Kerala

ചെങ്ങന്നൂരില്‍ തിരിഞ്ഞു കുത്തി ഫസല്‍ വധം; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ചൂടിലാണ്. വോട്ടിനായി എതിരാളികളെ തകര്‍ക്കാന്‍ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ കളത്തിലുണ്ട്. രാഷ്ട്രീയകൊലപാതകങ്ങളാണ് പലപ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ ചൂടന്‍ ചര്‍ച്ച. സിപിഎം വിട്ട ഫസല്‍ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. അതിനു പിന്നില്‍ ആ കേസിന്റെ ആദ്യഘട്ട അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ. എസ്. പി. കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തലാണ്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലപാതകം. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ കൊലപാതകം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ സിപിഎമ്മിനെ തിരിഞ്ഞു കുത്തുകയാണ്.

2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചേ തലശ്ശേരി ടൗണില്‍ പത്ര വിതരണം നടത്തവേ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ടത്. സിപിഎം വിട്ട ഫസല്‍ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കേസ് ആര്‍എസ്‌എസിന് മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് ഉണ്ടായിരുന്നത്. ഈ കള്ളം പൊളിച്ച ഉദ്യോഗസ്ഥനാണ് മുന്‍ ഡിവൈഎസ്‌പി കെ രാധാകൃഷ്ണന്‍. യുവാക്കളെ എന്‍.ഡി. എഫിലേക്ക് ആകര്‍ഷിച്ചിരുന്ന ഫസലിനോട് സിപിഎം. ന് ശത്രുതയുണ്ടായിരുന്നതാണ് ഫസലിനെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് ഡി.വൈ.എസ്‌പി. കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഡി.വൈ. എസ്. പി. രാധാകൃഷ്ണനെ അന്ന് പെട്ടെന്ന് തന്നെ സ്ഥലം മാറ്റുകയായിരുന്നു.

ഈ വധക്കേസില്‍ തുടക്കം മുതല്‍ സിപിഎമ്മിന്റെ കള്ളക്കളി വ്യക്തമായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഫസല്‍ വധക്കേസില്‍ ആദ്യഘട്ടത്തിലന്വേഷണം നടത്തിയ അന്നത്തെ ഡി.വൈ. എസ്. പി. കെ.രാധാകൃഷ്ണന്റെ ഇപ്പോഴത്തെ വെളിപ്പടുത്തലില്‍ സിപിഎം. പ്രതിരോധത്തിലായിരിക്കയാണ്. ഫസലിനെ തലശ്ശേരിയില്‍ വെച്ച്‌ വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകം തന്നെ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൊലീസ് പറയും മുമ്പ് തന്നെ ആര്‍.എസ്. എസ്. കാരാണ് കൊല നടത്തിയതെന്ന് പ്രസ്താവിച്ചിരുന്നു. കോടിയേരിയുടെ പ്രസ്താവന പുറത്ത് വന്നതോടെ തലശ്ശേരിയില്‍ ഒരു വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാകുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാല്‍ ഈ കൊലപാതകത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നും ബിജെപി. ആര്‍. എസ്. എസ്. നേതാക്കള്‍ എന്‍.ഡി.എഫ് നേതൃത്വത്തെ തത്സമയം തന്നെ അറിയിച്ചിരുന്നു.ഫസല്‍ വധത്തിന്റെ പുറകില്‍ തലശ്ശേരിയില്‍ ഒരു വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ സിപിഎം. ശ്രമിക്കുകയായിരുന്നുവെന്ന് അക്കാലത്ത് ആരോപണം ഉണ്ടായിരുന്നു.

അന്ന് ഈ കേസില്‍ സിപിഐ.(എം.) പ്രവര്‍ത്തകരായ ആറുപേരും ഗൂഢാലോചന കേസില്‍ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, എന്നിവരുമായിരുന്നു പ്രതിസ്ഥാനത്ത്. അന്നത്തെ ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജന്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ പേരു പറഞ്ഞ് അവരാണ് ഫസലിനെ കൊന്നതെന്ന് ആരോപിച്ചു. ആ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്നു രാത്രി തന്നെ ആ നാലുപേരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ അവര്‍ക്കു കേസുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതോടെ അവരെ വിടുകയാണ് ഉണ്ടായത്. എന്നാല്‍ ഈ കേസില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ കണ്ണൂര്‍ ജില്ലയില്‍ ഇതിനു മുമ്ബ് സിപിഎമ്മിന്റെ ഇത്തരം ഓപറേഷന്‍സ് നടത്തിക്കൊണ്ടിരുന്ന ചില വ്യക്തികളിലേക്കാണ് വിരല്‍ചൂണ്ടിയത്. തുടര്‍ന്ന് കൊടി സുനിയെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണ ചുമതലയില്‍ നിന്നും ഡിവൈഎസ്‌പിയെ മാറ്റി. കൂടാതെ ഈ കേസില്‍ സിപിഎംകാര്‍ക്കെതിരെ വിരല്‍ചൂണ്ടിയ രാധാകൃഷ്ണനെതിരെ പല വിധത്തിലുള്ള ആക്രമണമാണ് ഉണ്ടായത്.

