പത്തനംതിട്ട: എരുമേലി മുക്കുട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയെ കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജസ്നയെ തിരുവല്ലയിലുള്ള ഒരു കല്ല്യാണ വീട്ടില്‍ കണ്ടിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരോ എടുത്ത ഒരു ഫോട്ടോയോടൊപ്പമാണ് അത് ജസ്നയാണോ എന്ന തലക്കെട്ടോടെ വാര്‍ത്ത പരന്നത്. എന്നാല്‍ ആ വാര്‍ത്തയിലെ സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. അതിനു പിന്നാലെയാണ് ജസ്നയെ ബെംഗളൂരുവില്‍ കണ്ടെത്തിയെന്ന് തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്.
വാഹനാപകടത്തില്‍ പരുക്കേറ്റ ജസ്നയും സുഹൃത്തും ബെംഗളൂരുവിലെ നിംഹാന്‍സില്‍ ചികില്‍സ തേടിയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇരുവരും മൈസൂരിലേക്ക് പോയെന്നും സൂചന ലഭിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജസ്നന മരിയ ജയിംസി(20)നെ മാര്‍ച്ച് 22നാണ് കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജസ്ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജസ്നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ഇവര്‍ ഒരു അപകടം പറ്റി ബെംഗളൂരുവിലെ ധര്‍മാരാജിന് സമീപമുള്ള ആശ്വാസ് ഭവനില്‍ എത്തി. ആശ്വാസ് ഭവനില്‍ ജോലി ചെയ്യുന്ന് പാല സ്വദേശി ഗണപതിപ്ലാക്കല്‍ ജോര്‍ജ് താന്‍ കണ്ടത് ജെസ്നയെ തന്നെയാണ് എന്ന് ഒരു മാധ്യമത്തോട് ഉറപ്പിച്ചു പറയുന്നു. നാട്ടില്‍ നിന്നു ലഭിച്ച ഫോട്ടോയില്‍ ഉള്ള യുവതിയെ തന്നെയാണ് താന്‍ കണ്ടത് എന്ന് ഇദ്ദേഹം പറയുന്നു. യുവതിക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
ശനിയാഴ്ച ഉച്ചയ്ക്ക് 11.30ഓടെയാണ് ഇരുവരും ആശ്വാസ് ഭവനില്‍ എത്തിയത്. മുടി അല്‍പ്പം നീട്ടിയ 25 വയസ് തോന്നിക്കുന്ന യുവാവാണ് കൂടെയുണ്ടായിരുന്നത്. ഇയാള്‍ മുണ്ടക്കയം സ്വദേശിയാണെന്ന് പരിചയപ്പെടുത്തി. എന്നാല്‍ സംസാരം കേട്ടിട്ട് തൃശൂര്‍ക്കാരനാണെന്ന് വ്യക്തമാണെന്നും ജോര്‍ജ് പറയുന്നു. അത്യാഡംബര ബൈക്കിലാണ് യുവതിയും യുവാവും വന്നത്. ഫോര്‍രജിസ്ട്രേഷന്‍ നോട്ടീസ് ഒട്ടിച്ച ബൈക്കായിരുന്നു. ഇത്തരത്തില്‍ 100 ബൈക്കുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളതെന്നും 90-മത്തെ ബൈക്കാണിതെന്നും യുവാവ് പറഞ്ഞുവത്രെ. കൂടെയുള്ളത് മുണ്ടക്കയം സ്വദേശിയാണെന്ന് യുവതിയാണ് പറഞ്ഞതെന്നും ജോര്‍ജ് പറയുന്നു. കൈവശം ഒരു ബാഗുണ്ടായിരുന്നു. യുവതിയുടെ പല്ല് സ്റ്റീല്‍ ഫ്രെയിമില്‍ കെട്ടിയിരുന്നു.
