‘രക്തസാക്ഷി സിന്ദാബാദ്’ മുദ്രാവാക്യത്തില്‍ മാറ്റം. കൂടാതെ രക്തസാക്ഷി സ്തൂപത്തിന്റെ നിറത്തിലും മാറ്റമുണ്ടായി. നേരത്തെ സ്തൂപത്തിന്റെ നിറം ചുവപ്പ് മാത്രമായത് വിവാദമായിരുന്നു. ഇപ്പോള്‍ സ്തൂപത്തിന്റെ നിറം നീലയും ചുവപ്പുമാക്കി മാറ്റി.
പയ്യോളിയില്‍ നടക്കുന്ന പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തിലും മുദ്രാവാക്യത്തിലുമാണ് മാറ്റം വന്നത്. സ്തൂപത്തില്‍ പൊലീസ് രക്തസാക്ഷികള്‍ക്കായെന്ന് പ്രത്യേകം എഴുതിച്ചേര്‍ത്തു. പൊലീസിന് രാഷ്ട്രീയ അതിപ്രസരമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പോലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ ഇന്റലിജന്‍സ് രംഗത്ത്. അസോസിയേഷന്‍ സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളികളും ചട്ടവിരുദ്ധമാണെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരെ പേരെടുത്ത് അധിക്ഷേപിക്കുന്നുവെന്നതായും നിയമാവലി മറികടന്ന് സംഘടനയിലെ ലോഗോയില്‍ മാറ്റം വരുത്തിയതായും ഇന്റലിജന്‍സ് കണ്ടെത്തി.
സംഭവത്തില്‍ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. അതേസമയം റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നെന്ന് ബഹ്റ വ്യക്തമാക്കി. മുമ്പെങ്ങുമില്ലാത്ത വിധം രാഷ്ട്രീയ പ്രവര്‍ത്തനം സേനയില്‍ പടര്‍ന്ന് പിടിക്കുന്നതായാണ് ഇന്റലിജന്‍സ് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത് നിയന്ത്രിക്കുന്നതിന് സത്വര നടപടികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശുപാര്‍ശ ചെയ്തു. പോലീസ് സേനയിലെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പൊലീസ് അസോസിയേഷനുകള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, സമീപകാലത്തായി ഈ സംഘടനകള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അനുകൂലികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
Post Your Comments