ദമാം : സഹാനുഭൂതിയുടെ മഹത്വം ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടിയ നിമിഷങ്ങളാണ് ആ കോടതി മുറിയില്‍ നടന്നത്. സ്വന്തം സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ വധശിക്ഷാ വിധി പ്രതീക്ഷിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയ്ക്കു വേണ്ടി ദിയാധനം നല്‍കിയാണ് സ്വദേശി മാതൃകയായത്. കന്യാകുമാരി സ്വദേശിയായ സാദിഖ് ജമാലിനാണ് കാരുണ്യത്തിന്‌റെ അനുഭവം ലഭിച്ചത്.
സംഭവം ഇങ്ങനെ. ബംഗ്ലാദേശ് സ്വദേശിയായ ജമാല്‍ ഹുസൈന്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണയ്ക്കു ശേഷം ശിക്ഷാവിധിയ്ക്കായി കാത്തിരിക്കുകയായിരുന്നു സാദിഖ്. ദമാം ക്രിമിനല്‍ കോടതിയിലായിരുന്നു കേസിന്‌റെ വിചാരണ. കേസില്‍ വിധി പ്രസ്താവിക്കാനിരിക്കെ കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം സമിതി ചെയര്‍മാന്‍ മുഹമ്മദ് സാഫിയാണ് കോടതി മുന്‍പാകെ ഹാജരായി ദിയാധനം നല്‍കാന്‍ സന്നധത പ്രകടിപ്പിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് മദ്യലഹരിയിലായിരുന്ന സാദിഖ് ജമാലിനെ സ്വന്തം താമസസ്ഥലത്തു വച്ച് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. സുഹൃത്തുക്കളും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുമായിരുന്നു ഇവര്‍.
പൊലീസ് പിടിയിലായതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി ദമാം സെന്‍ട്രല്‍ ജയിലില്‍ തടവു ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം കൂടിയായിരുന്നു സാദിഖിന്‌റെത്. തൂക്കുമരത്തിലേക്ക് നടന്നടുക്കും മുന്‍പാണ് രക്ഷകന്‌റെ രൂപത്തില്‍ സാഫി സാദിഖിന്‌റെ മുന്‍പിലെത്തുന്നത്. ദിയാധനം കെട്ടിവച്ചതിനാല്‍ രണ്ടു വര്‍ഷം തടവ് ശിക്ഷ കൂടി സാദിഖിന് അനുഭവിച്ചാല്‍ മതി. കൊല്ലപ്പെട്ട ആളുടെ കുടംബത്തിന് ദിയാധനം നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
Post Your Comments