ബെംഗളൂരു : കര്‍ണാടകയില്‍ ബി.ജെ.പി പുറത്തുപോയെങ്കിലും ‘വിശ്വാസക്കൂടുതല്‍’ കാരണം റിസോര്‍ട്ടുകളില്‍ കഴിയുന്ന കോണ്‍ഗ്രസ്, ജെ ഡി എസ് എം എൽ എ മാർക്ക് മടുത്തു. തങ്ങൾക്ക് വീട്ടിൽ പോകണമെന്നാണ് ഇവരുടെ നിലപാട് .മെയ് 15 മുതല്‍ ഹോട്ടലില്‍ കഴിയുന്ന കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എ മാര്‍ക്ക് ഇനിയും തങ്ങളുടെ മണ്ഡലത്തിലോ വീട്ടിലോ പോകാന്‍ അനുവാദം ലഭിച്ചിട്ടില്ല.
കുമാരസ്വാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്ന 24ന് ശേഷം ഇവരെ ഹോട്ടലില്‍ നിന്ന് വിട്ടയച്ചാല്‍ മതിയെന്ന നിലപാടിലാണ് നേതാക്കള്‍. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന കുമാരസ്വാമി വ്യാഴാഴ്ച സഭയില്‍ വിശ്വാസം തേടും.കുമാരസ്വാമി വിശ്വാസം തെളിയിക്കുന്നതുവരെ എം.എല്‍.എമാര്‍ ഹോട്ടലുകളില്‍ തുടരും. പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് എം.എല്‍.എമാരോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
എം.എല്‍.എമാരെ ഒരു ദിവസമെങ്കിലും പോകാന്‍ അനുവദിക്കാമെന്നായിരുന്നു ആദ്യം പദ്ധതിയെങ്കിലും ബി.ജെ.പി ഇവരെ ചാക്കിട്ട് പിടിക്കുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പിന്നീട് അതും വേണ്ടെന്ന് വെക്കുകയായിരുന്നു. ദിവസത്തില്‍ ഒരിക്കലെങ്കിലും ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും നേതൃത്വം തള്ളിക്കളഞ്ഞു. ഫലം അറിഞ്ഞതിനു പിന്നാലെ ഒളിവില്‍ പോയ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡ പാട്ടിലിനെയും തിരിച്ച് ക്യാംപില്‍ എത്തിച്ച കോണ്‍ഗ്രസ് അവരെയും മറ്റ് എം.എല്‍.എമാര്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുകയാണ്.
വിശ്വാസവോട്ട് കഴിയും വരെ എല്ലാ എം.എല്‍.എമാരും ഹോട്ടലുകളില്‍ തന്നെ തങ്ങുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ജി.പരമേശ്വരയും അറിയിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാന താവളത്തിനടുത്തുള്ള ഹില്‍ടണ്‍ ഹോട്ടലാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ താവളം. ജെ.ഡി.എസ് എം.എല്‍.എമാര്‍ ലെ മെറിഡിയിനിലാണ് തങ്ങിയിരുന്നത് എങ്കിലും പിന്നീട് ദൊദ്ദബല്ലാപുരിലെ ഒരു റിസോര്‍ട്ടിലേക്ക് ഇവരെ മാറ്റിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, മല്ലകാര്ജുര് ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ എന്നിവര്‍ എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് മനസ്സില്‍വച്ചുവേണം പ്രവര്‍ത്തിക്കാനെന്നും എല്ലാവരും സഹകരിക്കണമെന്നും ശിവകുമാര്‍ എം.എല്‍.എമാരോട് പറഞ്ഞു.
Post Your Comments