കുത്തഴിഞ്ഞ ഗതാഗത മേഖലയെ നന്നാക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരി ക്കുകയാണ് കെഎസ്ആര്‍ടിസി എം.ഡി ടോമിന് തച്ചങ്കരി. നാഥനില്ലാ കളരിയായി കിടന്ന കെ എസ് ആര് ടിസിയെ രക്ഷിക്കാന്‍ ടോമിന് തച്ചങ്കരി കച്ച മുറുക്കുകയാണ്. അതിനായി പുതിയ പുതിയ ചില പരിഷ്കരണങ്ങള്‍ക്ക് അദ്ദേഹം ഒരുങ്ങുകയാണ്.
കണ്ടക്ടര്‍ ആയും മെക്കാനിക് ആയും സാധാരണ ജോലിക്കാര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന തച്ചങ്കരി നഷ്ടത്തിലോടുന്ന ആനവണ്ടിയെ രക്ഷിക്കാന്‍ പല പുത്തന്‍ പരീക്ഷണങ്ങളുമായി എത്തുകയാണ്. ദീര്‍ഘദൂര യാത്രകളാണ് കെഎസ്ആര്‍ടിസിയുടെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗം. ഈ യാത്രകള്‍ക്കിടയില്‍ യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ആഹാരം കഴിക്കാന്‍ ചെറിയ ഒരു ഇടവേള ഉണ്ടാകാറുണ്ട്. അത്തരം ഫുഡ് സ്റ്റോപ്പുകള്‍ തീരുമാനിക്കുന്നത് ബസ് ജീവനക്കാരാണ്. അതുകൊണ്ട് തന്നെ ചില ലാഭങ്ങള്‍ അവര്‍ക്ക് ലഭിച്ചിരുന്നു. ബസ് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഹോട്ടലുകള്‍ക്ക് സമീപം വാഹനം നിര്‍ത്തിക്കൊടുത്താല്‍ ഇവര്‍ക്ക് ഭക്ഷണം സൗജന്യമായി ഇവിടെ നിന്നും ലഭിക്കും. ജീവനക്കാര്‍ക്ക് കിട്ടുന്ന ഇത്തരം ആനുകൂല്യത്തില്‍ എം ഡി എന്ന നിലയില്‍ തച്ചങ്കരിയ്ക്ക് എതിര്‍പ്പൊന്നും ഇല്ല. പക്ഷെ ഈ രീതി കെഎസ്ആര്‍ടിസിക്ക് വരുമാന മാര്ഗ്ഗമാക്കിമാറ്റിയാലോ എന്ന ആലോചനയിലാണ് അദ്ദേഹം. അതായത്, ഇപ്പോള്‍ അനൌദ്യോഗികമായിരിക്കുന്ന ഈ ഫുഡ് സ്റ്റോപ്പുകളെ ഔദ്യോഗികമാക്കാനുള്ള തീരുമാനത്തിലാണ് തച്ചങ്കരി.
ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന ബസുകാര്‍ക്ക് യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി നിര്‍ത്തുന്ന ഹോട്ടലുകളില്‍നിന്നു കമ്മിഷന് ഇനി കോര്പറേഷന് നേരിട്ടു വാങ്ങിയാലോ എന്ന ആലോചനയിലാണ് തച്ചങ്കരി. അതിനായി ‘ഫുഡ് സ്റ്റോപ്പു’കളാകാന് താല്പര്യമുള്ള ഹോട്ടലുകള്‍ നിശ്ചയിക്കാന്‍ കെഎസ്ആര്‍ടിസി ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്നും സൂചന. അങ്ങനെ വരുമ്പോള്‍ ഓരോ ബസിനും കുറഞ്ഞത് അഞ്ഞൂറ് രൂപ കോര്പറേഷന് ലഭിക്കും. ഈ നടപടി കര്‍ണ്ണാടക ഗതാഗത വകുപ്പ് പരീക്ഷിച്ചു വിജയിച്ചതാണ്. ഇതിനെ തുടര്‍ന്നാണ് വിവിധ റൂട്ടുകളില്‍ ഫുഡ് സ്റ്റോപ്പുകളാകാന് താല്പര്യമുള്ള ഹോട്ടലുകളെ കണ്ടെത്താന്‍ ടെന്‍ഡര്‍ വിളിക്കാനുള്ള തീരുമാനം. ഒരു വര്‍ഷത്തെ കാലാവധിയിലാണു ഹോട്ടലുകളെ തിരഞ്ഞെടുക്കുക. ഇത് ഒരു തീരുമാനം. യാത്രക്കാരെ ആകര്‍ഷിക്കാനും കടത്തില്‍ നിന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കാനും റെഡ് ബസുമായും കൈകോര്‍ക്കുന്നുണ്ട്. അതോടെ ഓണ്‍ലൈനില്‍ നിന്നും മാത്രം ടിക്കറ്റെടുക്കുന്ന സംവിധാനം അവസാനിപ്പിച്ച് സ്വകാര്യ യാത്രാ ബുക്കിങ് ഏജന്‍സികളെയും കെഎസ്ആര്‍ടിസി ആകര്‍ഷിച്ചു തുടങ്ങി. ഇതെല്ലാം കെ എസ് ആര് ടി സിയുടെ വരുമാന മാര്‍ഗ്ഗത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കും എന്നാണു പ്രതീക്ഷ.
ഇതിനൊപ്പം ദീര്‍ഘദൂര സര്‍വീസുകളില്‍ ജിപിഎസ് സേവനം കൊണ്ടുവരാനുള്ള പദ്ധതികളും തച്ചങ്കരി ആലോചിക്കുന്നുണ്ട്. അതിന് പ്രകാരം ബസ് ട്രാക്ക് ചെയ്തു എവിടെ എത്തിയെന്നും മറ്റുമുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുമായി ബന്ധപ്പെടുത്തിയാണ് ഈ സേവനം നടപ്പിലാക്കുന്നത്. കൂടാതെ ബസ് ഓരോ പ്രധാന സ്റ്റോപ്പുകളിലും എത്തുന്ന സമയം അറിയാന്‍ അറൈവല്‍ ടൈം കാണിക്കും. ഇതിനായി വിവിധ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനം ആയിട്ടുണ്ട്. കൂടാതെ ട്രാവല്‍കാര്‍ഡ് സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്. ഇത്തരം പരിഷ്കാരങ്ങളിലൂടെ കെ എസ് ആര്‍ടിസിയെ രക്ഷിക്കാനും യാത്രക്കാരെ ആകര്‍ഷിച്ച് മികച്ച വരുമാന മാര്‍ഗ്ഗമാക്കി ഇതിനെ മാറ്റാനും കഴിയുമെന്ന പ്രതീക്ഷയിലാണ് തച്ചങ്കരി.
Post Your Comments