ഡി.വൈ.എസ്‌പി. രാധാകൃഷ്ണനെ തലശ്ശേരിയില്‍ നിന്നും സ്ഥലം മാറ്റി തളിപ്പറമ്ബില്‍ നിയമിച്ചു. ഈ കേസില്‍ സിപിഎമ്മിന്റെ പക പിന്നീട് ഈ ഉദ്യോഗസ്ഥനെ തേടിയെത്തിയത് പെണ്ണ് കേസിന്റെ പേരിലായിരുന്നു. ഒരു വാടക വീട്ടില്‍ വെച്ച്‌ സ്ത്രീ വിഷയം ആരോപിക്കപ്പെട്ട് രാധാകൃഷ്ണന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ സംഘമായി വീട്ടിലേക്കെത്തിയായിരുന്നു അദ്ദേഹത്തെ ആക്രമിച്ചത്. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന ഉണ്ടെന്ന് ഡിവൈഎസ്‌പി പറയുന്നു. അതിനു പിന്നിലെ ചില ആരോപണങ്ങള്‍ ഇങ്ങനെ.. എസ്‌പി.യുടെ അനുവാദമില്ലാതെ ലോക്കല്‍ എസ്‌ഐ.യാണ് ഡി.വൈ.എസ്‌പി. റാങ്കിലുള്ള രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഡി.വൈ.എസ്‌പി. യെ കുടുക്കിയത് സിപിഐ.(എം.) നെതിരെ കേസ് രജിസ്ട്രര്‍ ചെയ്തതുകൊണ്ടാണെന്ന് ആക്ഷേപം അന്നു തന്നെ ഉയര്‍ന്നിരുന്നു. ഇദ്ദേഹം കണ്ടെത്തിയ പ്രതികളെ തന്നെയാണ് സിബിഐ.യും കേസില്‍ പെടുത്തിയത്. ഈ സംഭവവും ഫസല്‍ വധക്കേസിനൊടനുബന്ധിച്ച ദുരൂഹതകളായി അവശേഷിക്കുന്നു.

