India

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരാതിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി : രാഷ്ട്രീയ എതിരാളികളെ കുറിച്ച് അനാവശ്യവും ഭീഷണിയുടെ സ്വരത്തിലുമുള്ള ഭാഷ ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ സമീപിച്ചു. പ്രധാനമന്ത്രിയുടെ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് ഉചിതമല്ലെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി പദവിക്കു ചേരാത്ത വിധമുള്ള ഭാഷയും ഭീഷണിപ്പെടുത്തലുമാണു മോദി നടത്തുന്നത്. പൊതുജനമധ്യത്തിലാണു പല ഭീഷണികളും. ഇത്തരം മോശം ഭാഷാപ്രയോഗവും ഭീഷണിയും നടത്തുന്നതു മിക്കവാറും പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടാണ്. ഇത്തരത്തിലാകരുത് ഒരു പ്രധാനമന്ത്രിയുടെ ഭാഷ. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു കാര്യം ചിന്തിക്കാന്‍ കൂടിയാകില്ലെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണിത്. ഇന്ത്യയെ നയിക്കുന്ന മന്ത്രിസഭയുടെ നാഥനാണ് പ്രധാനമന്ത്രി. എന്നാല്‍ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ സംസാരിക്കുകയാണ് ചെയ്യുന്നത് എന്ന് കോണ്‍ഗ്രസ് എഴുതിയ കത്തില്‍ പറയുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി മേയ് ആറിന് മോഡി നടത്തിയ പ്രസംഗമാണ് കോണ്‍ഗ്രസിന്റെ പരാതിക്ക് ആധാരം. കോണ്‍ഗ്രസ് നേതാക്കള്‍ ദയവായി ശ്രദ്ധിക്കൂ, നിങ്ങള്‍ അതിര് കടന്നാല്‍…നിങ്ങള്‍ വില കൊടുക്കേണ്ടി വരും. അപ്പോള്‍ അറിയും ഇതാണ് മോദിയെന്ന്, ഇതായിരുന്നു   മോദിയുടെ വാക്കുകള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button