യു.പി: സര്‍വ്വീസില്‍ തിരിച്ചെടുത്തില്ലെങ്കില്‍ അടുത്ത തീരുമാനം എന്തായിരിക്കുമെന്ന് വ്യക്തമാക്കി ഡോ.കഫീൽ ഖാൻ. ഗൊരഖ്പൂർ മെഡിക്കൽ കോളേജിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് വരുത്തിയെന്നാരോപിച്ച് യു.പി പൊലീസ് അറസ്റ്റ് ചെയ്ത ശിശുരോഗ വിദഗ്ദന്‍ ഡോ. കഫീൽ ഖാനാണു സ്വന്തം നിലപാട് വ്യക്തമാക്കിയത്. തന്നെ തിരിച്ചെടുക്കാൻ ഉത്തര്‍പ്രദേശ് സർക്കാർ തയ്യാറായില്ലെങ്കിൽ കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി ഗൊരഖ്പൂരിൽ തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.
എട്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയ കഫീൽ ഖാൻ കുറ്റക്കാരുടെ പട്ടിക നിരത്തി. കുടിശ്ശിക തന്നില്ലെങ്കിൽ ഓക്സിജൻ വിതരണം മുടങ്ങുമെന്ന് ഓക്സിജൻ വിതരണ കമ്പനി ബന്ധപ്പെട്ട അധികാരികൾക്ക് 19 തവണയെങ്കിലും കത്തയച്ചു. എന്നിട്ടും നടപടിയെടുത്തില്ലെന്നും അവരാണ് യഥാർത്ഥ കുറ്റക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.
പലസ്ഥലങ്ങളിൽ നിന്നുള്ളവർ തന്നെ അവരുടെ നാട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ ഞാൻ ഗൊരഖ്പൂരിൽ തന്നെ ഉണ്ടാകും. എന്നെ സർവ്വീസിൽ തിരിച്ചെടുത്തില്ലെങ്കിൽ ഗൊരഖ്പൂരിൽ തന്നെ കുട്ടികൾക്കായി അഞ്ഞൂറ് കിടക്കയുള്ള ആശുപത്രി തുടങ്ങും. പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകും. ഡോക്ടർമാരുടെ കുറവോ മരുന്നിന്റെ കുറവോ ആ ആശുപത്രിയിൽ ഉണ്ടാകില്ല. കേരളത്തിൽ നിന്നടക്കം തനിക്ക് പിന്തുണയുണ്ടെന്നും കഫീൽ ഖാൻ പറഞ്ഞു. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഓക്സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ രക്ഷിതാക്കളും കാണാനെത്തി.
തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച ബോധ്യമുണ്ടായിട്ടും സഹപ്രവർത്തകരുടെ നിർദ്ദേശം പ്രകാരം ഒളിവിൽ പോയതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്. എന്നാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നെ ഒരു പാഠം പഠിപ്പിച്ചു. സത്യം വിളിച്ചു പറയാതെ ജീവിതത്തിൽ നിന്ന് ഒളിച്ചോടരുതെന്ന പാഠം . അതിൽ അദ്ദേഹത്തോട് നന്ദിയുണ്ടെന്നും കഫീല്‍ തുറന്നുപറഞ്ഞു.
Post Your Comments