തോമസ് ചെറിയാന്‍.കെ
റമദാന്‍ വിശുദ്ധിയിലേക്ക് വ്രതമെന്ന പാതയിലൂടെ യാത്ര ആരംഭിക്കുകയാണ് ഓരോ വിശ്വാസിയും. പുണ്യനാളുകളില്‍ അല്ലാഹുവിന്‌റെ ദിവ്യ വചനങ്ങള്‍ ധ്യാനിച്ച് മനസിനെയും ശരീരത്തെയും ആത്മീയതയെന്ന ദിവ്യ അനുഭൂതിയുടെ ലോകത്തേക്ക് നാം പ്രാര്‍ത്ഥനയോടെ കൊണ്ട്പോവുകയാണ്. മനനം ചെയ്യുന്നവനാണ് മനുഷ്യന്‍ അവന് ചിന്തയുടെ ലോകം സമ്മാനിച്ച അല്ലാഹുവിന് തിരികെ നല്‍കാനാവുന്നത് വിശുദ്ധമായ പ്രവൃത്തികളാണ്. ശുദ്ധിയുള്ള ചിന്തകളാണ് ശുദ്ധിയുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അഥവാ അത് ശുദ്ധി ഇല്ലാത്തതാണെങ്കില്‍ പാപത്തിന്‌റെ പ്രവൃത്തികളാണ് മനുഷ്യനില്‍ നിന്ന് ഉണ്ടാവുക. പാപം ചെയ്യാതിരിക്കുവാന്‍ നിങ്ങളുടെ ചിന്തകളെ ശുദ്ധിയുള്ളതാക്കണമെന്ന അല്ലാഹുവിന്‌റെ വചനം നോമ്പു നാളുകളില്‍ മാത്രമല്ല സര്‍വ ശക്തന്‍ നമുക്ക് സമ്മാനിച്ച ഭൂമിയെന്ന തോട്ടത്തില്‍ ജീവിക്കുന്ന ഓരോ നിമിഷവും വേണം. അപ്പോള്‍ ശരീരത്തിലും ആത്മാവിലും അല്ലാഹുവിന്‌റെ ദിവ്യ കിരണങ്ങളാണ് സ്പര്‍ശിക്കുന്നത്.
ദുഃഖം, രോഗം, പ്രയാസം, മനസിനെ അലട്ടുന്ന ഭാരങ്ങള്‍ ഇവയെല്ലാം മനുഷ്യ ജീവിതത്തിന്‌റെ പ്രയാണത്തില്‍ ഉള്ളതാണ്. എന്നാല്‍ അവയില്‍ തളരാതെ ഊര്‍ജത്തോടെ നില്‍ക്കണമെങ്കില്‍ വിശ്വാസമെന്ന പരിച നാം ചേര്‍ത്തു പിടിയ്ക്കണം. അല്ലാഹുവിനോട് വിശ്വാസം എന്ന ശക്തിയില്‍ ചേര്‍ന്നു നില്‍ക്കുന്നത് പോലെ തന്നെ മനുഷ്യനും മനുഷ്യനും സഹവര്‍ത്തിത്വം എന്ന കയറില്‍ ചേര്‍ന്ന് നില്‍ക്കണം. വേദനയിലായിരിക്കുന്നവന് ഒരു സഹായ ഹസ്തം നീട്ടാന്‍ സാധിച്ചാല്‍ അവനില്‍ നിന്നും പ്രകാശികുന്നത് സ്‌നേഹം മാത്രമല്ല അല്ലാഹുവിന്‌റെ പ്രതിരൂപം തന്നെയാണ്. വിശക്കുന്നവന് ആഹാരം, രോഗത്തിലായിരിക്കുന്നവന് ഔഷധം, ഒറ്റപ്പെട്ടിരിക്കുന്നവന് ആശ്രയം, പ്രതീക്ഷകള്‍ നഷ്ടപ്പെട്ടവന് പ്രത്യാശയുടെ പൊന്‍ കിരണം. മനുഷ്യന് മാത്രം സാധിക്കുന്ന ദിവ്യമായ പ്രവൃത്തികള്‍ അല്ലാഹു മനുഷ്യനായി തന്ന ഭൂമിയെന്ന തോട്ടത്തിലെ പൂക്കള്‍ പോലെ തന്നെയാണ് ചിന്താ മണ്ഡലമെന്ന തോട്ടത്തില്‍ നന്മയുടെ ഈ ചെടികള്‍ നട്ടു തന്നിരിക്കുന്നത്. അതിലെ പൂക്കളായി വിരിയുന്നത് നമ്മുടെ പ്രവൃത്തികളാണ്. അവയാണ് ലോകത്തിന് മാതൃകയുള്ള സുഗന്ധമായി മാറുന്നത്.
