![THEFT IN JEWELRY](/wp-content/uploads/2018/05/THEFT.png)
കൊച്ചി: ജ്വല്ലറിയില്‍നിന്നും വള മോഷ്ടിച്ച സഹോദരിമാരെ പോലീസ് അറസ്റ്റ് ചെയതു. എറണാകുളം ബ്രോഡ് വേയിലെ സിറ്റി ജ്വല്ലറിയില്‍നിന്നും വള മോഷ്ടിച്ച വടുതല സ്വദേശി മൂഴിക്കുളത്ത് ബിയാട്രിസ് (50), ഇവരുടെ സഹോദരി പാലക്കാട് താമസിക്കുന്ന പല്ലാവൂര്‍ മാന്തോന്നി റീന (40) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ടാണ് 18 ഗ്രാം വരുന്ന സ്വര്‍ണവള ഇരുവരും മോഷ്ടിച്ചത്.
സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ ഇവര്‍ക്ക് ജീവനക്കാര്‍ 16 വളകള്‍ അടങ്ങിയ ട്രേ കാണിച്ചു. വളകള്‍ പരിശോധിച്ചശേഷം ഇവര്‍ പുറത്തുപോവുകയും ചെയതു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഒരു വള കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു സിസിടിവി പരിശോധിച്ചാണു മോഷണം തിരിച്ചറിഞ്ഞത്.
പ്രതികളില്‍ ഒരാള്‍ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ സ്വര്‍ണ വളകളടങ്ങിയ ട്രേക്കു മുകളില്‍ ഇട്ടശേഷം അതിന്റെ മറവില്‍ വള മോഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ മേനക ഭാഗത്തുനിന്നും സെന്‍ട്രല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജനും സംഘവും പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments