ഷാര്‍ജ : ഷാര്‍ജയില്‍ ഒരു വര്‍ഷത്തിലേറെയായി കപ്പലില്‍ കുടുങ്ങികിടക്കുന്നത് മലയാളിയടക്കം നിരവധി പേര്‍. തീരത്തിനടുത്ത് ഒരു വര്‍ഷത്തിലേറെയായി കപ്പലില്‍ കുടുങ്ങിക്കിടക്കുന്നത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 16 ജീവനക്കാരാണ് . തീരത്തുനിന്നു 11 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ട, ഇസിബി ഇന്റര്‍നാഷനലിന്റെ എംടി സോയ വണ്‍ എന്ന കപ്പലില്‍ 15 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയുമാണുള്ളത്.
കോട്ടയം സ്വദേശിയും ഫോര്‍ത്ത് എന്‍ജിനീയറുമായ ജോബിന്‍ ഇമ്മാനുവലാണ് ഏക മലയാളി. കമ്പനി പുതുതായി റിക്രൂട്ട് ചെയ്ത ജീവനക്കാര്‍ വരുന്നതോടെ നാട്ടിലേക്കു മടങ്ങാമെന്നുള്ള പ്രതീക്ഷയും പാഴായി. വന്നവര്‍ക്കെല്ലാം 96 മണിക്കൂര്‍ വീസ കാലാവധിക്കു ശേഷം മടങ്ങേണ്ടിവന്നു. ഇവരെ വീണ്ടും കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കപ്പല്‍ ഉടമകള്‍ സ്വിസ് ബാങ്കില്‍നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. കോടതി വിധിപ്രകാരം യുഎഇ തീരദേശസേന ഒക്ടോബറില്‍ കപ്പല്‍ കസ്റ്റഡിയില്‍ എടുത്തു. നിയമക്കുരുക്ക് തീര്‍ത്തെങ്കിലേ പ്രാദേശിക ഏജന്‍സി മുഖേന കപ്പല്‍ റജിസ്റ്റര്‍ ചെയ്തു തുറമുഖത്ത് അടുപ്പിക്കാനാകൂ.
അതോടൊപ്പം ശമ്പള കുടിശികയും തീര്‍ക്കണം. ഇക്കാര്യത്തില്‍ കപ്പല്‍ ഉടമയില്‍നിന്ന് അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അതിനിടെയാണ് കമ്പനി ഒരു ഏജന്‍സി വഴി ഏതാനും പേരെ റിക്രൂട്ട് ചെയ്ത് എത്തിച്ചത്. പഴയ ജീവനക്കാരുടെ കുടിശിക നല്‍കാനോ അവരെ കരയ്‌ക്കെത്തിക്കാനോ ഈ ഏജന്‍സിക്കു സാധിക്കാത്തതു പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.
Post Your Comments