Latest News

ഫ്ലവേഴ്സ് എ.ആര്‍ റഹ്മാന്‍ ഷോ മുടങ്ങി

കൊച്ചി•ഇന്ന് (ശനിയാഴ്ച) എറണാകുളം ഇരുമ്പനത്ത് നടത്താനിരുന്ന ഫ്ലവേഴ്സ് ടി.വിയുടെ എ.ആര്‍ റഹ്മാന്‍ സംഗീത പരിപാടി റദ്ദാക്കി. കനത്തമഴയാണ് പരിപാടി റദ്ദാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം കൊച്ചി നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കും കാരണം ടിക്കറ്റ് ബുക്ക്‌ ചെയ്ത ആസ്വാദകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്നതും പരിപാടി റദ്ദാക്കാന്‍ കാരണമായി. പകരം മറ്റൊരു ഷോ നടത്തുമെന്നാണ് വിശദീകരണം. തീയതി പ്രഖ്യാപിച്ചിട്ടില്ല.

പരിപാടിയ്ക്കായി ഇരുമ്പനത്ത് 26 ഏക്കര്‍ പാടശേഖരവും തോടും മണ്ണിട്ട് നികത്തിയതായി ആരോപണമുണ്ടായിരുന്നു. മഴ പെയ്തതോടെ ഈ പാടം ചെളിക്കുണ്ടായി മാറി. കൊച്ചി നഗരത്തില്‍ വന്‍ ഗതാകുരുക്കും രൂപപ്പെട്ടതോടെ ആയിരവും അയ്യായിരവും രൂപ മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നഗരത്തിന് പുറത്തെ ഇരുമ്പനത്ത് എത്തിച്ചേരാനും കഴിഞ്ഞില്ല. നഗരത്തെ ഇത്രയും ഗതാഗതക്കുരുക്കിലാക്കി എന്തിനാണ് ഇതുപോലൊരു സ്ഥലത്ത് ഷോ വച്ചതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഏകോപനത്തിലെ പാളിച്ചയും പരിപാടി അലങ്കോലമാകുന്നതിന് കാരണമായതായി ആരോപണമുണ്ട്.

സംഗീത പരിപാടിക്ക് നെല്‍വയലും തോടും മണ്ണിട്ട് നികത്തിയെന്ന ഹര്‍ജിയില്‍ ദേശീയ അവാര്‍ഡ് ജേതാവും സംഗീത സംവിധായകനുമായ എആര്‍ റഹ്മാനും സംസ്ഥാന സര്‍ക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇരുമ്പനത്ത് 26 ഏക്കര്‍ പാടശേഖരം എ.ആര്‍ റഹ്മാന്‍ ഷോ എന്ന ‘സംഗീതനിശ’യുടെ മറവില്‍ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും ചൂണ്ടിക്കാട്ടി ചോറ്റാനിക്കര തിരുവാങ്കുളം സ്വദേശിനി വല്‍സല കുഞ്ഞമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

റഹ്മാനും സര്‍ക്കാറിനും പുറമെ, ജില്ലാ കളക്ടര്‍, സംഘാടകരായ സ്വകാര്യ ടിവി ചാനല്‍, സ്ഥലം ഉടമകളായ സ്വകാര്യ ആശുപത്രി എന്നീ എതിര്‍ കക്ഷികളോടും വിശദീകരണം തേടിയിട്ടുണ്ട്. നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കുകയും സ്റ്റേജ് നിര്‍മാണം തടയുകയും വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാറിനും കളക്ടര്‍ക്കും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പരിപാടി തടസപ്പെടുത്താതിരുന്ന കോടതി കേസ് വീണ്ടും വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button