മംഗലാപുരം•കര്‍ണാടകയിലെ മംഗലാപുരത്ത് (മംഗളൂരു) രണ്ട് പേര്‍ക്ക് നിപാ വൈറസ് (NiV) ബാധയെന്ന് സംശയം.
ഇതേത്തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സ്ഥിഗതികള്‍ നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിപാ വൈറസ് ബാധ സംശയിക്കുന്ന രണ്ട് രോഗികളുടെ രക്ത സാമ്പിളുകള്‍ മണിപ്പാലിലെ വൈറസ് റിസര്‍ച്ച് സെന്ററിലേക്ക് അയച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ സ്ഥിരീകരണത്തിനായി രക്ത സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്നും ഡി.എച്ച്.ഒ എം.രാമകൃഷ്ണ റാവു പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ഒരാളും പ്രദേശവാസിയായ ഒരാളുമാണ് നിപാ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഒരാളെ ഗവണ്മെന്റ് വെന്‍ലോക്ക് ആശുപത്രിയിലും രണ്ടാമത്തെയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും റാവു പറഞ്ഞു.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ പരിശോധന ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂനയില്‍ നിന്നുള്ള റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ നിപാ വൈറസ് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ മണിപ്പാലിലെ എം.സി.വി.ആറില്‍ പരിശോധനാ സൗകര്യം ലഭ്യമാണ്. ഒരു ടെസ്റ്റിന് 5,000-6,000 രൂപ ചെലവ് വരും. മംഗളൂരുവില്‍ കൂടി ഇത്തരം പരിശോധനാ സംവിധാനം ഒരുക്കാന്‍ വകുപ്പ് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments