ദുബായ്: റമദാന്‍ നോമ്പ് തുടങ്ങുന്നതോടെ സ്‌കൂളുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം. ദുബായിലേയും വടക്കന്‍ എമിറേറ്റുകളിലെയും സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ദുബായ് എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളുടെ സമയം വൈജ്ഞാനിക^മാനവ വികസന അതോറിറ്റിയും (കെ.എച്ച്.ഡി.എ) അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ കിന്റര്‍ഗാര്‍ട്ടന്‍ സമയം രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12 വരെയായി ചുരുക്കി. പ്രൈമറി സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12.35 വരെയും പെണ്‍കുട്ടികള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 1.35 വരെയുമായിരിക്കും ക്ലാസ് സമയം. സെക്കന്‍ഡറി സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് രാവിലെ എട്ടിന് ക്ലാസ് തുടങ്ങി ഉച്ചക്ക് 1.20ന് അവസാനിക്കും. പെണ്‍കുട്ടികള്‍ക്ക് രാവിലെ ഒമ്പതിന് തുടങ്ങി ഉച്ചക്ക് 2.20 ആയിരിക്കും അവസാനിക്കുക.
റമദാനില്‍ ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി ചുരുക്കുമെന്ന് വൈജ്ഞാനിക മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചിട്ടുണ്ട്.സ്വകാര്യ സ്‌കൂളുകളുടെ പ്രവൃത്തി സമയം രാവിലെ എട്ടിനും 8.30നും ഇടയില്‍ ആരംഭിക്കുകയും ഉച്ചക്ക് ഒന്നിനും 1.30നും ഇടയില്‍ അവസാനിക്കുകയും ചെയ്യുമെന്ന് കെ.എച്ച്.ഡി.എ ലൈസന്‍സിങ് കംപ്ലൈന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ദര്‍വീശ് പറഞ്ഞു. റമദാനില്‍ കായിക വിദ്യാഭ്യാസ ക്ലാസുകള്‍ ഒഴിവാക്കാന്‍ കെ.എച്ച്.ഡി.എ സ്വകാര്യ സ്‌കൂളുകളോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്
Post Your Comments