തോമസ് ചെറിയാന്‍.കെ
കാണാതായിട്ട് അറുപത് ദിവസങ്ങള്‍ പിന്നിട്ടു എന്നിട്ടും ആ പേരല്ലാതെ പീന്നീട് എന്തെന്ന് കേരളത്തിന് അറിയാന്‍ സാധിച്ചിട്ടില്ല. അതെ ജസ്‌നയെന്ന പേര് മലയാളക്കരയ്ക്ക് നീറ്റലായി അവശേഷിക്കാന്‍ തുടങ്ങിയിട്ട് അറുപത് ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. എവിടെയാണ് ജസ്‌ന, ജസ്‌നയ്ക്ക് എന്താണ് സംഭവിച്ചത്. അന്വേഷണം ഇപ്പോഴും കൃത്യമായി പുരോഗമിക്കുന്നുണ്ടോ ?. പറഞ്ഞതും അറിഞ്ഞതുമായ വിവരങ്ങളില്‍ സത്യമുണ്ടോ? ഇത്തരത്തില്‍ ഒരു നൂറുകൂട്ടം ചോദ്യങ്ങളാണ് മലയാളികളുടെ മനസില്‍ ഉയരുന്നത്.
കോട്ടയം മുക്കൂട്ടുത്തറ സ്വദേശിയായ ജസ്‌നയെ കാണാതായി രണ്ടു മാസത്തിനിപ്പുറം കേസ് അന്വേഷണം എത്രത്തോളമായെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും പുറത്തു വരുന്നില്ല. ബംഗലൂരു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ച് പോയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വീണ്ടും പറയുന്നത്. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അന്വേഷണം നടത്തിയതെന്നും ജസ്‌നയെപ്പറ്റി ലഭിച്ച സൂചനകള്‍ വിശ്വസനീയമായ സ്ഥലങ്ങളില്‍ നിന്നാണോ ലഭിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ പൊലീസിനു നേരെ ഇപ്പോള്‍ ഉയരുകയാണ്. ഊഹങ്ങള്‍ക്ക് വില കൊടുക്കാതെ കൃത്യമായ വിവരങ്ങള്‍ക്ക് വേണ്ടെ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കൊടുക്കാന്‍.
കഴിഞ്ഞ മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്‌റ് ഡൊമിനികസ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്‌ന ജയിംസിനെ കാണാതാകുന്നത്. മുണ്ടക്കയത്തെ ബന്ധുവിന്‌റെ വീട്ടിലേക്കാണ് പോയതെന്ന് അയല്‍വാസി പറഞ്ഞിടത്ത് നിന്നുമാണ് അന്വേഷണം ആരംഭിക്കുന്നത്. കണ്ണിമലയിലെ ഒരു ബാങ്കിലെ സിസിടിവി ദൃശ്യങ്ങളില്‍ ജസ്‌ന ബസില്‍ ഇരിക്കുന്നത് കാണാമെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. ശേഷം വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. ഫോണ്‍ എടുത്തിട്ടില്ലാത്തതിനാല്‍ ജസ്‌നയെ പിന്തുടരാനുള്ള വാതിലും അടഞ്ഞു. കുട്ടിയെ കാണാതായി എട്ടാം ദിവസമാണ് അന്വേഷണം ആരംഭിച്ചതെന്ന വസ്തുത തന്നെ പൊലീസിന്‌റെ അനാസ്ഥയുടെ തെളിവല്ലേ ?. ശേഷം നടന്ന അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. എന്നാല്‍ ജസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. റാന്നി എംഎല്‍എ രാജു ഏബ്രഹാമിന്‌റെ നിയമസഭയിലെ സബ്മിഷനെ തുടര്‍ന്നാണ് നടപടി.
ഇതിനിടെയാണ് ജസ്‌ന പുരുഷ സുഹൃത്തിനൊപ്പമാണ് പോയതെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. മഡിവാളയെന്ന സ്ഥലത്ത് ജസ്‌നയെയും സുഹൃത്തിനെയും കണ്ടുവെന്ന മൊഴിയെ തുടര്‍ന്ന് അന്വേഷണവും ഊര്‍ജിതമായിരുന്നു. എന്നാല്‍ ഇത് ജസ്‌നയായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. ജസ്‌നയ്ക്ക് അത്തരത്തിലൊരു ആണ്‍ സുഹൃത്ത് ഇല്ലെന്ന വസ്തുതയും ജസ്‌നയുടെ സുഹൃത്തുകള്‍ പറഞ്ഞതും ഈ അവസരത്തില്‍ ഓര്‍ക്കണം. പഠനത്തിനു മാത്രം പ്രാധാന്യം നല്‍കി ജീവിതത്തില്‍ വിജയം നേടണമെന്ന് ആഗ്രഹിച്ചിരുന്ന ജസ്‌ന തെറ്റായ മാര്‍ഗത്തില്‍ പോകില്ലെന്ന് തന്നെ നമുക്കും ഉറച്ച് വിശ്വസിക്കാം. കൃത്യമായ രീതിയില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് സര്‍ക്കാരും ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തണം. അന്വേഷണത്തെ ദിശ തെറ്റിക്കും വിധമുള്ള കിംവദന്തികള്‍ക്ക് കാതുകൊടുക്കാതെ കൃത്യമായ അന്വേഷണം മുന്നോട്ട് പോകട്ടെ. അത് ഫലം കാണട്ടെയെന്നും ജസ്‌നയെന്ന മിടുക്കിയെ നമുക്ക് തിരികെ തരണമേ എന്നും നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം.
Post Your Comments