കോഴിക്കോട്: രാജ്യത്തേക്കുള്ള സ്വര്‍ണ്ണക്കടത്തിന്‍റെ പുതിയ കേന്ദ്രമായി നേപ്പാള്‍. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ പരിശോധനകള്‍ ശക്തമായപ്പോഴാണ് കള്ളക്കടത്ത് സംഘങ്ങള്‍ നേപ്പാള്‍ കേന്ദ്രമാക്കിയത്. പ്രശ്നങ്ങളില്ലാതെ കാഠ്മണ്ഡു വിമാനത്താവളത്തിലെ പരിശോധന മറികടക്കാമെന്നതും നേപ്പാള്‍ അതിര്‍ത്തി എളുപ്പം കടക്കാം എന്നതുമാണ് സംഘങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ദുബായില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വിമാനത്തില്‍. അവിടെ നിന്ന് ഷെയറിംഗ് ടാക്സിയിലോ ബസിലോ ഇന്ത്യാ അതിര്‍ത്തിയിലേക്ക്. അതിര്ത്തി, നടന്ന് കടക്കും. ഇന്ത്യയിലെത്തി മറ്റൊരു ബസില്‍ റെയില്‍വേ സ്റ്റേഷനിലേക്ക്. പിന്നെ തീവണ്ടിയില്‍ ലക്ഷ്യസ്ഥാനത്തെത്തും.
നേപ്പാള്‍ വഴിയുള്ള ഒരു സ്വര്‍ണ്ണക്കടത്തുകാരന്‍റെ യാത്രയിങ്ങനെയാണ്. നേപ്പാള്‍ വഴി ഒന്നിലേറെ തവണ സ്വര്‍ണ്ണം കടത്തിയ മലപ്പുറം സ്വദേശി കാഠ്മണ്ഡു വിമാനത്താവളത്തിലെ പരിശോധനയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.ജീന്‍സില്‍ ഒളിപ്പിച്ച് ഒരു കിലോ സ്വര്‍ണ്ണമാണ് ഇയാള്‍ ദുബായില്‍ നിന്ന് നേപ്പാള്‍ വഴി കടത്തിയത്. നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയില്‍ ബാഗുകള്‍ മാത്രമേ പരിശോധിക്കൂ. ദേഹപരിശോധന ഇല്ലാത്തതിനാല്‍ സ്വര്‍ണ്ണം ബിസ്ക്കറ്റുകളായി കൊണ്ട് വന്നാലും യാതൊരു റിസ്ക്കുമില്ല. ബോര്‍ഡര്‍ ചെറിയൊരു പാലമാണ് ഇന്ത്യയിലേക്ക് കടക്കാന്‍. ഇന്ത്യയിലേക്ക് നടന്ന് പോകും.
ഇവിടെ നേപ്പാളിന്‍റെ പോലീസുണ്ടാകും. അവിടെ ഇന്ത്യയുടെ പോലീസും. ഒരു പരിശോധനയും രണ്ട് ഭാഗത്തുമുണ്ടാവില്ലെന്ന് ഇയാള്‍ പറയുന്നു. ഒരു പരിശോധനയുമില്ല, ഒരു ചോദ്യവുമില്ല. ഫുള്‍ ജനങ്ങള്‍ ഇങ്ങനെ നടക്കുകയല്ലേ. അങ്ങോട്ടുമിങ്ങോട്ടും. അതിലെ നടന്നങ്ങ് പോയി. പിന്നെ അവര്‍ തപ്പുകയാണെങ്കില്‍ ബാഗല്ലേ തപ്പൂ. നമ്മുടേത് അരയിലല്ലേ. ഡ്രസാണെന്ന് പറഞ്ഞാല്‍ മതി. പക്ഷേ എന്നെ തപ്പിയില്ല. എന്നെ കൊണ്ട് വിടാന്‍ വന്നയാളേയും നോക്കിയില്ല- മലപ്പുറം സ്വദേശി പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് നേപ്പാള്‍ അതിര്‍ത്തി കടക്കണമെങ്കില്‍ പാസ്പോര്‍ട്ട് പോലും ആവശ്യമില്ല.
ഏതെങ്കിലുമൊരു തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രം മതി. നേപ്പാളും ഇന്ത്യയും തമ്മിലുള്ളത് തുറന്ന അതിര്‍ത്തി ആയതിനാലാണ് ഇതുവഴിയുള്ള സ്വര്‍ണ്ണക്കടത്ത് എളുപ്പമാകുന്നത്. തുറന്ന അതിര്‍ത്തി ആയതിനാല്‍ വളരെ എളുപ്പത്തില്‍ തീവണ്ടി പിടിക്കാം. വിമാനത്താവളങ്ങളിലോ, തുറമുഖങ്ങളിലോ ഉള്ളത് പോലെ പോലീസ് പരിശോധനകളൊന്നും റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടാകില്ല എന്നതും സൗകര്യം തന്നെ.ഏഷ്യാനെറ്റ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments