Article

വ്രത ശുദ്ധിയുടെ നിറവില്‍ റംസാന്‍ വരവായി, ഏവര്‍ക്കും ധ്യാനിക്കാം ആ വചനങ്ങള്‍

തോമസ്‌ ചെറിയാന്‍.കെ

“നോമ്പിന്‌റെ നിശ്ചയിക്കപ്പെട്ട എണ്ണം നിങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയും, അങ്ങനെ അല്ലാഹു നിങ്ങള്‍ക്ക് സന്മാര്‍ഗം നല്‍കിയതിന് അവന്‌റെ മഹത്വം വാഴ്ത്തുന്നതിന് വേണ്ടിയുമാകുന്നു അത്” ( അല്‍ ബഖറ 185, വിശുദ്ധ ഖുറാന്‍). ഖുറാന്‍ വചനങ്ങളാല്‍ ചിന്തകളും നോമ്പാചരണത്താല്‍ മനസും ശരീരവും ധന്യതയിലേക്ക് പൂര്‍ണമായി സമര്‍പ്പിക്കുന്ന വിശുദ്ധ ദിനങ്ങളിലേക്ക് കടക്കുകയാണ് നാമേവരും. ഇസ്ലാം മത വിശ്വാസത്തിന്‌റെ പവിത്രത മാത്രമല്ല മാനവ കുലത്തിന് മനുഷ്യസ്‌നേഹത്തിന്‌റെ സന്ദേശം കൂടി നല്‍കുന്നതാണ് ഈ പുണ്യ ദിനങ്ങള്‍. കേവലം വര്‍ഷാവര്‍ഷം നടത്തുന്ന പതിവായല്ല റംസാനെ ലോകം നെഞ്ചിലേറ്റിയിരിക്കുന്നത്. അത് തൂവെള്ള മേഘങ്ങള്‍ പോലെ ശുദ്ധമാണ്. വിശുദ്ധിയുടെ അനുഗ്രഹ വര്‍ഷം ചൊരിയാന്‍ കാത്തിരിക്കുന്ന മേഘം. അതാണ് പുണ്യമാസങ്ങളിലെ ഓരോ രാവും പകലും , ഒടുവില്‍ നമ്മിലേക്ക് എത്തിച്ചേരുന്ന റംസാന്‍ എന്ന പുണ്യ ദിനവും.

മതമല്ല മനുഷ്യന്‍ എന്തെന്നും എന്തായിരിക്കണമെന്നും കാട്ടിത്തന്ന നബി വചനങ്ങള്‍ കാതിനും മനസിനും ധന്യത നല്‍കുന്ന ഒന്ന് മാത്രമല്ല, ജീവനും ജീവിതത്തിനും ഊര്‍ജ്ജവും ചിട്ടയുമായി തീരേണ്ട അല്ലാഹുവിന്‌റെ പൊന്‍വചനങ്ങളാണത്. വ്രതം എന്നത് കേവലും ഭക്ഷണം വര്‍ജിച്ചുള്ള ആചരണം മാത്രമായി കാണരുത്. വിശപ്പിന്‌റെ അനുഭവം എന്തെന്നും വിശക്കുന്നവന്‌റെ മുന്‍പില്‍ ഭക്ഷണമായെത്തുന്നത് അല്ലാഹുവാണെന്ന തിരിച്ചറിവും, ഭക്ഷണം വിളമ്പുന്ന കൈകള്‍ അല്ലാഹുവിന്‌റെതാണെന്നും എന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് വ്രതനിഷ്ടയുടെ ഓരോ നിമിഷത്തിലും മനസില്‍ വരേണ്ടത്. ഭൂമിയെന്നത് അല്ലാഹു മനുഷ്യകുലത്തിനായി നല്‍കിയ പറുദീസയാണ്, അതിന്‌റെ കാവല്‍കാരായി നില്‍ക്കുന്ന മനുഷ്യന്‍ അല്ലാഹുവിന്‌റെ കാരുണ്യ സ്പര്‍ശം തിരിച്ചറിയണം. അത് തിരിച്ചറിയാത്തവര്‍ക്ക് ശിക്ഷാവിധിയുടെ മുന്നില്‍ നില്‍ക്കണമെന്ന് മാത്രമല്ല ആ സ്പര്‍ശം തിരിച്ചറിയുന്നതിന് ഓരോ റംസാനും വീണ്ടും അവസരം നല്‍കുന്നുവെന്നും വിശുദ്ധ ഖുറാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന് സര്‍വ ചരാചരങ്ങളെയും അപേക്ഷിച്ച് സുന്ദര രൂപവും മഹിമയും നല്‍കി സൃഷ്ടികളിലെ ഏറ്റവും ഉന്നത സ്ഥാനികരാക്കി തീര്‍ത്തു. അല്ലാഹുവിന്‌റെ വറ്റാത്ത സ്‌നേഹത്തിന്‌റെയും കാരുണ്യത്തിന്‌റെയും കനിഞ്ഞൊഴുകുന്ന തെളിനീരാണ് വ്രത വിശുദ്ധിയുടെ നാളുകളില്‍ നാമേവരുടെയും മനസില്‍ അനുഗ്രഹമായി ഒഴുകിയെത്തുന്നത്. മനുഷ്യകുലത്തില്‍ പിറന്നിട്ടും അല്ലാഹുവിന്‌റെ വഴികളില്‍ നടക്കാതെ അഹങ്കാരം നടിച്ചു നടന്ന ‘ആദു’ ഗോത്രക്കാരുടെ ജീവിതം പാഠമാണ് ഏവര്‍ക്കും. സ്‌നേഹ നിധിയായ അല്ലാഹു തന്‌റെ ജനതയെ നേര്‍ വഴിയ്ക്കു നടത്താന്‍ പ്രവാചകരെയും അവര്‍ക്ക് കാവലായി അയയ്ച്ചു. എന്നിട്ടും നിന്ദയെന്ന അനുഭവം ആ സ്‌നേഹ നിധിയ്ക്കു മുന്നില്‍ ലവലേശം പാപബോധമില്ലാതെ കാട്ടിയ അവര്‍ക്ക് അല്ലാഹുവിന്‌റെ കോപവും കാണേണ്ടി വന്നു. പരമകാരുണ്യവാന് കോപത്തിന്‌റെ ഭാവം കൈവരിക്കണമെങ്കില്‍ ആ ജനത അത്രയ്ക്ക് കളങ്കപ്പെട്ടതും സര്‍വശക്തന്‌റെ കാരുണ്യമനസിന് ഏറ്റ വേദന അളവറ്റതും ആണെന്നതില്‍ മാനവ കുലത്തിന് സംശയം വേണ്ട.

