Latest News

ഗാന്ധിഭവനിലെ അഗതികള്‍ക്ക് അഞ്ചര കോടി രൂപയുടെ സഹായവുമായി ലുലു ഗ്രൂപ്പ്

കൊല്ലം•പരിശുദ്ധ റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ ആരംഭദിനത്തില്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കാരുണ്യവര്‍ഷം. ഗാന്ധിഭവനിലെ അന്തേവാസികളായ 200 അമ്മമാര്‍ക്ക് താമസിക്കുവാനായി അഞ്ചുകോടി രൂപ ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനിലകെട്ടിടം നിര്‍മ്മിച്ചുനല്‍കും. കൂടാതെ റംസാന്‍ സമ്മാനമായി 50 ലക്ഷം രൂപയും ലുലു ഗ്രൂപ്പ് ഗാന്ധിഭവന് സമ്മാനിച്ചു.

രണ്ടുവര്‍ഷം മുമ്പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ അമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ തന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്നും, മക്കളുപേക്ഷിച്ച അമ്മമാരുടെ വേദനയാണ് ലോകത്തിലെ ഏറ്റവും വലിയ ദുഃഖമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞിരുന്നു. ഗാന്ധിഭവന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളും മതേതര സ്വഭാവവുമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്നുമുതല്‍ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്റെ അപ്രതീക്ഷിത സഹായങ്ങള്‍ ഗാന്ധിഭവന് ലഭ്യമായതായി ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ പറഞ്ഞു.

ദൈനംദിനം നിരവധി പേര്‍ അഭയം തേടിയെത്തുന്ന ഗാന്ധിഭവനില്‍ ആയിരത്തിലേറെ അന്തേവാസികളും ഇരുനൂറിലധികം സേവനപ്രവര്‍ത്തകരുമുണ്ട്. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന സാഹചര്യത്തിലാണ് ഈ അപര്യാപ്തത മനസ്സിലാക്കി യൂസഫലിയുടെ സഹായഹസ്തം വീണ്ടും എത്തിയത്. ഇതിനുമുമ്പ് പലപ്പോഴായി മൂന്നുകോടിയിലധികം രൂപയുടെ സഹായങ്ങളും ലുലു ഗ്രൂപ്പ് ഗാന്ധിഭവന് നല്‍കിയിരുന്നു. പ്രതിവര്‍ഷം ഗാന്ധിഭവന് നല്‍കുന്ന ഒരു കോടി രൂപയുടെ ഗ്രാന്റ് കൂടാതെയാണ് ഇപ്പോഴത്തെ ഈ സഹായപ്രഖ്യാപനം. ആദ്യസന്ദര്‍ശനവേളയില്‍ ഗാന്ധിഭവനില്‍ ഒരു കെട്ടിടം നിര്‍മ്മിക്കാനായി ഒരു കോടി രൂപ യൂസഫലി സമ്മാനിച്ചിരുന്നു. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ അവശതയുള്ള അമ്മമാര്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടി താമസിക്കുവാനുള്ള സംവിധാനങ്ങളാണ് 5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ ഏര്‍പ്പെടുത്തുന്നത്. ഉറ്റവര്‍ കൈവിട്ട് തെരുവില്‍ കഴിയേണ്ടിവന്ന അമ്മമാര്‍ ജീവിതാവസാനം വരെ സങ്കടപ്പെടാതെ സുഖമായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് എം.എ. യൂസഫലി ഗാന്ധിഭവനെ അറിയിച്ചു.

ഗാന്ധിഭവനിലെ 34 കുടുംബാംഗങ്ങള്‍ ഈ വര്‍ഷം നോമ്പ് അനുഷ്ഠിക്കുന്നുണ്ട്. അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഗാന്ധിഭവനില്‍ ഒരുക്കിയിട്ടുണ്ട്. വിപുലമായ ഇഫ്താര്‍ സംഗമവും ഈ നോമ്പുകാലത്ത് ഗാന്ധിഭവനില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

എം.എ. യൂസഫലിക്കു വേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്, മാനേജര്‍ എന്‍. പീതാംബരന്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, ബാബു വര്‍ഗ്ഗീസ് എന്നിവര്‍ ഗാന്ധിഭവനിലെത്തി പദ്ധതി പ്രഖ്യാപിക്കുകയും റംസാന്‍ സഹായമായ അമ്പതുലക്ഷം രൂപയുടെ ഡി.ഡി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് കൈമാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button