KeralaLatest NewsNews

പത്തു വയസുകാരന്റെ കൊലപാതകം; പ്രതി വിജയമ്മയുടെ ഞെട്ടിപ്പിക്കുന്ന മൊഴി ഇങ്ങനെ

കോട്ടയം: കോട്ടയം നഗരത്തെ മുഴുവന്‍ നടുക്കിയ പത്തു വയസുകാരന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. സഹോദരന്റെ പത്തുവയസുള്ള മകന്റെ കഴുത്തില്‍ ചരട് ചുറ്റി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടുംതൊട്ടിയില്‍ വിജയമ്മ (57)യ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. വിജയമ്മയുടെ സഹോദരന്‍ ഷാജിയുടെ മകന്‍ രാഹുലിനെ (10) കൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക മാതാപിതാക്കള്‍ക്ക് തുല്യമായി നല്‍കണം.

2013 സെപ്റ്റംബര്‍ മൂന്നിന് പുലര്‍ച്ചെ 2.45-നാണു കേസിനാസ്പദമായ സംഭവം നടന്നത്. പിണങ്ങി കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹമോചനം സാധ്യമാകാനുമായി വിജയമ്മയുടെ സഹോദരന്‍ ഷാജിയുടെ മകന്‍ രാഹുലിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിവാഹ മോചനം നേടിയാല്‍ സഹോദരന്റെ സ്വത്ത് തനിക്കു ലഭിക്കുമെന്നു കരുതി സഹോദരന്റെ മകനെ പൈജാമയുടെ ചരട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവം ഇങ്ങനെ:

മുംബൈയില്‍ നഴ്സായ വിജയമ്മ തലേന്നു വൈകുന്നേരമാണ് കൈപ്പുഴയിലെ വീട്ടിലെത്തിയത്. രാഹുലിന്റെ അച്ഛന്‍ ഷാജിയും ഭാര്യ ബിന്ദുവും (കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ്) തമ്മില്‍ അകന്നു കഴിയുകയായിരുന്നു. ഷാജി വിദേശത്തായിരുന്നു. ഷാജിയുടെ മാതാപിതാക്കളായ രാഘവന്റെയും കമലാക്ഷിയുടെയും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. വിജയമ്മ നാട്ടില്‍ വന്ന ദിവസം രാത്രിയില്‍ രാഹുലിനെ തന്റെ ഒപ്പം കിടത്തി. പുലര്‍ച്ചെ വിജയമ്മ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍വിളിച്ച് താന്‍ കുട്ടിയെ കൊന്നു എന്നറിയിക്കുകയായിരുന്നു.

പോലീസ് എത്തിയപ്പോള്‍ കീഴടങ്ങുകയും ചെയ്തു. ഗാന്ധിനഗര്‍ പോലീസാണ് കേസ് അന്വേഷിച്ചത്. കൊല്ലപ്പെട്ട രാഹുലിന്റെ വല്ല്യച്ഛന്‍ രാഘവന്‍, വല്യമ്മ കമലാക്ഷി, മാതാവ് ബിന്ദു, പിതാവ് ഷാജി എന്നിവര്‍ ഉള്‍പ്പെടെ 20 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 24 രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. അതിനിടെ രാഹുലിനെ കൊന്നത് തന്റെ മകള്‍ വിജയമ്മയാണെന്ന് കമലാക്ഷി കോടതിയില്‍ പറഞ്ഞു. വിജയമ്മ ഫോണില്‍ ആരോടോ സംസാരിക്കുന്നതു കേട്ടാണ് സംഭവ ദിവസം പുലര്‍ച്ചെ താന്‍ എഴുന്നേറ്റത്. നീ ആരോടാടീ സംസാരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ പോലീസ് സ്റ്റേഷനിലേക്കാണെന്നും ഞാന്‍ രാഹുലിനെ കൊന്നെന്നും പറഞ്ഞതായി കമലാക്ഷി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

കമലാക്ഷി അറിയിച്ചതിനെ തുടര്‍ന്നാണ് രാഘവന്‍ വിവരം അറിഞ്ഞത്. ഇവരുടെ രണ്ടു പേരുടെയും മൊഴി കേസില്‍ നിര്‍ണായക തെളിവായി കോടതി സ്വീകരിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജോയി ഏബ്രഹാം ആണ് പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button