ArticleSouth IndiaPilgrimage

കടൽ കടന്ന പെരുമയുമായി “ആറന്മുള കണ്ണാടി”

ശിവാനി ശേഖര്‍
“ദക്ഷിണ ഭാഗീരഥിയായ പുണ്യപമ്പയുടെ” തീരങ്ങളിലാണ് “ആറന്മുള” ക്ഷേത്രഗ്രാമം സ്ഥിതി ചെയ്യുന്നത്! ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും “ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രമാണ് ആറന്മുളയെ കൈരളിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്!മഹാഭാരതയുദ്ധത്തിൽ ഉറ്റസുഹൃത്ത് പാർത്ഥനു വേണ്ടി തേരു തെളിക്കുന്ന ശ്രീകൃഷ്ണപ്രതിഷ്ഠയാണ് ഇവിടെ!
ആറന്മുള ക്ഷേത്രത്തിന്റെ ഖ്യാതി ലോകമെമ്പാടുമെത്തിച്ചത് അതിവിശിഷ്ടമായ” ആറന്മുള കണ്ണാടിയാണ്! ചതുർബാഹുവായ ഭഗവാന് മുഖം നോക്കാൻ വേണ്ടി നിർമ്മിച്ചതാണ് ആറന്മുള കണ്ണാടിയെന്നു വിശ്വസിക്കുന്നു!! പരമപവിത്രമായ ഈ ലോഹക്കണ്ണാടി വ്രതശുദ്ധിയുടെ നിറവിലാണ് നിർമ്മിച്ചെടുക്കുന്നത്! ആറന്മുള ദേശത്തെ ചുരുക്കം ചില വിശ്വകർമ്മത്തറവാടുകൾക്കാണ് ഈ പവിത്ര ദർപ്പണത്തിന്റെ നിർമ്മാണാവകാശം! തമിഴ്നാട്ടിലെ ശങ്കരൻ കോവിലിൽ നിന്നും, ക്ഷേത്രത്തിലെ,പൂജാപാത്രങ്ങൾ, വിളക്കുകൾ എന്നിവ നിർമ്മിക്കുന്നതിന് അന്നത്തെ നാടുവാഴി യായിരുന്ന “അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ്” ആറന്മുളയിലേക്ക് കൊണ്ടു വന്ന മൂശാരിമാരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ദർപ്പണ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾ!!
കണ്ണാടിയുടെ നിർമ്മാണ രഹസ്യം കുടുംബത്തിലെ മൂത്താശാരിയുടെ കൈകളിൽ ഭദ്രമാണ്! പഴയകാലത്തെ ഓട്ടുപാത്ര നിർമ്മാണ രീതിയാണ് പിന്തുടരുന്നത്!  ഓട്/ചെമ്പും,വെളുത്തീയവും   ,നാഗവും പോലെയുള്ള  ലോഹങ്ങൾ പ്രത്യേക അനുപാതത്തിലാക്കി  ചെമ്പുപാത്രത്തിലാക്കി ഉരുക്കിയെടുക്കുന്നു ! ഉരുകിയതിനു ശേഷം തണുപ്പിച്ചെടുക്കുന്ന മിശ്രിതത്തെ ,വയലേലകളിൽ നിന്ന് ശേഖരിക്കുന്ന കളിമണ്ണ് ചൂടാക്കിയെടുക്കുന്ന പൊടിയുമായി സംയോജിപ്പിച്ച്,ചണമുപയോഗിച്ച് വാർത്തെടുക്കുന്നു.. പിന്നീട് എണ്ണയും,കോട്ടൺ, വെൽവെറ്റ് തുണികളുമപയോഗിച്ച് വാർത്തെടുത്ത പ്രതലത്തെ തടിഫലകത്തിലുറപ്പിച്ച് പല ഘട്ടങ്ങളിലായി ഉരച്ചെടുക്കുന്നു!
