ചെന്നൈ : വാട്‌സ്ആപ്പ് സന്ദേശത്തെ തുടര്‍ന്നുള്ള അക്രമത്തില്‍ യുവാവും വൃദ്ധയും കൊല്ലപ്പെട്ടു. വ്യാജ വാട്‌സാപ് സന്ദേശങ്ങളുടെ പേരിലാണ് തമിഴ്‌നാട്ടില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത്, പുറത്തുനിന്നെത്തിയവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന രീതിയിലുള്ള വ്യാജസന്ദേശങ്ങളില്‍ വിശ്വസിച്ചവരാണു തമിഴ്‌നാട്ടില്‍ രണ്ടു പേരെ അക്രമിച്ചത്. ബുധനാഴ്ച തമിഴ്‌നാട്ടിലെ പുലിക്കട്ടില്‍ യുവാവിനെ ഒരു സംഘം തല്ലിക്കൊന്ന ശേഷം പാലത്തില്‍നിന്നു താഴേക്കു തൂക്കിയെന്നാണു വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തിരിക്കുന്നത്.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി വന്ന ഉത്തരേന്ത്യക്കാരനെന്നു കരുതിയാണ് ആള്‍കൂട്ടം ഇയാളെ തല്ലിക്കൊന്നതെന്നു പൊലീസ് അറിയിച്ചു. തിരുവണ്ണാമലൈ ഗ്രാമത്തിലാണു രണ്ടാമത്തെ സംഭവം. രുക്മിണി എന്ന അറുപത്തിനാലുകാരിക്കു നേരെയായിരുന്നു അതിക്രമം. നാട്ടുകാരുടെ അക്രമത്തില്‍ പരുക്കേറ്റ ഇവരുടെ നാലു ബന്ധുക്കള്‍ ചികില്‍സയിലാണ്.
കുടുംബക്ഷേത്രത്തില്‍ ആരാധന നടത്തുന്നതിനു ഗ്രാമത്തിലെത്തിയവര്‍ക്കു നേരെയായിരുന്നു അക്രമം. ദര്‍ശനത്തിനു ശേഷം കുട്ടികള്‍ക്കു മധുരവിതരണം നടത്തിയതാണ് ഇവര്‍ക്കു വിനയായത്. മിഠായി നല്‍കി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ അക്രമം. ക്രൂരമര്‍ദനത്തില്‍ പരുക്കേറ്റ ഇവര്‍ പിന്നീടു മരിച്ചു. അക്രമത്തിനിടെ പറയുന്നതു കേള്‍ക്കാന്‍ പോലും നാട്ടുകാര്‍ തയാറായില്ലെന്നു രുക്മണിയുടെ ബന്ധുക്കള്‍ പിന്നീടു മാധ്യമങ്ങളോടു പ്രതികരിച്ചു.
കുട്ടികളെ കടത്തിക്കൊണ്ടു പോകാന്‍ പ്രത്യേക സംഘം എത്തിയിട്ടുണ്ടെന്ന വ്യാജ വാട്‌സാപ് വിഡിയോ സന്ദേശം കുറച്ചു നാളുകളായി വടക്കന്‍ തമിഴ്‌നാട്ടില്‍ പ്രചരിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ആളുകള്‍ പല സ്ഥലങ്ങളിലും പിടിച്ചുകെട്ടി തല്ലുന്ന സംഭവങ്ങള്‍ രണ്ടു മാസമായി നടക്കുന്നു. രണ്ടു മാസത്തിനിടെ ഇത്തരം ആക്രമണങ്ങളെ തുടര്‍ന്നു വെല്ലൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളിയും തമിഴ്‌നാട്ടുകാരനായ വയോധികനുമാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വിഡിയോ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്നു പലവട്ടം പൊലീസ് പൊതുജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതാണ്. സംശയകരമായ സാഹചര്യത്തില്‍ ആളുകളെ കണ്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കിയാല്‍ മതിയെന്നു പൊലീസ് പറഞ്ഞിരുന്നു. ആള്‍ക്കൂട്ടം സംശയത്തിന്റെ പേരില്‍ ഇതരസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു.
Post Your Comments