മാവേലിക്കര: കഴിഞ്ഞ ദിവസം താലിബാന്‍ ഭീകരര്‍ അഫ്‌ഗാനിസ്‌ഥാനില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരില്‍ മലയാളി എന്‍ജിനിയറും. തെക്കേക്കര കുറത്തികാട് ഉഷസില്‍ വി.കെ.മുരളീധരനെ(55)യാണ് തട്ടിക്കൊണ്ടുപോയത്. ടവറുകളുടെ ജോലി ഏറ്റെടുത്ത് നടത്തുന്ന കെ.ഇ.സി ഇന്റര്‍നാഷനല്‍ എന്ന കമ്പനിയുടെ മാനേജറാണ് മുരളീധരന്‍. സിവില്‍ എന്‍ജിനിയറായ ഇദ്ദേഹം ശ്രീലങ്കയിലായിരുന്നു. മൂന്നു മാസം മുൻപാണ് അഫ്‌ഗാനിസ്‌ഥാനിലെത്തിയത്.
ഭൂട്ടാന്‍, നേപ്പാള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്‌ത ഇദ്ദേഹം അഞ്ചു വര്‍ഷം മുൻപ് വരെ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലായിരുന്നു. വടക്കന്‍ ബഗ്ലാനില്‍ ഗവ.വൈദ്യുതി പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പോകുന്നതിനിടെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളര്‍ സഞ്ചരിച്ചിരുന്ന മിനിബസ് തോക്ക് ചൂണ്ടി റാഞ്ചുകയായിരുന്നു. പുലെ കുമ്രി സിറ്റിയിലെ ദണ്ഡെഷഹാബുദീന്‍ ഭാഗത്തേക്കാണ് ബസുമായി ഭീകരര്‍ പോയത്. മഹാരാഷ്‌ട്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.പി.ജി ഗ്രൂപ്പിന്റെ കീഴിലെ കെ.ഇ.സി കമ്പനി ജീവനക്കാരാണ് മറ്റു എന്‍ജിനിയര്‍മാരും.
ഇൗ മാസം അഞ്ചിന് മുരളീധരന്‍ ഭാര്യ ഉഷയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരുവിവരവും ലഭ്യമായിട്ടില്ല. മകന് മോനിഷ് ഷാര്‍ജയിലും മകള്‍ രേഷ്മ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുമാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് വിവരമൊന്നും ലഭ്യമായിട്ടില്ല. അഭ്യൂഹമാണോ സത്യമാണോ എന്നറിയാതെ വിഷമിക്കുകയാണ് കുടുംബാംഗങ്ങള്‍.
Post Your Comments