സാധാരണ കണ്ണാടികൾ സ്ഫടികം കൊണ്ട് നിർമ്മിച്ചെടുക്കുമ്പോൾ ആറന്മുള കണ്ണാടിയുടെ ഈ നിർമ്മാണരീതിയാണ് വ്യത്യസ്തമാക്കുന്നത്! യാതൊരു വിധ യന്ത്രങ്ങളുടെയും സഹായമില്ലാതെ പൂർണ്ണമായും മനുഷ്യനിർമ്മിതമായ ഈ പവിത്രക്കണ്ണാടിയിലെ ലോഹങ്ങളുടെ അളവ് ആലയിലെ മൂത്താശാരിക്കു മാത്രമേ അറിയുകയുള്ളൂ! ആലയിൽ പണിക്കാർ മൂത്താശാരി അളന്ന് നുറുക്കി കൊടുക്കുന്ന ലോഹങ്ങളെ ഉരുക്കിയെടുക്കുന്ന പണിയാണ് മറ്റുള്ളവർ ചെയ്യുന്നത്!! ഇങ്ങനെ ഉരുക്കി,ഉരച്ചെടുക്കുന്ന ലോഹക്കണ്ണാടിയുടെ പ്രതലം തിളക്കമേറിയതും മിനുസമേറിയതുമാണ്! മുൻപ്രതലത്തിൽ തന്നെ പ്രതിബിംബം ദൃശ്യമാകുന്നു എന്ന സവിശേഷതയും ആറന്മുള കണ്ണാടിക്ക് സ്വന്തം! പ്രതലത്തിൽ വിരലുകൾ തൊട്ടുനോക്കുമ്പോൾ തന്നെ അറിയാൻ കഴിയും സാധാരണ ദർപ്പണവും പവിത്രദർപ്പണവും തമ്മിലുള്ള അന്തരം!
വാൽക്കണ്ണാടിയായും,പീഠരുപത്തിലും,സ്റ്റാന്റുള്ള രീതിയിലും ലഭ്യമാണ് കണ്ണാടികൾ! ആലിലയും,അരയന്നവും പോലെയുള്ള രൂപങ്ങളും ലഭ്യമാണ്!വിലയേറുമെങ്കിലും ഇഷ്ടമുള്ള ഡിസൈനിലും ആറന്മുള കണ്ണാടി നിർമ്മിച്ചു കൊടുക്കാറുണ്ട്! പഴയകാലത്ത് ചെറിയ കുങ്കുമച്ചെപ്പുകളിലായിരുന്നു കണ്ണാടി നിർമ്മിച്ചു തുടങ്ങിയത്!! പള്ളിയോടങ്ങളുടെ ആർപ്പുവിളികൾ ഉയരുന്ന ആറന്മുള ദേശത്തെിന്റെയും കൈരളിയുടെയും പെരുമ കടൽ കടന്നെത്തിച്ചതിൽ ആറന്മുള കണ്ണാടിക്ക് വലിയ പങ്കുണ്ട്! ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഇടം പിടിച്ച ആറന്മുള കണ്ണാടി ഇന്ത്യയിൽ പേറ്റന്റ് ലഭിക്കുന്ന ഏക ഉത്പന്നമാണ്!
കേരളത്തിന്റെ പൈതൃകസ്വത്തായ ഈ കരകൗശല വിദ്യ അന്യം നിന്നു പോകാതിരിക്കാൻ” വിശ്വബ്രാഹ്മണ മെറ്റൽ മിറർ സൊസൈറ്റി “എന്നൊരു സംഘടന പ്രവർത്തിക്കുന്നുണ്ട്!! വിദേശീയരും, സ്വദേശികളും ആരാധകരായുള്ള ആറന്മുളക്കണ്ണാടി വിഷുക്കണിയിലെയും, അഷ്ടമംഗല്യത്തിലെയും ഒഴിച്ചു കൂടാനാവാത്ത ഇനമാണ്! ഈ പവിത്രദർപ്പണം പൂജാമുറിയിൽ സൂക്ഷിക്കുന്നത് ഐശ്വര്യമായി കരുതുന്നു!കണ്ണാടിയുടെ വലുപ്പത്തനനുസരിച്ചാണ് വില നിശ്ചയിക്കുന്നത്! വ്യാജന്മാർ ഈ മേഖലയിലും കടന്നു കയറിയത് കൊണ്ട് നേരിട്ട് ആറന്മുളയിലെത്തി വാങ്ങുന്നതാകും ഉചിതം! കണ്ണാടി നിർമ്മാണരംഗത്ത് സ്ത്രീകളമുണ്ട്! ഏകദേശം 100 കണ്ണാടി വരെ ഒരു മാസം നിർമ്മിച്ചെടുക്കാറുണ്ട്!
കേരളത്തിലെ ഏക ലോഹക്കണ്ണാടി നിർമ്മാണ കേന്ദ്രമായ ആറന്മുള ദേശം അഭീഷ്ട വരദായകനായ പാർത്ഥസാരഥിയുടെ അനുഗ്രഹമേറ്റു വാങ്ങി പമ്പയുടെ പുളിനങ്ങളുമായി ചേർന്ന് അഭിമാനത്തോടെ മലയാളനാട്ടിൽ തലയുയർത്തി നില്ക്കുന്നു!

shortlink

Related Articles

Post Your Comments

Related Articles


Back to top button