ഹൈദരാബാദ്: ജുവനൈൽ ഹോമിലെ ശുചിമുറിയുടെ വെന്റിലേറ്റർ അറുത്തുമാറ്റി 15 കുട്ടികൾ രക്ഷപ്പെട്ടു. തെലങ്കാനയിലെ സൈദാബാദിലുള്ള ജുവനൈൽ ഹോമിലാണ് സംഭവം നടന്നത്. കൊലപാതകം ,മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളാണ് രക്ഷപ്പെട്ട കുട്ടികൾ. 14നും 16നും ഇടയ്ക്കു പ്രായമുള്ള കുട്ടികളാണ് ഞയറാഴ്ച അർധരാത്രിയോടെ രക്ഷപ്പെട്ടത്.
കെട്ടിടത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്കുകൾ മോഷ്ടിച്ചാണ് രണ്ടു കുട്ടികൾ രക്ഷപ്പെട്ടത്. ആദ്യം ബൈക്ക് മോഷണം സംബന്ധിച്ച പരാതിയാണ് പൊലീസിനു ലഭിച്ചത്. പിന്നീടു അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടികൾ രക്ഷപ്പെടുന്നത് കണ്ടെത്തിയത്.
രക്ഷപ്പെട്ടവരിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ ശക്തമാക്കി. സംഭവത്തെത്തുടർന്ന് ജുവനൈൽ ഹോമിലെ രണ്ടു സുരക്ഷാജീവനക്കാരെ സസ്പെൻഡ് ചെയ്തു. തെലങ്കാന സർക്കാരിനു കീഴിലുള്ളതാണ് ഈ ജുവനൈൽ ഹോം.
Post Your Comments