ജസ്‌നയുടെ ബന്ധുക്കള്‍ മുക്കൂട്ടുതറയില്‍ നിന്ന് അയച്ചുതന്നെ ഫോട്ടോയില്‍ കാണുന്ന വ്യക്തിയെ തന്നെയാണ് കണ്ടതെന്ന് ജോര്‍ജ് വ്യക്തമാക്കി. ബെംഗളൂരുവില്‍ ആശുപത്രികളിലും മറ്റു സൗജന്യ ഭക്ഷണം എത്തിക്കുന്ന സംഘമാണ് ആശ്വാസ്. ഇവിടെയാണ് ജോര്‍ജ് സേവനമനുഷ്ടിക്കുന്നത്.
സ്ഥാപനത്തിലെ ചുമതലക്കാരനായ വൈദികനെ കാണാനാണ് വന്നതെന്ന് യുവതി പറഞ്ഞിരുന്നു. യാത്രക്കിടെ നേരിയ അപകടത്തില്‍പ്പെട്ടതും യുവതി പറഞ്ഞു. ബൈക്ക് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിക്കേറ്റിരുന്നു. ബെംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ യുവാവ് ചികില്‍സയിലായിരുന്നു. മുറിവ് ഉണങ്ങിയ പാട് കണ്ടു. യാത്രാ ക്ഷീണം ഇരുവരുടെ മുഖത്തുമുണ്ടായിരുന്നു. ബാത്ത് റൂമില്‍ കയറി മുഖവും തലയുമെല്ലാം കഴുകിയ ശേഷമാണ ഇരുവരും മടങ്ങിയത്. യുവതിയോട് നാട്ടിലെവിടെയാണെന്ന് ചോദിച്ചപ്പോള്‍ മണിമലയാണെന്നായിരുന്നു മറുപടി.
മണിമലയിലെ തന്റെ ബന്ധുക്കളുടെ പേരും വീട്ടുപേരുമെല്ലാം പറഞ്ഞപ്പോള്‍ താന്‍ മുക്കൂട്ടുതറ സ്വദേശിയാണെന്ന് യുവതി തിരുത്തി പറഞ്ഞു. പേര് ജസ്‌ന മരിയ ആണെന്നും പറഞ്ഞുവെന്ന് ജോര്‍ജ് ഓര്‍ക്കുന്നു. ഏറെ നേരം സംസാരിച്ചതു കൊണ്ടുതന്നെ അത് കാണാതായ ജസ്‌ന ആണെന്നാണ് ജോര്‍ജ് പറയുന്നത്.
വിവാഹിതരാകാനുള്ള താല്‍പ്പര്യത്തിലാണ് ഇരുവരും ബെംഗളൂരുവില്‍ വന്നത്. വിവാഹം നടത്താന്‍ സ്ഥാപനത്തില്‍ ചില തടസങ്ങളുണ്ടെന്ന് അറിയിച്ചു. താമസിക്കാന്‍ മുറി കിട്ടുമോ എന്നും യുവതി അന്വേഷിച്ചിരുന്നു. ചെങ്കോട്ട വഴി ബൈക്കിലാണ് ബെംഗളൂരുവിലെത്തിയത്.
യാത്രക്കിടെയുണ്ടായ അപകടത്തില്‍ പണം നഷ്ടപ്പെട്ടുവെന്നും യുവതി പറഞ്ഞതായി ജോര്‍ജ് പറഞ്ഞു. താമസിക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞപ്പോള്‍ ഇരുവരും ബൈക്കില്‍ തന്നെ തിരിച്ചുപോയി. മൈസൂരിലേക്ക് പോകുകയാണെന്നാണ് പറഞ്ഞതത്രെ. അന്നേ ദിവസം ഒന്നരയോടെയാണ് പോയതെന്നും ജോര്‍ജ് പറയുന്നു.
അതേസമയം, കേസ് അന്വേഷിക്കുന്ന കേരളാ പോലീസ് ഈ സ്ഥാപനത്തിലെത്തി. ഈ വാര്‍ത്തകളെ ഒക്കെ പോലീസ് നിഷേധിച്ചരിക്കുകയാണ്. സ്ഥലത്തു കേരള പോലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു എങ്കിലും കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
Post Your Comments