Kerala

അവര്‍ എന്നെ അടിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, സി.പി.എം. പാര്‍ട്ടി ഗ്രാമത്തില്‍ വീട്ടമ്മയ്ക്ക് സംഭവിച്ചത്

കാഞ്ഞങ്ങാട്‌ : പാര്‍ട്ടി ഗ്രാമമെന്നു സി.പി.എം. വിശേഷിപ്പിക്കുന്ന നീലേശ്വരം പാലായിയിൽ വീട്ടമ്മയെ അടിച്ചോടിച്ചു. 63കാരിയായ രാധയ്ക്ക് നേരെയാണ് അക്രമങ്ങൾ അരങ്ങേറിയത്. ഒരുകൂട്ടമാളുകള്‍ തന്നെയും മക്കളെയും വേട്ടയാടുകയാണെന്ന് രാധ പറയുന്നു. സി.പി.എം. കുടുംബാംഗമായ ഇവര്‍ കയ്യൂര്‍ സമരസേനാനി എലിച്ചി കണ്ണന്റെ കൊച്ചുമകളാണ്. പെന്‍ഷന്‍ വേണ്ടെന്നു പറഞ്ഞ പരേതനായ സ്വാതന്ത്ര്യസമരസേനാനി പി.പി.കുമാരന്റെ മകളും കെ.എസ്.ടി.എ. നേതാവായിരുന്ന ടി.രാഘവന്റെ ഭാര്യയുമാണ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രഥമാധ്യാപകനായി ജോലിചെയ്യവേ രാഘവന്‍ മരിച്ചു.
മൂന്നു പെൺമക്കളെയും വളർത്തി വലുതാക്കി, നല്ല വിദ്യാഭ്യാസം നൽകി, അവരെ വിവാഹം ചെയ്‌തയച്ചു.

ALSO READ: മക്കൾ കണ്ടു നിൽക്കെ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു

മക്കൾ വിവാഹം ചെയ്‌ത്‌ പോയ ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു രാധ താമസം. ഇതിനിടയിലാണ് നാട്ടിലെ ഒരുകൂട്ടമാളുകള്‍ ദ്രോഹം തുടങ്ങിയത്. വീടും പറമ്പും ഉൾപ്പെടുന്ന സ്ഥലം ഒന്നരയേക്കറോളം വരും. പൂരക്കളി കളിക്കാന്‍ സ്ഥലം വേണമെന്നായിരുന്നു ആദ്യ ആവശ്യം. ഇതിനായി നാലേമുക്കാല്‍ സെന്റ് നല്കി. കളിക്കുന്നിടം മാറ്റണമെന്ന് തൊട്ടടുത്ത ക്ഷേത്രത്തിന്റെ പ്രശ്‌നചിന്തയില്‍ തെളിഞ്ഞതിനാല്‍ നാലേമുക്കാല്‍ സെന്റ് വീണ്ടും ചോദിച്ചു. ആദ്യം തന്ന സ്ഥലം തിരിച്ചുതരികയാണെങ്കില്‍ പുതിയ സ്ഥലം നല്കാമെന്ന് പറഞ്ഞു. വാക്കാല്‍ പരസ്​പരം സമ്മതിച്ച്‌ കരാറെഴുതി. എന്നാല്‍ ആദ്യത്തെ സ്ഥലം തിരിച്ചുതന്നില്ല, രണ്ടാമത്തെ സ്ഥലം കൈയേറുകയും ചെയ്തു -രാധ പറയുന്നു.

ശേഷം രാധയെയും മക്കളെയും ഉപദ്രവിക്കാൻ തുടങ്ങി. എന്നിട്ടും കലി അടങ്ങിയില്ല. ജനുവരി അഞ്ചിന് ഒരുസംഘം വീട്ടില്‍ കയറി ആക്രമിച്ചു. പരിക്കേറ്റ് ആസ്​പത്രിയില്‍ കിടക്കേണ്ടിവന്നു. മാര്‍ച്ച്‌ 18-ന് രാവിലെ രണ്ടാമത്തെ മകള്‍ വന്നപ്പോള്‍ സംഘടിച്ചെത്തിയവര്‍ അവളെ മുറിയിലാക്കി പൂട്ടി. വിവരമറിഞ്ഞ് പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. അതേദിവസം വൈകുന്നേരം തന്നെയും അടിച്ചോടിച്ചു. പോലീസിനും മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനുമെല്ലാം പരാതിയയച്ചു. ജില്ലാ കളക്ടറുള്‍പ്പെടെ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇന്നും വീട്ടുവളപ്പിൽ കയറാനാകാതെ വിഷമിക്കുകയാണ് രാധ.
എന്നാൽ രാധയുടെ സ്ഥലമെടുത്തിട്ടില്ലെന്നും അവര്‍ക്കും മക്കള്‍ക്കും ഊരുവിലക്കില്ലെന്നും സി.പി.എം. പേരോല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം ടി.കുഞ്ഞിക്കണ്ണന്‍ പ്രതികരിച്ചു.

ചിത്രം കടപ്പാട്: മാതൃഭൂമി

shortlink

Related Articles

Post Your Comments

Related Articles


Back to top button