തിരുവനന്തപുരം•ഇനിയും കേരളത്തിലേക്ക് വരുമെന്ന് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇല്‍സ. കേരള സര്‍ക്കാരും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും തങ്ങളുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും, ഒപ്പം നില്‍ക്കുകയും ചെയ്തത് മറക്കാനാകില്ലെന്ന് ഇല്‍സ പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് മടങ്ങുംമുമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഓഫീസിലെത്തി കണ്ട് ഇല്‍സ നന്ദി അറിയിച്ചു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും, കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മന്ത്രി ഇല്‍സയ്ക്ക് സമ്മാനിച്ചു. രണ്ട് ദിവസം കൂടി കേരളത്തില്‍ തങ്ങിയ ശേഷമായിരിക്കും മടക്കയാത്രയെന്ന് ഇല്‍സ പറഞ്ഞു.സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ട് യുവാക്കള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപ തങ്ങളുടെ കുടുംബത്തിന്റെ വകയായി നല്‍കാനുള്ള സന്നദ്ധത ഇല്‍സ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചു. ആ യുവാക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് സഹായകരമാകുന്ന രീതിയില്‍ ഈ പണം നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇല്‍സ പറഞ്ഞു.
സഹോദരിയെ നഷ്ടമായെങ്കിലും, ആ ദുരന്തം ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍ തന്നെ സഹായിച്ച കേരളത്തോട് തനിക്ക് സ്നേഹമാണെന്നും ഇല്‍സ പറഞ്ഞു.
Post Your Comments