ഭോപ്പാല്‍: ഇന്ത്യ ഇന്ന് സാങ്കേതിക വിദ്യയില്‍ ഏറെ പുരോഗതി കൈവരിച്ചുവെങ്കിലും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചില വിശ്വാസങ്ങള്‍ വെച്ചുവുലര്‍ത്തുന്ന ജനങ്ങളെ കാണാം. അത്തരത്തിലുള്ള ഒന്നാണ് ഭോപ്പാലിലെ ഒരു ഗ്രാമത്തില്‍ ചെന്നാല്‍ കാണാന്‍ കഴിയുക. 400 വര്‍ഷമായി സ്ത്രീകള്‍ പ്രസവിക്കാത്ത നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഏതോ ശാപം തങ്ങളുടെ ഗ്രാമത്തെ ഗ്രസിച്ചിരിക്കുന്നെന്ന് പ്രദേശവാസികള്‍ പോലും ശക്തമായി വിശ്വസിച്ചു വരുന്ന ആ ഗ്രാമം മദ്ധ്യപ്രദേശിലെ രാജ്ഗറിലുള്ള സങ്ക ശ്യാം ജിയാണ്. ഏതെങ്കിലും ഒരു സ്ത്രീ ഗ്രാമത്തില്‍ വച്ച് തന്റെ കുഞ്ഞിന് ജന്മം നല്‍കിയാല്‍ ഒരു രാത്രി പുലരുന്നതിന് മുമ്പ് തന്നെ ഇരുവരും അകാല മരണം പുല്‍കും എന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. അതു കൊണ്ടു തന്നെ ഇവിടുത്തെ സ്ത്രീകള്‍ അയല്‍ ഗ്രാമങ്ങളില്‍ ചെന്നാണ് പ്രസവ ശുശ്രൂഷ നേടുന്നതും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതും.
‘ഭൂരിഭാഗം പ്രസവങ്ങളും നടക്കുന്നത് അയല്‍ഗ്രാമത്തിലെ ആശുപത്രിയില്‍ തന്നെയാണ്. എന്നാല്‍ എന്തെങ്കിലും അടിയന്തര ഘട്ടം വന്നാല്‍ അതിനായി ഗ്രാമത്തിന് പുറത്ത് ഒരു കെട്ടിടം പണിതിട്ടുണ്ട്. എത്ര പ്രതികൂലമായ കാലവാസ്ഥയാണെങ്കില്‍ പോലും ഗ്രാമത്തിനുള്ളില്‍ വച്ച് പ്രസവശുശ്രൂഷകള്‍ ഒന്നും തന്നെ നല്‍കാറില്ല’- ഗ്രാമമുഖ്യനായ നരേന്ദ്ര ഗുര്‍ജാര്‍ പറഞ്ഞു.
ദൈവത്തിന്റെ കോപം നിമിത്തമാണ് തങ്ങളുടെ ഗ്രാമത്തിന് ഈ ഗതി വന്നതെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. അതിനെ ചുറ്റിപറ്റി പ്രചരിക്കുന്ന ഒരു കഥ ഇപ്രകാരമാണ്.
പതിനാറാം നൂറ്റാണ്ടില്‍ സങ്കശ്യാം ജിയില്‍ പണിതു കൊണ്ടിരുന്ന ഒരു അമ്പലം തകരാനിടയായി. പ്രദേശവാസിയായ ഒരു യുവതി അമ്പലത്തിലെത്തി ഗോതമ്പ് പൊടിക്കാന്‍ ശ്രമിച്ചതാണ് അമ്പലം തകരാന്‍ കാരണമത്രേ. തുടര്‍ന്ന് ഇനി ഒരു സ്ത്രീയും ഗ്രമത്തില്‍ വച്ച് പ്രസവിക്കില്ല എന്ന് ദൈവം ശാപം നല്‍കിയെന്നും, അതിന് ശ്രമിച്ചാല്‍ ജീവഹാനി ഉണ്ടാകുമെന്നും ഗ്രാമവാസികള്‍ ശക്തമായി വിശ്വസിച്ചു പോരുന്നു.
അന്ധവിശ്വാസമെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളുന്നവരുടെ മുന്നില്‍ ഇതിന് പിന്‍ബലമേകുന്ന പല സംഭവങ്ങളും ഗ്രാമീണര്‍ മുന്നോട്ട് വയ്ക്കുന്നു. ആകസ്മികമായി നടന്നിട്ടുള്ള പല പ്രസവങ്ങളിലും കുട്ടികള്‍ ഉടന്‍ തന്നെ മരിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.
Post Your Comments