സഹവര്‍ത്തിത്വത്തിന്‌റെ പ്രാധാന്യം അല്ലാഹു പഠിപ്പിച്ചത് അത് ലോകത്തോട് പറയാനും പ്രവൃത്തിക്കാനുമാണ്. ലോകാരംഭം മുതല്‍ എന്നന്നേക്കും നിലനില്‍ക്കുന്ന വചനങ്ങള്‍ പോലെ മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന പ്രവൃത്തികളും നിലനില്‍ക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ വര്‍ഷത്തെ റമദാനിലേക്ക് കടക്കുമ്പോള്‍ നാം കേള്‍ക്കുന്നത്. യുഎഇയിലെ നൂറുകണക്കിന് വിശ്വാസികള്‍ക്ക് ക്രൈസ്തവ വിശ്വാസിയായ സഹോദരന്‍ സമ്മാനിച്ചത് പുണ്യത്തിന്‌റെ നിറവിയുള്ള മുസ്ലീം പള്ളിയാണ്. മലയാളിയായ പ്രവാസി സജി ചെറിയാനാണ് പുണ്യ ദിനങ്ങളില്‍ മാനവികതയുടെ പൊന്‍മാതൃകയായി തീര്‍ന്നത്. ബിസിനസുകാരനായ സജി ഫ്യുജയ്‌റയിലെ 53 കമ്പനികളിലായി തൊഴിലെടുക്കുന്ന ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കി വരികയായിരുന്നു. ഇവരില്‍ മിക്കവരും നിസ്‌കരിക്കാന്‍ വലിയ തുക വണ്ടിക്കൂലി മുടക്കി പോകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് എന്തുകൊണ്ട് ഇവര്‍ക്ക് പ്രത്യേകമായി പളളി സ്ഥാപിച്ചു കൂടാ എന്ന ആശയം സജിയുടെ ഉള്ളിലുദിച്ചത്.
1.3 മില്യണ്‍ ദിര്‍ഹം മുടക്കിയാണ് പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അല്‍ ഹയാല്‍ വ്യാവസായിക ഏരിയയില്‍ ഈസ്റ്റ് വില്ലെ റിയല്‍ എസ്റ്റേറ്റ് കോംപ്ലക്‌സിലാണ് മുസ്ലീം പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. ഒരേ സമയം 250 പേര്‍ക്ക് ആരാധന നടത്താനുളള സൗകര്യമാണ് പള്ളിയില്‍ ഒരുക്കിയിരിക്കുന്നത്. പളളിയില്‍ ശുദ്ധജലമുള്‍പ്പടെ വേണ്ട എല്ലാ സംവിധാനങ്ങളും തയാറാണ്. 2003ല്‍ വളരെ തുച്ഛമായ തുക കൊണ്ട് യുഎഇയില്‍ എത്തിയ സജിയുടെ ബിസിനസ് വിജയത്തിന് പിന്നില്‍ കണ്ണീരിന്‌റെയും കഷ്ടപ്പാടിന്‌റെയും അതിലുപരി മനുഷ്യസ്‌നേഹത്തിന്‌റെയും കഥകള്‍ ഏറെയുണ്ട്.
Post Your Comments