മീൻ പിടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന കുറേപേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സാധാരണ ഒരു മീൻ പിടുത്തത്തിനപ്പുറം അതിൽ അൽപ്പം സാഹസികതകൂടി കലർത്തിയാലോ? പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭീമേശ്വരി കര്‍ണാടകയിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്.
മാണ്ഡ്യ ജില്ലയിലാണ് ഭീമേശ്വരി. ബാംഗ്ലൂരില്‍ നിന്നും നൂറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വീക്കെന്‍ഡിലെ അവധിദിനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ഭീമേശ്വരി. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ മേക്കേദാടുവിനും ശിവനസമുദ്രത്തിനും ഇടയിലായാണ് ഭീമേശ്വരി സ്ഥിതി ചെയ്യുന്നത്. സാഹസികരുടെ ഇഷ്ടകേന്ദ്രം കാഴ്ചകള്‍ കാണാനെത്തുന്നവര്‍ക്ക് മാത്രമല്ല, ഫിഷിംഗ് ഇഷ്ടപ്പെടുന്നവരുടെയും ഇഷ്ടസങ്കേതമാണ് ഭീമേശ്വരി.
കാവേരി നദിയില്‍ മീന്‍പിടുത്തത്തിനുള്ള നിരവധി സാധ്യകളുണ്ട്.അപൂര്‍വ്വമായ മഹാശീര്‍ മത്സ്യങ്ങളുള്ള നിരവധി ഫിഷിംഗ് ക്യാംപുകളാണ് ഇവിടെയുള്ളത്, അതുകൊണ്ട് തന്നെ ഭീമേശ്വരിക്ക് ചൂണ്ടക്കാരുടെ സ്വര്‍ഗ്ഗമെന്ന് ഒരു വിളിപ്പേരുമുണ്ട്. ഭീമേശ്വരി, ഗാലിബോര്‍, ദൊഡ്ഡമക്കലി എന്നിങ്ങനെയുള്ള മൂന്ന് ക്യാംപുകള്‍ ചേര്‍ന്നാണ് കാവേരി ഫിഷിംഗ് ക്യാംപ് എന്ന് അറിയപ്പെടുന്നത്. ഇതില്‍ ഭീമേശ്വരി, ഗാലിബോര്‍ എന്നീ രണ്ട് ഫിഷിംഗ് ക്യാംപുകള്‍ മാത്രമാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാറുള്ളത്.
ഗാലിബോര്‍ ക്യാംപിലേക്ക് ഭീമേശ്വരിയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരമുണ്ട്. ദൊഡ്ഡമക്കലിയിലേക്ക് ഭീമേശ്വരിയില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഫിഷിംഗിനു പുറമേ, വന്യജീവികളെയും കാട്ടിലെ മറ്റ് അന്തേവാസികളെയും അടുത്തുകണ്ടുകൊണ്ട് ഒരു യാത്രയ്ക്കും ഇടമുണ്ട് ഭീമേശ്വരിയില്‍. വിവിധതരം മാനുകള്‍, കുറുനരി, കാട്ടുപന്നി, പുള്ളിപ്പുലി എന്നിവയെ ഇവിടെ കാണാം. മുതലകളെയും നാനാജാതി പക്ഷികളെയും അടുത്തുകാണാനുള്ള അവസരം കൂടി ലഭിക്കും ഭീമേശ്വരിയില്‍.
ട്രക്കിംഗിന് അവസരം നല്‍കുന്ന കുത്തനെയുള്ള പര്‍വ്വതനിരകളുണ്ട് ഇവിടെ. നിബിഢവനത്തില്‍ നിരവധി നടപ്പാതകളും തെളിഞ്ഞുകാണാന്‍ സാധിക്കും. നിരവധി പക്ഷിവര്‍ഗ്ഗങ്ങളെ കാണാന്‍ അവസരമുള്ള ദൊഡ്ഡമക്കലിയാണ് ഇവിടത്തെ ഒരു പ്രധാന ട്രക്കിംഗ് ലക്ഷ്യസ്ഥാനം. കാവേരി ഫിഷിംഗ് ക്യാംപിന് സമീപത്തായി ഒരു ആനസംരക്ഷണ കേന്ദ്രവുമുണ്ട്. ട്രക്കിംഗ് പ്രിയര്‍ക്ക് കൊടും വനത്തില്‍ കാട്ടുമൃഗങ്ങള്‍ നടന്നുണ്ടാക്കിയ വഴിയിലൂടെയുള്ള നടത്തം പുതിയ ഒരനുഭവം പകരുമെന്ന് ഉറപ്പാണ്.
കാവേരിയുടെ ഒഴുക്കിനൊപ്പം ലാസ്യവതിയായി ഒഴുകുന്ന കാവേരിപ്പുഴയുടെ സൗന്ദര്യം ഏതൊരു സഞ്ചാരിയുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. ശാന്തഭാവത്തിലാണെങ്കില്‍ ഒരുനീന്തലും നദിക്ക് കുറുകെ ചങ്ങാടത്തില്‍ ഒരു യാത്രയും ഭീമേശ്വരിയിലെ മറക്കാനാവാകത്ത അനുഭവമായിരിക്കും. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കാവട്ടെ കാവേരി നദിയില്‍ റിവര്‍ റാഫ്റ്റിംഗിനും സൗകര്യമുണ്ട്. വെറുതെ നടന്നു കാണാനും സാഹസിക പ്രവൃത്തികള്‍ക്കും ഒരുപോലെ പേരുകേട്ട സ്ഥലമാണ് ഭീമേശ്വരി.
Post Your Comments