കണ്ണൂര്‍: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പെരിങ്ങാടി ഈച്ചി ഉമ്പറക്കചെള്ളയില്‍ ഷമേജ് (41) നെ കൊലപ്പെടുത്തിയ സംഘം പിടിയിലായതായി സൂചന. പ്രതികളെ തിരിച്ചറിഞ്ഞുവെന്നാണ് വിവരം. കൊലനടത്തിയത് ആറംഗ സംഘമെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഷമേജിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 30 മുറിവുകളുണ്ടായിരുന്നു. ശരീരത്തില്‍ വെട്ടുകള്‍ മാത്രം ഒന്‍പതെണ്ണമുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെട്ടുകളിലേറെയും ആഴത്തിലുള്ളതാണ്.
തലയ്ക്കുപിന്നില്‍ വെട്ടേറ്റ് തലയോട്ടി പിളര്‍ന്നിട്ടുണ്ട്. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. തലശേരി സിഐ പ്രേമചന്ദ്രനാണ് അന്വേഷണ ചുമതല.ഷമേജ് വധക്കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. സംഭവ സ്ഥലത്ത് സിസിടിവി ഇല്ലാത്തതിനാല്‍ സമീപ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കൊലയാളികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്. സംഭവ സ്ഥലത്ത് നിന്ന് ഷമേജിന്റേതെന്നു കരുതുന്ന ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്.
ഷമേജിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന അവസാന കോള്‍ ആരുടേതാണെന്നാണ് പോലീസ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം മാഹിയില്‍ സിപിഎം നേതാവ് ബാബു കണ്ണിപ്പൊയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെടുന്നത്. സിപിഎമ്മാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.
Post Your Comments