KeralaLatest News

ലിനി സജീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം

തിരുവനന്തപുരം•പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്‌സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നിശാഗന്ധിയില്‍ നിറഞ്ഞ സദസോടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

ആരോഗ്യ രംഗം നിതാന്ത ജാഗ്രത പുലര്‍ത്തവേ നമ്മളില്‍ ഒരംഗമായ ലിനി നഷ്ടപ്പെട്ടത് അങ്ങേയറ്റം വേദനാജനകമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജനങ്ങളെ സ്‌നേഹിക്കുന്ന നഴ്‌സായിരുന്നു ലിനി. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ലിനി ആത്മാര്‍ത്ഥ സേവനം ചെയ്തത്. എല്ലാ കാലവും ആരോഗ്യ മേഖല ലിനിയെ അനുസ്മരിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.

വലിയൊരു സമ്പത്താണ് ആരോഗ്യ മേഖലയ്ക്കുള്ളത്. നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ഫീല്‍ഡ് വര്‍ക്കര്‍മാര്‍ എന്നിവര്‍ സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ത്യാഗപൂര്‍ണമായ സേവനം ചെയ്യുന്നത്. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും. ഇതിനായി പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതാണ്. ജീവനക്കാര്‍ അവരുടെ സുരക്ഷിതത്വം സ്വയം ഉറപ്പ് വരുത്തണം. കാലാവസ്ഥാ വ്യതിയാനം കാരണം പലതരം പകര്‍ച്ചവ്യാധികളാണ് വന്നുകൊണ്ടിരിക്കുന്നത്. നിപ്പ വൈറസിനെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാനായത് വലിയ നേട്ടം തന്നെയാണ്. ഇന്‍കുബേഷന്‍ പീരിയിഡ് കഴിഞ്ഞാല്‍ മാത്രമേ നിപ്പ ശമിച്ചുവെന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ലിനി ഏതൊരാളേയും വിസ്മരിപ്പിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ലിനി തന്റെ അവസാന കത്തിലൂടെ, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമ്മളെ ബോധ്യപ്പെടുത്തി. ഏല്ലാ രാജ്യങ്ങളിലും മലയാളി നഴ്‌സുമാരുണ്ട് എന്നത് അവരുടെ പ്രവര്‍ത്തന മികവിന്റെ അംഗീകരമാണ്. മലയാളി നഴ്‌സുമാര്‍ക്ക് മാതൃകയാണ് ലിനിയുടെ ആത്മാര്‍ത്ഥ സേവനം. ലണ്ടനില്‍ നിന്നും സഹായം വാഗ്ദാനം ചെയ്തപ്പോള്‍ ലിനിയുടെ കുടുംബം അത് വേണ്ടന്ന് വച്ച് ഞങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളെ സംരക്ഷിക്കുമെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. ആരോഗ്യ വകുപ്പ് നടത്തിയ കൃത്യമായ ഇടപെടലിനെ അഭിനന്ദിക്കുന്നതായും ഡോ. തോമസ് ഐസക് പറഞ്ഞു.

എല്ലാവര്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന മാതൃകയാണ് ലിനിയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തന്റെ ജോലിയോട് ആത്മാര്‍ത്ഥത കാണിച്ച് മാതൃക കാട്ടി. പിഞ്ച് കുഞ്ഞിന് പാല്‍ നല്‍കിയാണ് ലിനി ആശുപത്രിയിലേക്ക് തിരിച്ചത്. പിന്നെ ആ രണ്ട് കുട്ടികള്‍ക്കും അമ്മയെ കാണാന്‍ കഴിഞ്ഞില്ല. രോഗം പോലും നോക്കാതെയാണ് രോഗിയെ ശുശ്രൂക്ഷിച്ചത്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സേവനത്തിന് അനുസൃതമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്. നിപ്പയെ തുടക്കത്തില്‍ തന്നെ കണ്ടത്തി പ്രതിരോധിച്ചത് ആരോഗ്യമേഖലയ്ക്ക് അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നഴ്‌സിംഗ് രജിസ്റ്റാര്‍ വത്സ കെ പണിക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button