സ്‌നേഹം, കാരുണ്യം, വിശുദ്ധി, സത്യസന്ധത അതിലുപരി മനുഷ്യന്‌റെ വേദന, വിശപ്പ് എന്നിവ തിരിച്ചറിയാനുള്ള മനസ് ഇവയാണ് ഓരോ മനുഷ്യനും വേണ്ടതെന്ന് അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. റംസാന്‍ വ്രതം നോല്‍ക്കുന്ന ഓരോരുത്തരും അത് അടുത്തുള്ളവന് പകര്‍ന്നു കൊടുക്കണമെന്നും ആ അനുഗ്രഹത്തിന്‌റെ അനുഭൂതി നിറതേജസായി നില നിര്‍ത്തണമെന്നും ഓരോ റംസാനും നമ്മെ പഠിപ്പിക്കുന്നു. വിശ്വാസമെന്നത് വെറും ആചാരമല്ല അതൊരു ജീവിത ചര്യയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ധന്യ നിമിഷങ്ങള്‍ എത്ര അനുഭവിച്ചാലും മതിയാകില്ല. സ്‌നേഹത്തിന്‌റെ ആ മാന്ത്രിക നിമിഷങ്ങള്‍ മനസില്‍ നിന്നും ശരീരത്തില്‍ നിന്നും മായരുതേ എന്ന പ്രാര്‍ഥന അല്ലാഹുവിന്‌റെ സന്നിധിയിലേക്ക് ഒഴുകിയെത്തുകയാണ് ഈ പുണ്യ ദിനങ്ങളിലും. അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങളെ വ്രതശുദ്ധിയുടെ തെളിനീരാല്‍ കഴുകി വെടിപ്പാക്കണമേ എന്ന നിറകണ്ണോടു കൂടിയ പ്രാര്‍ഥന , സ്‌നേഹ നിധിയായ പൊന്നു തമ്പുരാന്‍ കേള്‍ക്കുമെന്നും ആ അചഞ്ചല സ്‌നേഹം കടലിനേക്കാള്‍ ആഴമേറിയതാണെന്നും മനുഷ്യകുലം തിരിച്ചറിയുന്ന ദൈവ കൃപയുടെ നിമിഷങ്ങള്‍. ഇഹ ലോകത്തിന്‌റെ മോഹങ്ങള്‍ക്ക് പിന്നാലെയല്ല അല്ലാഹുവിന്‌റെ വചനമാണ് ജീവിതത്തിന്‌റെ ലഹരിയാകേണ്ടതെന്ന തിരിച്ചറിവാണ് ഓരോ പുണ്യ വ്രതത്തിന്‌റെ നാളുകളും. മനുഷ്യന്‍ ജീവിക്കുന്നത് കേവലം സമ്പാദിക്കാന്‍ വേണ്ടി മാത്രമല്ലെന്നും ഏറ്റവും വലിയ സമ്പാദ്യം പരമകാരുണ്യവാന്‌റെ കൃപകളാണെന്നും നാം അനു നിമിഷം ഓര്‍മ്മിക്കണം. അനുഗ്രഹ വര്‍ഷം നമ്മിലേക്കെത്തുന്ന ഈ പുണ്യദിനങ്ങളിലും ,തിരിച്ചറിയാം ആ ദിവ്യ സ്‌നേഹം ,സ്വയം അലിയാം ആ സ്‌നേഹ കടലില്‍.

“വിശ്വസിക്കുകയും അല്ലാഹുവിന്‌റെ കല്‍പനകളില്‍ സൂക്ഷമത പാലിക്കുന്നവരെയും നാം രക്ഷപ്പെടുത്തുകയും ചെയ്യും” – വിശുദ്ധ ഖുറാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button