റമദാന്‍ എന്ന് കേള്‍ക്കുമ്പോഴെ പലരുടെയും മനസുകളില്‍ ആദ്യം ഓടിയെത്തുന്നത് വ്യത്യസ്തമായ രുചിക്കൂട്ടുകളാണ്. റമദാനില്‍ കൂടുതലും പരീക്ഷിക്കപ്പെടുന്നത് മലബാര്‍ സ്‌പെഷ്യല്‍ വിഭവങ്ങളാണ്. അത്തരത്തിലൊരു വിഭവമാണ് കിളിക്കൂട്. കേള്‍ക്കുമ്പോള്‍ അല്‍പ്പം വ്യത്യസ്തമാണെങ്കിലും തയാറാക്കാന്‍ വളരെ എളുപ്പമാണ്.
ചിക്കന്‍ -1/4 kg (ബോണ്‍ലെസ്സ്)
ഉരുളക്കിഴങ്ങു-2
സവാള ചെറുതായി അരിഞ്ഞത് -1
പച്ചമുളക് ചെറുതായി അരിഞ്ഞത് -2 (optional)
ഇഞ്ചി &വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍
കറിവേപ്പില,മല്ലിയില ചെറുതായി അരിഞ്ഞത്
മുളകുപൊടി ,കുരുമുളകുപൊടി 1 1/2 ടീസ്പൂണ്‍ വീതം (എരിവ് അനുസരിച്ചു)
മഞ്ഞള്‍പ്പൊടി -1/4 ടി സ്പൂണ്‍
മല്ലിപ്പൊടി -1 ടി സ്പൂണ്‍
പെരും ജീരകം പൊടിച്ചത് -1/2 ടീസ്പൂണ്‍
വെര്‍മസിലി/ സേമിയ -1 കപ്പ്
മുട്ട -1
ഉപ്പ്,എണ്ണ ആവശ്യത്തിന്
ചിക്കന്‍ ചെറുതായി അരിഞ്ഞു അല്‍പ്പം മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത് ഒന്ന് വേവിച്ചു മാറ്റിവെക്കുക. ഉരുളക്കിഴങ്ങു പുഴുങ്ങി തൊലി കളഞ്ഞുഒന്ന് ഉടച്ചു വെക്കുക.
പാനില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക് എന്നിവ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഒന്ന് വഴറ്റിയെടുക്കുക. മല്ലിയിലയും കറിവേപ്പിലയും ചേര്‍ക്കാം.
ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി ഒന്നുകൂടെ വഴറ്റാം. പൊടികള്‍ ചേര്‍ത്ത് ഒന്നിളക്കിയെടുത്ത ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചിക്കനും ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു ഒന്ന് തണുക്കാന്‍ വെക്കാം.
തണുത്ത ശേഷം കൈകൊണ്ടു നന്നായി കുഴച്ചു ചെറിയ ഉരുളകളാക്കാം. മുട്ട ഒരു ചെറിയ പാത്രത്തില്‍ പൊട്ടിച്ചൊഴിച്ചു ഒന്ന് മിക്‌സ് ചെയ്തു വെക്കുക. ഓരോ ഉരുളയും മുട്ടയില്‍ മുക്കി സേമിയയില്‍ പൊതിഞ്ഞു വെക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി വറുത്തെടുക്കാം. എണ്ണ ചൂടായ ശേഷം ചെറിയ തീയില്‍ വേണം വറുക്കാന്‍. മലബാര്‍ സ്‌പെഷ്യല്‍ കിളിക്കൂട് റെഡി !
Post Your Comments