പേരാമ്പ്ര : കോഴിക്കോട് പൂഴിത്തോട്ടില്‍ മകന്റെ കൈയിലെ തോക്കില്‍ നിന്നും വെടിയേറ്റ് അമ്മ മരിച്ച സംഭവത്തില്‍ സംശയമുയര്‍ത്തി ബന്ധുക്കള്‍. തോക്ക് കാട്ടില്‍ നിന്നു കിട്ടിയതാണെന്ന മൊഴികള്‍ അവിശ്വസനീയമാണെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. തോക്ക് എങ്ങനെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ പക്കലെത്തിയെന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
മലയോരങ്ങളില്‍ തോക്ക് കൈവശം വച്ചിരുന്നവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നു അതാതു പോലീസ് സ്റ്റേഷനുകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഏല്‍പ്പിച്ചിരുന്നു. ഷൈജിയുടെ മാറിലാണു വെടിയേറ്റിരിക്കുന്നത്. മരണം നടന്ന വീട്ടിലെ കട്ടിലില്‍ നിന്നു രണ്ടു ഹെഡ് ലൈറ്റുകളും കണ്ടെത്തിയിരുന്നു. വെടിയുതിര്‍ന്ന തോക്കിന്റെ യഥാര്‍ഥ ഉടമകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മറയാക്കി ആരെയും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Post Your Comments