തിരുവനന്തപുരം: സംസ്ഥാനത്തുള്ളവർക്ക് ഇനി ധൈര്യമായി മീന്‍ കഴിക്കാം. മീനുകളിൽ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ആധുനിക പരിശോധനാ കിറ്റുകള്‍ ചെക്ക്‌പോസ്റ്റുകളിൽ എത്തിക്കഴിഞ്ഞു. സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ് കിറ്റുകള്‍ വികസിപ്പിച്ചത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം പൂവാര്‍, അമരവിള, പാലക്കാട്ടെ വാളയാര്‍ ചെക്ക്‌പോസ്റ്റുകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പരിശോധനയ്ക്കായി എടുക്കുന്ന മീന്‍ സാമ്പിളില്‍ കിറ്റില്‍നിന്നുള്ള ലായനിയുടെ ഒരു തുള്ളി ഒഴിക്കും. രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ മീനിന്റെ നിറം നീലയാകും. മീനില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള ആധുനികവും ഫലപ്രദവുമായ മാര്‍ഗമാണിതെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പരിശോധനയില്‍ കേരളത്തില്‍ വില്‍ക്കുന്ന മീനുകളില്‍ ഫോര്‍മാലിന്‍റെയും അമോണിയയുടേയും മാരക ബാക്ടീരിയകളുടേയും സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക കിറ്റ് വികസിപ്പിച്ചത്. കിറ്റുകൾ ചെക്ക്‌പോസ്റ്റുകളിൽ എത്തിയതോടെ കാലതാമസമില്ലാതെ പരിശോധന നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments