International

സാം കൊലപാതകത്തില്‍ ഭാര്യയ്ക്കും കാമുകനുമുള്ള ശിക്ഷ അടുത്ത മാസം: കോടതിയില്‍ സോഫിയയുടെ ആവശ്യങ്ങള്‍ ഇങ്ങനെ

മെല്‍ബണ്‍ : വിദേശ മലയാളികളെ ഞെട്ടിച്ച സാം കൊലപാതകത്തില്‍ ഭാര്യയ്ക്കും കാമുകനുമുള്ള ശിക്ഷ അടുത്ത മാസം. മെല്‍ബണിലെ സാം എബ്രഹാം (34) വധക്കേസില്‍ സാമിന്റെ ഭാര്യ സോഫിയ ഇവരുടെ കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്കുള്ള ശിക്ഷ വിക്ടോറിയന്‍ സുപ്രീം കോടതി ജൂണ്‍ 21നു പ്രഖ്യാപിക്കും. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭാര്യ ഭര്‍ത്താവിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയില്‍ കോടതി വിധിച്ചിരുന്നു. കേസില്‍ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയ ഭാര്യ സോഫിയ കുറഞ്ഞ ശിക്ഷക്കായി കേഴുകയുണ്ടായി. തനിക്കു കുറഞ്ഞ ശിക്ഷ നല്‍കണമെന്നു സോഫിയ കോടതിയില്‍ അപേക്ഷിച്ചു. ഒന്‍പതു വയസ്സുകാരനായ മകന്റെ ഭാവിയെ കരുതിയും ശിക്ഷാ ഇളവ് വേണമെന്നാണ് ആവശ്യം. ഇതിനു മുമ്പ് ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ല എന്നതു പരിഗണിച്ചും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണം എന്നാണ് അപേക്ഷിച്ചത്.

2016 ഒക്ടോബറിലായിരുന്നു മെല്‍ബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമായിരുന്നു മരണ കാരണം എന്നു ഭാര്യ സോഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാല്‍ തന്റെ കാമുകന്‍ അരുണ്‍ കമലാസനൊപ്പം ജീവിക്കാന്‍ ഇരുവരും ചേര്‍ന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോണ്‍ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു.

സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഓസ്‌ട്രേലിയന്‍ പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. സാമിനെ കൊലപ്പെടുത്താന്‍ വേണ്ടി പ്രതികള്‍ ദീര്‍ഘനാളത്തെ തയ്യാറെടുപ്പു നടത്തിയിരുന്നു. ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ സോഫിയുടെ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ്‍ സംഭാഷണമെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു. ഇതാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.

കൊലപാതകത്തെക്കുറിച്ച് സോഫിയയ്ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു എന്നതും, മകന്‍ കിടന്ന കട്ടിലില്‍ വച്ചാണ് കൊലപാതകം നടത്തിയതെന്നും ഉള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സോഫിയയ്ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ കെറി ജഡ് വ്യക്തമാക്കി. എന്നാല്‍ ജീവപര്യന്തമല്ലാതെ മറ്റു കടുത്ത ശിക്ഷക്കായി പരിഗണിക്കേണ്ട കുറ്റകൃത്യമാണെന്ന് അവര്‍ വാദിച്ചു.

സാം ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സ്വന്തം വീട്ടിനുള്ളില്‍ വച്ചാണ് കൊല ചെയ്യപ്പെട്ടതെന്നും, ആറു വയസുള്ള മകന്‍ ഉണരുമ്പോള്‍ തൊട്ടടുത്ത് അച്ഛന്‍ മരിച്ചു കിടക്കുന്നത് കാണുമെന്നും ഉള്ള കാര്യം പ്രതികള്‍ കണക്കിലെടുത്തില്ല. ഇതുവരെയും സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുമില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

സാം വധക്കേസില്‍ ജനുവരി 29 നു ആയിരുന്നു 14 അംഗ ജൂറിക്ക് മുന്നില്‍ അന്തിമ വിചാരണ തുടങ്ങിയത്. രണ്ടാഴ്ച നീണ്ട വിചാരണക്കൊടുവില്‍ പ്രതികളായ സോഫിയ സാമും അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് ജൂറി വിധിച്ചിരുന്നു. കേസിലെ രണ്ടാമത്തെ പ്രതിയായ അരുണ്‍ കമലാസനന്റെ ശിക്ഷയുടെ കാര്യത്തിലുള്ള വാദം അടുത്ത മാസം നടക്കും. ശിക്ഷ വിധിക്കുന്ന തീയതിയും കോടതി പിന്നീട് തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button