
അഞ്ജു പാര്‍വതി പ്രഭീഷ്
വിശ്വസ്തത അഥവാ ലോയൽറ്റിയെ ധ്വനിപ്പിക്കുന്നു പോലീസ് എന്ന ആംഗലേയ വാക്കിലെ “എൽ ” എന്ന അക്ഷരം.. ഇത് അക്ഷരംപ്രതി ജീവിതത്തിൽ പകർത്തുകയാണ് കേരളാപോലീസിലെ ചിലരെങ്കിലുമെന്നു തെളിയിക്കുന്നു സമകാലീന സംഭവങ്ങൾ. പക്ഷേ ആ വിശ്വസ്തത ആരോടെന്നതാണ് കുഴപ്പിക്കുന്ന, അതിനേക്കാളേറെ ആശങ്കയുളവാക്കുന്ന ചോദ്യം. അതോടൊപ്പമുയരുന്ന മറ്റൊരു ചോദ്യവും ആശങ്കയുമാണ് പോലീസിനു രാഷ്ട്രീയനിറം വേണമോ എന്നതും..
രാഷ്ട്രീയം പാടില്ലെന്ന വ്യവസ്ഥ കാറ്റിൽപ്പറത്തി കേരള പോലീസ് അസോസിയേഷൻ ചുവക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനങ്ങളിൽ രക്തസാക്ഷി സ്തൂപങ്ങൾ നിർമ്മിച്ച് ” ഇൻക്വിലാബ് സിന്ദാബാദ്” വിളിക്കുന്നതിനു കേരളം സാക്ഷിയാകുകയും ചെയ്തു. ഒപ്പം പോലീസ് അസോസിയേഷന്റെ ഔദ്യോഗിക ചിഹ്നവും ചുവന്നു. നീല വൃത്തത്തിനകത്തു ഒരു കയ്യിൽ ദീപശിഖയും മറുകയ്യിൽ നീതിയുടെ തുലാസു മേന്തി യൂണിഫോമിൽ നില്ക്കുന്ന പോലീസുകാരന്റെ ചിത്രമാണ് അസോസിയേഷന്റെ ഭരണഘടനയിലുളളത്. അതാണ് ചുവപ്പു നിറമാക്കിയത്.സംഘടനാ ഓഫീസിലെ ബോർഡിൽ പോലും നിറം ചുവപ്പാക്കി. ഇഷ്ടമുളള വസ്ത്രം ധരിക്കുന്നതിനെ നിയമത്തിനു എതിർക്കാനാവില്ലെങ്കിലും കോട്ടയത്ത് നടന്ന അസോസിയേഷൻ സമ്മേളനത്തിൽ മുതിർന്ന പോലീസ് മേധാവികളുടെ സാന്നിധ്യത്തിൽ അൻപതോളം വരുന്ന ഉദ്യോഗസ്ഥർ ധരിച്ച ചുവപ്പ് നിറം കൃത്യമായ സൂചനയായി.
ജനമൈത്രിയെന്ന നല്ല ആശയത്തെ രാഷ്ട്രീയമൈത്രിയെന്ന ബലഹീനതയ്ക്കുളള മുഖംമൂടിയാക്കി മാറ്റിയെന്നതാണ് വരാപ്പുഴ കസ്റ്റഡി മരണം വിളിച്ചുപറയുന്നത്. കാക്കിയിട്ടവർ തന്നെ കാക്കിയിട്ടവരുടെ ഒറ്റുകാരാവുന്നതും വരാപ്പുഴ കാട്ടിത്തന്നു. നീതിനിഷേധത്തിന്റെ ഒരുപാട് കഥകൾ ഇതിനുമുമ്പേ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ടായിരുന്നെങ്കിലും ആളു മാറി നിരപരാധിയായൊരു യുവാവിനെ, അതും രാഷ്ട്രീയപകയുടെ ഇരയായതുകൊണ്ടുമാത്രം മർദ്ദിച്ചു കൊല്ലുകയെന്നത് പോലീസ് വകുപ്പിനു തീരാകളങ്കം തന്നെയാണ്. ലിഗയുടെ കൊലപാതകവും പോലീസിന്റെ അനാസ്ഥയിലേക്ക് വിരൽചൂണ്ടിയപ്പോൾ, അതിനെ സാധൂകരിക്കാനായി മാത്രം കൊണ്ടുവന്ന ഒതളങ്ങാ തിയറിയും കേരളാ പോലീസിന്റെ ശോഭ കെടുത്തി.
