KeralaLatest NewsNews

കോഴിക്കോട് പെട്രോള്‍ പമ്പില്‍ തോക്കുചൂണ്ടി യുവാവ് കവര്‍ന്നത് ലക്ഷത്തിലധികം രൂപ

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് പെട്രോള്‍ പമ്പില്‍ തോക്കുചൂണ്ടി യുവാവ് കവര്‍ന്നത് ലക്ഷത്തിലധികം രൂപ. ചാത്തമംഗലം കട്ടാങ്ങലുള്ള എ ഇ കെ പെട്രോള്‍ പമ്പിലാണ് ഹിന്ദി സംസാരിക്കുന്ന, മുഖം മൂടി ധരിച്ചെത്തിയ അക്രമി തോക്കു ചൂണ്ടി പണം കവര്‍ന്നത്. രാത്രി 9.30ഓടെ പമ്പ് അടയ്ക്കുന്നതിന് മുന്‍പ് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം.

കനത്ത മഴയെ തുടര്‍ന്ന് പമ്പടച്ച് വീട്ടിലേക്ക് പോവാനിറങ്ങുന്ന സമയത്താണ് ഉടമ അനീഷയേയും ജീവനക്കാരനേയും ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. മുഖം മൂടി ധരിച്ചെത്തിയ അക്രമി പമ്പ് ജീവനക്കാരന്റെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടെന്ന് ഉടമ അനീഷ പറഞ്ഞു.

കനത്ത മഴ കാരണം വൈദ്യുതി ഇല്ലാത്ത സമയത്തായിരുന്നു കവര്‍ച്ച എന്നതും അക്രമിയ്ക്ക് സഹായകമായി. ഹിന്ദി സംസാരിക്കുന്ന യുവാവ് തോക്ക് ചൂണ്ടിയ ശേഷം പണം വെച്ചിരുന്ന മേശ തുറക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ഉണ്ടായിരുന്ന പണം മുഴുവന്‍ എടുത്ത ശേഷം മേശയിലെ ചില്ലറ ഉള്‍പ്പെടെ എടുത്തുകൊണ്ട് പോവുകയായിരുന്നു എന്നും ജീവനക്കാര്‍ പറഞ്ഞു.

ഉടമയുടെ പരാതിയില്‍ കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യുതി മുടങ്ങിയതിനാല്‍ പമ്പിലെ സി സി ടി വി യും പ്രവര്‍ത്തനരഹിതമായിരുന്നു.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പമ്പില്‍ പരിശോധന നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button