയ തൊഴിലാളിയാണ്. അത്രയും അംഗീകാരം ലിനി അര്‍ഹിക്കുന്നുണ്ട്. ലിനി പ്രതിനിധീകരിക്കുന്ന സംബോധനാരഹിതകളായ ആയിരങ്ങളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button