എടപ്പാൾ സംഭവം നടന്നത് ഏപ്രിൽ 18നായിരുന്നു.25 നു തിയറ്റർ ഉടമകൾ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.26 നു ചൈൽഡ് ലൈൻ കേസെടുക്കണമെന്ന ശുപാർശയോടൊപ്പം ദൃശ്യങ്ങളും പോലീസിനു കൈമാറി. എന്നാൽ പോലീസ് ഈ സംഭവം പാടെ അവഗണിച്ചു.വിവാദമായപ്പോൾ മാത്രം ഇക്കഴിഞ്ഞ ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തു.പരാതി ലഭിച്ചിട്ട് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്.ഐയും കൃത്യവിലോപം പൊറുക്കാൻ കഴിയാത്തതാണ്. ഇവരോ നിയമപാലകർ? മാർച്ചിൽ മലപ്പുറം അരീക്കോട് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിന്റെ ചുരുളഴിയുമ്പോൾ അവിടെ വെളിവാകുന്നതും പോലീസിന്റെ അനാസ്ഥ തന്നെ. കഴിഞ്ഞ ഒൻപതിനു രാത്രിയായിരുന്നു പയ്യന്നൂരിലെ സംഭവം. അന്നു രാത്രി തന്നെ സംഭവം അറിഞ്ഞിട്ടും പോലീസ് കേസെടുത്തില്ല. പ്രതി 50,000 ന്റെ ചെക്ക് കുട്ടിയുടെ പിതാവിനു കൈമാറിയത് പുറത്തറിഞ്ഞതോടെയാണ് മൂന്നുദിവസത്തിനു ശേഷം പോക്സോ നിയമപ്രകാരം കേസെടുത്തത്.
പോലീസിന്റെ ക്ഷേമം ലക്ഷ്യമാക്കി സംസ്ഥാന പോലീസ് സേനകളിൽ സംഘടനാ സ്വാതന്ത്ര്യം നല്‍കാനുളള കേന്ദ്ര സർക്കാർ തീരുമാനമുണ്ടായത് 1979 ലായിരുന്നു. അന്നു മുതൽക്ക് മേലധികാരികൾക്ക് ക്രമസമാധാനപാലനത്തിനു രഹസ്യ തീരുമാനങ്ങൾ എടുക്കുന്നതിനു പരോക്ഷമായ വിലക്കുണ്ടായി. അവിടം മുതൽ കുറ്റവാളികൾക്ക് രഹസ്യസ്വഭാവമുളള വസ്തുതകൾ ചോർന്നു കിട്ടാനും തുടങ്ങി. അങ്ങനെയങ്ങനെ പൊതുജനങ്ങളുടെ സ്ഥാനം പുറത്തായി. രാഷ്ട്രീയക്കാരന്റെ ദുസ്വാധീനങ്ങളുടെ ഇടത്താവളമായി സ്റ്റേഷനുകൾ മാറി. പിന്നീടങ്ങോട്ട് പറയാനുളളതത്രയും നീതി നിഷേധത്തിന്റെ കഥകൾ. ഇടയ്ക്കും മുറയ്ക്കുമുള്ള ആക്ഷൻ ഹീറോ ബിജുമാരെയും സേന നടത്തിയ ഒരുപാടൊരുപാട് സൽകർമ്മങ്ങളെയും വിസ്മരിക്കുന്നില്ലെങ്കിൽ കൂടി, കാക്കിക്കുളളിലെ ക്രിമിനലുകൾ പെരുകുകയാണ്.
പൗരന്റെ ജീവനും സ്വത്തിനും മാന്യതയ്ക്കും കാവലാൾ ആവേണ്ടവരാണ് നിയമപാലകർ.കുറ്റവാളിയെന്നു സംശയം തോന്നുന്ന ആളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും പോലീസിനു അധികാരമുണ്ട്.പക്ഷേ ചോദ്യം ചെയ്യാൻ മൂന്നാംമുറ പ്രയോഗിക്കുന്നത് അപരിഷ്കൃതവും കാടൻ രീതിയുമാണ്.ഉരുട്ടലും ചൂരൽപ്രയോഗവും ഈ ഡിജിറ്റൽ യുഗത്തിലും പോലീസ് പ്രയോഗിക്കുന്നുവെങ്കിൽ ഹേഡ് കുട്ടൻ പിളള മാർ ഇപ്പോഴും സ്റ്റേഷൻ ഭരിക്കുന്നുവെങ്കിൽ നാം ഒരടി മുന്നോട്ടുപോകുമ്പോൾ പോലീസ് സേന മൂന്നടി പിന്നോട്ടു പോകുന്നുവെന്നു വേണം അനുമാനിക്കാൻ.. ജനങ്ങളുടെ രക്ഷിതാക്കളാണ് നിയമപാലകർ. അല്ലാതെ ശിക്ഷിതാക്കളല്ല.കൊടിയുടെ നിറവും മടിയുടെ കനവും നീതിനിർവ്വഹണത്തിനു തടസ്സമാകരുത്.അങ്ങനെ വന്നാൽ ജനത്തിനു നിയമം കയ്യിലെടുക്കേണ്ടി വരും. അങ്ങനെ വരാതിരിക്കട്ടെ!
കേരള പോലീസ് ”യഥാര്‍ത്ഥ പോലീസ്” ആയി മാറാന്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ജോയ് മാത്യു
Post Your Comments