KeralaLatest News

ഗോവ പീഡനം : സിപിഐഎം മംഗലാപുരം ഏരിയ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: സിപിഐഎം മംഗലപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ഗോവയില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവ് ആയ വിനോദിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിക്ക് അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഗോവയിലേക്ക് കൊണ്ടുപോയതെന്നും താമസിക്കുന്ന ഹോട്ടല്‍ റൂമില്‍ രാത്രി നേതാവ് കയറിച്ചെന്നതോടെ യുവതി ഇറങ്ങിയോടുകയും സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

ഹോട്ടലില്‍ വ്യത്യസ്ത റൂമുകളിലായിരുന്ന ഇയാൾ ഇടയ്ക്ക് യുവതിയുടെ റൂമില്‍ ചെന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇയാൾ അപമര്യാദയായി പെരുമാറിയതോടെ യുവതി ഇറങ്ങിയോടിയതായാണ് ഗോവന്‍ പൊലീസ് വ്യക്തമാക്കിയത്. വിവരമറിഞ്ഞെത്തിയ മഡ്ഗാവ് ടൗണ്‍ പൊലീസ് കേസെടുത്ത് യുവതിക്ക് സംരക്ഷണം ഏര്‍പ്പെടുത്തുകയും പ്രതിയെ കസ്റ്റഡിയിലെടുത്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. ഇവരില്‍ നിന്ന് കൂടുതല്‍ മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും മാത്രമാണ് ഒരുമിച്ച്‌ ഗോവയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു.

ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയല്ല ഇരുവരില്‍ നിന്നും ലഭിച്ചത്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും തുടര്‍ നടപടികള്‍. പരാതിക്കാരിയും നേതാവും ഗോവയിലെത്തിയ സാഹചര്യത്തെപ്പറ്റി മുഴുവന്‍ വിവരങ്ങളും ലഭ്യമായില്ലെന്നും ദ്വിഭാഷിയെവച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും പൊലീസ് പറയുന്നു. അതെ സമയം പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തിയുണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം സസ്‌പെന്‍ഷന്‍ നൽകിയത്. ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും വിനോദിനെ ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button