ഹൈക്കോടതി രാധാകൃഷ്ണന്റെ സസ്പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും ഈ വിധി സുപ്രിംകോടതിയും ശരിവച്ചു. അതോടെ തിരികെ ജോലിയില്‍ പ്രവേശിച്ച അദ്ദേഹത്തിനു 2012ല്‍ എസ്‌പിയായി പ്രമോഷന്‍ ലഭിച്ചു. തുടര്‍ന്ന് എക്സൈസ് ഡിപാര്‍ട്ട്മെന്റില്‍ അഡീഷനല്‍ എന്‍ഫോഴ്സ്മെന്റ് കമ്മീഷണറായി നിയമിച്ചു. തുടര്‍ന്നും പലതരത്തിലുള്ള പീഡനങ്ങളായിരുന്നു. ഫസല്‍ വധക്കേസില്‍ സിപിഎമ്മിന്റെ ജില്ലാനേതാക്കള്‍ക്കുള്‍പ്പെടെ പങ്കുണ്ടെന്ന് താന്‍ സംശയിച്ചതാണ് പീഡനങ്ങള്‍ക്കു കാരണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഫസല്‍ കൊലക്ക് പിന്നില്‍ ബിജെപിയെന്ന് വരുത്താന്‍ ശ്രമിച്ചതിനെക്കുറിച്ചു രാധാകൃഷ്ണന്‍ പറയുന്നു. 2016 മാര്‍ച്ച്‌ 17 -ആം തീയതി മാഹി FASAലെ ബിജെപി. പ്രവര്‍ത്തകന്‍ സുബീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഫസല്‍ വധത്തില്‍ ബിജെപി. ആര്‍. എസ്. എസ് ഗൂഢാലോചനയുണ്ടെന്നും അതിനാല്‍ അവരാണ് കൊലപ്പെടുത്തിയതെന്നും സുബീഷ് ഡി.വൈ. എസ്. പി മാരായ പ്രിന്‍സ് എബ്രഹാം, പി. പി. സദാനന്ദന്‍ എന്നിവര്‍ക്ക് മൊഴി നല്‍കിയതായി വെളിപ്പെടുത്തിയിരുന്നു. മൂന്നാം മുറ ഉപയോഗിച്ച്‌ സുബീഷില്‍ നിന്നും മൊഴിയെടുത്തു കഥ കെട്ടിച്ചമച്ചതാണെന്ന് ബിജെപി. നേതൃത്വം അന്ന് ആരോപണ മുന്നയിച്ചിരുന്നു. സിപിഎം. കാരായ രണ്ട് ഡി.വൈ. എസ്. പി മാരാണ് ഇതിന് പിറകിലെന്നും അവര്‍ ആരോപിച്ചിരുന്നു. ഫസല്‍ വധത്തില്‍ സിബിഐ. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും സിപിഐ.(എം.) നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ പല തവണ ചുമതലയില്‍ നിന്ന് മാറ്റിയും അന്നത്തെ ആഭ്യന്തര വകുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ വീണ്ടും അധികാരത്തിലേറിയ സിപിഐ.(എം.) പഴയ കേസിലെ അതേ അവസ്ഥ സൃഷ്ടിക്കാന്‍ ഒരുങ്ങിയെന്ന സംശയം ബലപ്പെടുകയാണ്.ബിജെപി. പെരിങ്ങളം മണ്ഡലം കമ്മിറ്റി അംഗമായിരുന്ന പി.പി. വത്സരാജക്കുറുപ്പിന്റെ കൊലപാതകവും ദുരൂഹത ഉണര്‍ത്തുന്നതാണ്. ബ്ലേഡ് മാഫിയക്കാര്‍ കൊലപ്പെടുത്തിയെന്നത് ശരിയല്ലെന്നാണ് ഇപ്പോള്‍ മുന്‍ ഡി.വൈ. എസ്. പി. രാധാകൃഷ്ണന്‍ പറയുന്നത്. ഈ കേസില്‍ അറസ്റ്റിലായവരില്‍ രണ്ടു പേര്‍ സിപിഎം. പ്രവര്‍ത്തകരായിരുന്നു. കിര്‍മാണി മനോജും ഒളാനക്കുന്നില്‍ ഷാജിയും. എന്നാല്‍ എല്‍.ഡി.എഫ് ഭരണകാലത്തായിരുന്നതിനാല്‍ കൂടുതല്‍ അന്വേഷമൊന്നും ഈ കേസില്‍ നടന്നില്ലയെന്നും അദ്ദേഹം പറയുന്നു.

കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. എല്‍ഡിഎഫ് അധികാരത്തില്‍ എത്തി രണ്ടു വര്ഷം മാത്രമാകുമ്പോഴെയ്ക്കും കേരളത്തില്‍ നടന്നത് പത്തിലധികം രാഷ്ട്രീയ കൊലപാതകങ്ങള്‍. ഓരോ കൊലയ്ക്കും മണിക്കൂറുകള്‍ക്കകം മറുപടി കൊടുക്കുന്ന ആരും കൊലയുടെ രാഷ്ട്രീയ കണക്കെടുപ്പുകള്‍ നടക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് വന്‍ പരാജയമായത്തിന്റെ വലിയ തെളിവാണ് ഈ രാഷ്ട്രീയ പകപോക്കലുകള്‍. തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും ഭരണപക്ഷത്തിനിടുന്ന മാര്‍ക്കിടല്‍ ചടങ്ങാണ്. അതുകൊണ്ട് തന്നെ ഭരണ വിരുദ്ധ വികാരമാണോ അനുകൂല വികാരമാണോ ചെങ്ങന്നൂരില്‍ പ്രതിഫലിക്കുക എന്ന സംശയത്തിലാണ് കേരളീയ ജനത. അതിനിടയിലാണ് അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഭരണ പക്ഷ പാര്‍ട്ടിയ്ക്കെതിരെയുള്ള വെളിപ്പെടുത്തലുകളും. ഇത്തരം വെളിപ്പെടുത്തല്‍ എങ്ങനെയാകും എന്ന് കാത്തിരുന്നു കാണാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button