ന്യൂഡല്‍ഹി: അതിർത്തി കാക്കുന്ന സൈനീകരോട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ബഹുമാനമാണ് പലർക്കും. എന്നാൽ വ്യത്യസ്തമായ ഒരു മാതൃകയുമായാണ് ലഖ്നൗവിലെ ഡോക്ടർ അജയ് തന്റെ ക്ലിനിക് പ്രവർത്തിപ്പിക്കുന്നത്. ലക്നൗവിലെ ഗോമതി നഗറിലുള്ള ഡോ.അജയ് ചൗധരിയുടെ ക്ലിനിക്കിലെത്തിയാൽ ആദ്യം നമ്മുടെ കണ്ണുടക്കുന്നത് ഈ ബോർഡിലായിരിക്കും. സ്ഥിരം കാണാറുള്ളതു പോലെ നിശബ്ദത പാലിക്കുക ചെരുപ്പ് പുറത്തിടുക, പുകവലി പാടില്ല എന്നൊന്നുമല്ല ബോര്‍ഡിലുള്ളത്. ‘സൈനികര്‍ക്ക് കണ്സല്ട്ടേഷന് ഫീസ് ആവശ്യമില്ല. നിങ്ങള്‍ അതിനുള്ള പണം അതിര്‍ത്തിയില്‍ നല്‍കിക്കഴിഞ്ഞു’ എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.
സൈനികനാണെന്ന് തെളിയിക്കുന്ന ഐഡി കാര്‍ഡുമായി വരുന്ന ഏതൊരാള്‍ക്കും ഇവിടെ പൂര്‍ണമായും സൗജന്യ ചികിത്സ ലഭിക്കും. അതിര്‍ത്തിയില്‍ സൈനികര്‍ ഏറ്റുവാങ്ങുന്ന ബുദ്ധിമുട്ടുകള്‍ക്കും അവര്‍ ചെയ്യുന്ന സേവനത്തിനും പകരമായി അവരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമായാണ് ഡോ.അജയ് ഇതിനെ കാണുന്നത്. സൈനിക പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നുമാണ് അജയ് ഈ രംഗത്തേക്കു കടന്നു വരുന്നത്. അജയ്യുടെ അച്ഛന് ആര്‍മിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന വ്യക്തിയാണ്.
സഹോദരന് ഇന്ത്യന്‍ നേവിയില്‍ കമാന്‍ഡറായാണ് ജോലി ചെയ്യുന്നത്. ഇത് അജയ്ക്കും പ്രചോദനമായിരുന്നു. സൈന്യത്തില്‍ ചേരുവാന്‍ വേണ്ടി നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല. ഇതോടെയാണ് സൈനികര്‍ക്ക് സൗജന്യ സേവനം നല്‍കണമെന്ന ചിന്ത ഡോക്ടറുടെ മനസിലുദിക്കുന്നത്. തനിക്ക് സൈനികരോട് ചെയ്യാവുന്ന ചെറിയൊരു സേവനമായാണ് അജയ് ഇതിനെ കാണുന്നത്.
Post Your Comments